എടോ, താൻ ഭാഗ്യവാനാ…!
ആരാ തനിക്ക് അവാർഡ് തരുന്നത് എന്നറിയാവോ?
മറുതലക്കൽ നിന്ന് തരളിതനായ ചേപ്പാട് സോമനാഥന്റെ ഡിക്ലറേഷൻ .
- സാക്ഷാൽ എം.പി. വീരേന്ദ്രകുമാർ !
കൺട്രോൾ റൂമിലെ മോർച്ചറി തണുപ്പിലെ എട്ടു മണിക്കൂറുകളുടെ സങ്കീർണതകൾ കുടഞ്ഞെറിഞ്ഞ് വീട്ടിലെത്തി സോഫയിൽ ആലസ്യത്തോടെ അമർന്നിരുന്ന എനിക്ക് ഒരു ചൂടു സുലൈമാനി കിട്ടിയ സന്തോഷം . മറ്റൊരാളായിരുന്നു ആദ്യം പറഞ്ഞു കേട്ടിരുന്ന അതിഥി.
ആത്മാർഥതയുടെയും നിസ്വാർഥതയുടെയും ആൾരൂപമായിരുന്ന ചേപ്പാട് അങ്ങനെയായിരുന്നു. സന്തോഷം വരുമ്പോൾ , അല്ലെങ്കിൽ നാട്ടിലുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തിൽ നമ്മുടെ ഒരു രചന കാണുമ്പോൾ ഒക്കെ വിളിക്കും. സാഹിത്യവേദിയിൽ അടുത്ത മാസം ആരാകണം രചന അവതരിപ്പിക്കേണ്ടത് എന്നൊക്കെ എല്ലാവരുമായും ചർച്ച ചെയ്യും. ചേപ്പാട് എന്നും എഴുതാൻ ഒരു വലിയ പ്രേരണ യായിരുന്നു. അദ്ദേഹത്തിൻറെ വേർപാട് ഇന്ന് മുംബൈയിലെ സാഹിത്യലോകത്തിന് നന്നായി അനുഭവപ്പെടുന്നുണ്ട്. ഈ ചിത്രത്തിൽ ഇടത്തേ അറ്റം നിൽക്കുന്ന ചേപ്പാടും ഇന്നില്ല.
ഞാനും എം പി വീരേന്ദ്രകുമാർ സാറും എന്നു എഴുതി തുടങ്ങാൻ കഴിയും വിധം ഒരു ബന്ധവും അദ്ദേഹവുമായി എനിക്ക് ഇല്ല. ആകെയുള്ള അടുപ്പം വായനക്കാരന് ഒരു ഒന്നാം നിര എഴുത്തുകാരനോടുള്ള ഇഷ്ടം മാത്രം. എന്നാൽ അതങ്ങനെ നിസ്സാരവത്കരിക്കാനുും വയ്യ. അതൊരു ഒന്നൊന്നര ബന്ധമായിരുന്നു.ഒരുതരം വൺസൈഡഡ് പ്ലാറ്റോണിക്ക് ലൗ. നമുക്കെല്ലാം പല മികച്ച പ്രതിഭളോട് ആദരവുണ്ട്. എന്നാൽ ആരാധന അപൂർവ്വം ചിലരോട് മാത്രം. ഈ ജന്മത്ത് എത്ര അധ്വാനിച്ചാലും നമുക്കവരുടെ ഏഴയലത്തെത്താൻ കഴിയില്ല എന്ന ബോധ്യമാണ് അതിലേക്ക് നയിക്കുന്നത്.
മഹാത്മാ ഗാന്ധി
ശ്രീനാരായണ ഗുരു
പി. ഗോവിന്ദപ്പിള്ള
ദക്ഷിണാമൂർത്തി … അങ്ങനെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ചില മനുഷ്യർ.
ഹൈസ്ക്കൂളിലെത്തും മുമ്പ് ഓച്ചിറ ഓഡിറ്റോറിയത്തിൽ എം.പി.മന്മഥന്റെ ഒരു പ്രസംഗം കേൾക്കാനിടയായി. പ്രസംഗം ഒരു ഗംഭീരകലയാെണെന്ന് അന്ന് തിരിച്ചറിഞ്ഞു. പിന്നെയും പത്തു കൊല്ലം കഴിഞ്ഞാണ് മനസിനെ പ്രക്ഷുബ്ധമാക്കിയ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു പ്രസംഗം കേൾക്കുന്നത്. തിരുവനന്തപുരം വിജെ റ്റി ഹാളിൽ .പ്രസംഗത്തിലൂടെ മനുഷ്യജീവിതത്തിലെ സങ്കീർണ്ണതകളെ നിർദ്ധാരണം ചെയ്യാമെന്നും പ്രസംഗം ഒരു ഹിപ്നോട്ടിസം തന്നെയാണെന്നും അന്ന് ബോധ്യപ്പെട്ടു. പരിസ്ഥിതി വിജ്ഞാനത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടതും അന്ന് തന്നെ.
അതിനുശേഷമാണ് അദ്ദേഹത്തിൻറെ ലേഖനങ്ങളെ ശ്രദ്ധാപൂർവ്വം വായിക്കാനും പുസ്തകങ്ങളെ തേടിപ്പിടിച്ച് സ്വന്തമാക്കാനും ശ്രമിച്ചു വന്നത്. പിന്നീട് അത് പുസ്തകങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളിലേക്കും നീണ്ടു.
ഒരിക്കലെങ്കിലും അദ്ദേഹത്തെ മുംബൈയിലേക്ക് ആനയിക്കാൻ മുൻകൈ എടുക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ വൈറ്റ് ലൈൻ വാർഷികത്തിന് ഞങ്ങൾ എം പി വീരേന്ദ്ര കുമാറിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നു. അനിൽ രാഘവനും വിമൽ കുമാറും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടു. വലിയ പ്രചാരണം നൽകി. ആ പരിപാടി ആങ്കർ ചെയ്യാൻ വലിയ തയ്യാറെടുപ്പുകൾ നടത്തി.ഒരു ചലിക്കുന്ന വിജ്ഞാനകോശത്തോടൊപ്പം വേദി പങ്കിടുക എന്നത് അനല്പമായ സന്തോഷം പകർന്നെങ്കിലും നേരിയ വിറയൽ ഉള്ളിൽഅനുഭവപ്പെട്ടിരുന്നു.
പക്ഷേ, അസുഖത്തെ തുടർന്ന് അദ്ദേഹം തലേദിവസം രാത്രി വരാൻ ഉള്ള പരിപാടി ഉപേക്ഷിച്ച വിവരം അറിയിച്ചു. എന്നാൽ ഒരിക്കലെങ്കിലും ഒപ്പം വേദി പങ്കിടാനുള്ള ഭാഗ്യം ഈ പുരസ്കാരത്തോടൊപ്പം എനിക്ക് ലഭിച്ചു.
അന്ന് പരിപാടിക്ക് അല്പം മുമ്പ് ചേപ്പാട് അല്പം മസാല പുരട്ടി എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.
കഥ വായിച്ചു. അതിന്റെ ടൈറ്റിൽ
ഇത്രയും പറഞ്ഞപ്പോഴേക്കും ആരോ ഒരാൾ ഒരു ഫോൺ അദ്ദേഹത്തിന് കൈമാറി. ആ വാചകം ഇപ്പോഴും എൻറെ ഉള്ളിൽ അർധോക്തിയിൽ നിൽക്കുന്നു.
പുരസ്കാരം അദ്ദേഹത്തിൽ നിന്ന് സ്വീകരിക്കുമ്പോൾ ഫലകം പെട്ടെന്ന് വിട്ടു തരാതെ ഇത്രയും പറഞ്ഞു.
ഇതിലും മെച്ചപ്പെട്ട കഥ എഴുതിയാൽ എനിക്ക് നേരിട്ട് അയക്കൂ. പിന്നീടെഴുതിയ രചനകളെ കുറിച്ച് അങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയാത്തതു കൊണ്ട് ഒരിക്കലും അദ്ദേഹത്തിന് കഥ അയച്ചില്ല. എന്നെങ്കിലും … എന്നൊരു മോഹമുണ്ടായിരുന്നു. ഇനി അതും വേണ്ടല്ലോ. ഇപ്പോഴും നാല്പതു മിനിട്ടിലധികം നീണ്ടു നിന്ന ആ വാഗ് ധോരണിയുടെ ഇടിമുഴക്കം ഉള്ളിൽ മുഴങ്ങുന്നുണ്ട്. എം പി വീരേന്ദ്രകുമാർ ഒരാൾ ആയിരുന്നില്ല, ഒരുപാട് പ്രതിഭകളുടെ ആകെ തുകയായിരുന്നു.
ശ്രദ്ധാഞ്ജലി
- സുരേഷ് വർമ
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
Subscribe & enable bell icon for regular update