മുംബൈയിൽ റെയിൽവേ ജീവനക്കാരന്റെ മരണം അനാസ്ഥ മൂലം

0

കല്യാൺ റെയിൽ‌വേ ആശുപത്രിയുടെ അവഗണനയും അനാസ്ഥയും മൂലം  ജീവനക്കാരന്റെ ജീവൻ നഷ്ടമായത്  കല്യാൺ, അംബർനാഥ്, ഉല്ലാസ് നഗർ, ഡോംബിവ്‌ലി, ബദ്‌ലാപൂർ പരിസരത്തും താമസിക്കുന്ന പതിനായിരത്തോളം റെയിൽ‌വേ ഉദ്യോഗസ്ഥരെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു.

അത്യാഹിത വിഭാഗങ്ങളുടെ അഭാവമാണ് കല്യാൺ റെയിൽവേ ആശുപത്രി നേരിടുന്ന മുഖ്യ പ്രതിസന്ധിയത്രെ! മനുഷ്യ ജീവന് പുല്ലുവില പോലും കല്പിക്കാത്ത  രീതിയിലാണ് ചികത്സയിലുണ്ടായിരുന്ന രോഗിയെ അസുഖം മൂർച്ഛിച്ചതിന്റെ ഭാഗമായി ബൈക്കുള ആശുപത്രിയിലേക്ക് ആംബുലൻസിൽ അയക്കുവാൻ തീരുമാനിച്ചത്. എന്നാൽ അവിടെ കിടക്ക ഒഴിവില്ലാത്ത  കാരണത്താൽ രണ്ടു ദിവസത്തോളം അയക്കാൻ കഴിഞ്ഞില്ല.

ശ്വാസ തടസ്സം അനുഭവിച്ചിരുന്ന രോഗിയെ കൊണ്ട് പോകുന്ന ആംബുലൻസിലെ  ഓക്സിജൻ സിലിണ്ടർ പാതി വഴിയിൽ നിന്ന് പോയതോടെ യാത്രക്കിടയിൽ തന്നെ  മരണം സംഭവിക്കുകയും ചെയ്തു..  

കല്യാൺ റെയിൽ‌വേ ആശുപത്രിയിലെ ചില ഡോക്ടർമാരുടെ അനാസ്ഥയും റയിൽവെ മെഡിക്കൽ അധികൃതരുടെ അലംഭാവവുമാണ് ഇത്തരം അനിഷ്ട സംഭവങ്ങൾക്ക് കാരണമായി   റെയിൽവേ സമാചാർ പത്രം പോലും ചൂണ്ടിക്കാട്ടുന്നത്.

 ക്രൂ-കൺട്രോളറുടെ അകാല മരണത്തിൽ  റെയിൽ‌വേ ജീവനക്കാർക്കിടയിലും  വ്യാപകമായ പ്രതിഷേധം  നിലനിൽക്കുന്നു. റെയിൽവേ ജീവനക്കാർക്കിടയിൽ വർദ്ധിച്ചു വരുന്ന കോവിഡ് രോഗബാധയെ കുറിച്ച് കഴിഞ്ഞ ദിവസം കൈരളി ന്യൂസിൽ റിപ്പോർട്ട് ചെയ്തതിന് പുറകെയാണ് റെയിൽവേ ആശുപത്രികളിൽ നേരിടേണ്ടി വരുന്ന അവഗണനയും വാർത്തകളാകുന്നത്.

അംഗീകൃത മേഖലാ റെയിൽ സംഘടനകളായ എൻ‌ആർ‌എം‌യു, സി‌ആർ‌എം‌എസ്, സെൻ‌ട്രൽ റെയിൽ‌വേ എസ്‌സി-എസ്ടി റെയിൽ‌വേ എം‌പ്ലോയീസ് ഓർ‌ഗനൈസേഷൻ, സെൻ‌ട്രൽറെയിൽ‌വേ ഒ‌ബി‌സി റെയിൽ‌വേ എം‌പ്ലോയീസ് ഓർ‌ഗനൈസേഷൻ തുടങ്ങിയ ജീവനക്കാരുടെ സംഘടനകൾ  ആരോഗ്യ വിഭാഗത്തിന്റെ മാപ്പർഹിക്കാത്ത  അവഗണനയെക്കുറിച്ച് റെയിൽ‌വേ അഡ്മിനിസ്ട്രേഷന് പരാതി നൽകിയിരിക്കയാണ്.  കല്യാൺ റെയിൽ‌വേ ആശുപത്രിയുടെ മെഡിക്കൽ സ്റ്റോറിൽ പ്രധാനപ്പെട്ട പല മരുന്നുകളുടെയും അഭാവമുണ്ടെന്ന പരാതിയും നില നിൽക്കുന്നുണ്ട്.  

കോവിഡ് നഗരത്തിൽ പൊട്ടിപുറപ്പെട്ടതിന് ശേഷം  ഏതാനും മാസങ്ങളായി മറ്റെല്ലാ ചികിത്സകളും പ്രവർത്തനങ്ങളും  ആശുപത്രിയിൽ നിർത്തിവച്ചിരിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു. അത് കൊണ്ട് തന്നെ ഇതര രോഗങ്ങൾക്ക് ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയിലാണ് ജീവനക്കാരും.  നിവൃത്തിയില്ലാതെ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചാണ് അടിയന്തിര ചികിത്സകൾ തേടുന്നത്. ശസ്ത്രക്രിയകൾ പോലും ജീവനക്കാർ സ്വന്തം ചിലവിൽ നടത്തേണ്ട ഗതികേടിലാണെന്നാണ് യൂണിയൻ പ്രതിനിധികളും പറയുന്നത്.

Subscribe & enable bell icon for regular update

ReplyReply allForward

LEAVE A REPLY

Please enter your comment!
Please enter your name here