ഹൈപ്പർ ടെൻഷന് കാരണം നഗരകവിതകൾ !! സമുദ്രശാസ്ത്രജ്ഞന്‍ കെ ആർ നാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !!

0

പ്രസിദ്ധ സമുദ്രശാസ്ത്രജ്ഞന്‍ കെ ആർ നാരായണൻ തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കു വച്ച നർമ്മത്തിൽ പൊതിഞ്ഞ പോസ്റ്റാണ് വൈറൽ ആയിരിക്കുന്നത്.

നഗരത്തിന്റെ തെക്കേ മുനമ്പിൽ ആഡ്യൻമാർ സുഖിച്ചു താമസിക്കുന്ന “മലബാർ ഹിൽ” എന്ന മനോഹരമായ സ്ഥലത്തേക്ക് കുടിയേറിപ്പാർത്തു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട രക്ത സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞത് കെ ആർ നാരായണൻ തന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

തുടർന്ന് കുടുംബ വൈദ്യന്റെ നിർദ്ദേശ പ്രകാരമാണ് ശരീരത്തിലെ എല്ലാ രാസപദാർത്ഥങ്ങളെയും അളന്നു കുറിക്കുന്ന ടെസ്റ്റുകളെല്ലാം നടത്തുന്നത്. രക്തം, വിസർജ്ജ്യവസ്തുക്കൾ, ഹൃദയം, വൃക്കകൾ, ശ്വാസോഛ്വാസ പ്രക്രിയകൾ, രക്ത ചംക്രമണം, ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉള്ള ശാരീരിക പ്രവർത്തനങ്ങൾ…. ഇങ്ങിനെ ഉള്ള എല്ലാ സംഗതികളെയും സൂചിപ്പിക്കുന്ന എന്തൊക്കെയോ ടെസ്റ്റുകൾ!.

റിപോർട്ടുകൾ കാണിച്ചപ്പോൾ കുന്നിൻ പുറത്തെ ഫാമിലി ഡോക്റ്റർ ആയ മിഹീർ സേൻ എന്ന മോഷായി അഭൂതപൂർവ്വമായി കണ്ടു വരുന്ന രോഗലക്ഷണം വെളിപ്പെടുത്തി. സിസ്റ്റൊലിക്ക് പ്രെഷർ കൂടുന്നതിന്റെ കാരണമായി നഗര കവിതകളുടെ അമിതമായ വായനയാണെന്നാണ് ഡോക്ടർ കണ്ടു പിടിച്ചത്. രസകരവും ലളിതവുമായ തന്റെ തനത് ശൈലിയിലൂടെയാണ് കെ ആർ നാരായണൻ എഫ് ബി പോസ്റ്റിൽ തന്റെ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. ബീ. പി. കൂടാതിരിക്കണമെങ്കിൽ ഇനി മേലിൽ നഗരത്തിൽ ഉണ്ടാക്കുന്ന ആ സാധനം തൊട്ടു പോകരുതെന്നും ഡോക്ടർ താക്കീത് നൽകിയെന്നും ഇപ്പോൾ ബി പി നോർമൽ ആയെന്നും തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഈ കുടയൂർക്കാരൻ വിവരിക്കുന്നു.

സംഗതി പുളുവാണെങ്കിലും പൊളപ്പനാണെന്നാണ് സുഹൃത്തായ മാൻഫ്രെഡ് പ്രമോദ് കമന്റ് ചെയ്തിരിക്കുന്നത്. കവിത വായന തന്നെ നിർത്തിയെന്ന് മറ്റൊരു ഫേസ്ബുക്ക് ചങ്ങാതി കേരളദാസനുണ്ണിയും പ്രതികരിച്ചു.

കടലുമായി ബന്ധപ്പെട്ട ജീവിതങ്ങളും അനുഭവങ്ങളും ലോകത്തിന് പങ്കു വച്ച് കൊണ്ടുള്ള കടൽ ജന്തുക്കളെ കുറിച്ചുള്ള അരനൂറ്റാണ്ടു കാലത്തെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന രചനകൾക്ക് വലിയ സ്വീകാര്യതയാണ് വായനാലോകം നൽകിയത്. മുംബൈയിൽ വർളിയിൽ വിശ്രമ ജീവിതം നയിക്കുന്ന കെ ആർ നാരായണൻ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. https://www.facebook.com/kurumbail.narayanan/posts/10156250749047614

ഹൈപ്പർ ടെൻഷൻ
================

നഗരത്തിന്റെ തെക്കേ മുനമ്പിൽ ആഡ്യൻമാർ സുഖിച്ചു താമസിക്കുന്ന “മലബാർ ഹിൽ” എന്ന മനോഹരമായ സ്ഥലത്തിലേക്കു കുടിയേറിപ്പാർത്തു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ആണ്, പൊതുവേ സൽസ്വഭാവിയായിരുന്ന എന്റെ രക്ത സമ്മർദ്ദത്തിനു വ്യതിയാനം ഉണ്ടാകുന്നത്. കുന്നിൻ പുറത്തെ ഫാമിലി ഡോക്റ്റർ ആയ മിഹീർ സേൻ എന്ന മോഷായി ആണ് അത് ആദ്യമായി കണ്ടു പിടിച്ചത്.

“യുവർ ബീ.പീ. ഈസ് ഹൈ, സർ”, എന്ന് മിഹീർ പറഞ്ഞപ്പോൾ, ചോദിച്ചു: “സിസ്ടോളിക്ക് ഓർ ഡയസ്ടോളിക്ക്?”

“സിസ്റ്റൊളിക്ക്” എന്നാൻ മോഷായി.

അപ്പൊ ഡയസ്ടോളിക്കോ?.

“നല്ല കുട്ടി . വളരെ നോർമൽ. കിറു കൃത്യം എൺപതു മില്ലിമീറ്റർ എച്. ജീ.”

“താങ്കൾ ഡയബെട്ടിക്കും കൂടി ആയതു കൊണ്ട്, ഒരു കമ്പ്ലീട്ട് ചെക്കപ്പ് ചെയ്യുന്നത് ആണ് നല്ലത്.” എന്ന് കുടുംബ വൈദ്യന്‍ പറഞ്ഞസ്ഥിതിക്ക് ശരീരത്തിലെ എല്ലാ രാസപദാർത്ഥങ്ങളെയും അളന്നു കുറിക്കുന്ന എല്ലാ ടെസ്റ്റുകളും നടന്നു – രക്തം, വിസർജ്ജ്യവസ്തുക്കൾ, ഹൃദയം, വൃക്കകൾ, ശ്വാസോഛ്വാസ പ്രക്രിയകൾ, രക്ത ചംക്രമണം, ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും ഉള്ള ശാരീരിക പ്രവർത്തനങ്ങൾ…. ഇങ്ങിനെ ഉള്ള എല്ലാ സംഗതികളെയും സൂചിപ്പിക്കുന്ന എന്തൊക്കെയോ ടെസ്റ്റുകൾ!.

റിപ്പോർട്ടുകൾ തിരിച്ചും മറിച്ചും പഠിച്ച ശേഷം മിഹിർ അഭിപ്രായപ്പെട്ടു: “താങ്കളുടെ ഡയബെറ്റിസ് അല്ലാതെ വേറെ ഒരു കുഴപ്പവും കാണുന്നില്ല. എന്തായാലും, നഗരത്തിലെ സുപ്രസിദ്ധമായ വലിയൊരു ആശുപത്രിയിലെ കൊലകൊമ്പൻ ആയ ഉഗ്ര ഭിഷഗ്വരനെയും ഒന്ന് കാണിക്കുന്നത് വളരെ നന്നായിരിക്കും എന്ന് തോന്നുന്നു” .

മിഹിർ തന്നെ മിനിറ്റിനു ആയിരം രൂപ വരെ ചാർജ്ജു ചെയ്യുന്ന ഡോ.അശ്വിനി കുമാറിനോട് സംസാരിച്ചു അപ്പോയിന്റുമെന്റും വാങ്ങി തന്നു.

ഉറപ്പിച്ച ദിവസം കൃത്യ സമയത്ത് തന്നെ ഉഗ്രഭിഷക്കിന്റെ മുറിയിൽ ഹാജരായി. വൈദ്യശാസ്ത്രത്തിലെ എന്തല്ലാമോ വിഭാഗങ്ങളിൽ ഉന്നത ബിരുദങ്ങളും, സ്വർണ്ണം, വെള്ളി തുടങ്ങിയ മെഡലുകളും വാരിക്കൂട്ടിയിട്ടുള്ള, വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ആളായ, അദ്ദേഹം റിപ്പോർട്ടുകൾ എല്ലാം ശ്രദ്ധിച്ചു പഠിച്ചു; എന്നെ മേശപ്പുറത്തു തിരിച്ചും മറിച്ചും കിടത്തി, പലതരം ഉപകരണങ്ങൾ കൊണ്ട് പരിശോധിച്ചു.

“ഒരു പ്രോബ്ലവും ഉള്ളതായിട്ട് തോന്നുന്നില്ലല്ലോ. പിന്നെ സിസ്റ്റൊളിക്ക് ബി. പി എന്തെ ഇങ്ങനെ ഫ്ലക്ക്ച്ചുവേറ്റ് ചെയ്യാൻ?” എന്നൊരു ചോദ്യം സ്വയം ചോദിച്ചു; “എന്തായാലും, ഈ ആശുപത്രിയുടെ അണുശക്തി വിഭാഗം നടത്തുന്ന ഒരു “തേലിയം” ടെസ്റ്റ് കൂടി എടുത്തു നോക്കാം”, എന്ന് പറഞ്ഞു ആ വകുപ്പിന്റെ അദ്ധ്യക്ഷന് ഒരു കുറിപ്പും തന്നു .

അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ചെന്ന് ഉച്ചക്ക് രണ്ടുമണി വരെ അണുശക്തി പ്രസാരമുള്ള “തേലിയം’ കുത്തി വച്ചു, വിശ്രമിക്കുമ്പോഴും, സൈക്കിൾ ചവുട്ടൽ, ത്രെഡ് മില്ലിൽ നടത്തം, തുടങ്ങിയ പലതരം കസർത്തുകൾ ചെയ്യുമ്പോഴും അപ്പോൾ തന്നെയുള്ള സ്കാന്നിങ്ങും മറ്റു പല ടെസ്റ്റുകളും നടന്നു. അടുത്ത ദിവസം വൈകീട്ട് അജീത് കുമാറിനെ കണ്ടപ്പോൾ, ടെസ്റ്റിന്റെ റിപ്പോർട്ടുകൾ എല്ലാം നോർമൽ ആണെന്ന് പറഞ്ഞു.

അപ്പോഴാണ്‌ എന്റെ ജീവിത രീതികളെയും ദിനചര്യകളേയും, മറ്റും കുറിച്ച് വിശദമായി അദ്ദേഹം അന്വേഷിച്ചത്. റിട്ടയർ ചെയ്ത ശേഷം, വല്ല ആക്റ്റിവിറ്റിയോ, ഹോബിയോ മറ്റോ വേണം എന്നും പറഞ്ഞു. എഴുത്തും,വായനയും ആണ് മുഖ്യ ആക്ടിവിറ്റിയും ഹോബ്ബിയും എന്ന് പറഞ്ഞപ്പോൾ, കുറച്ചു ചിന്തിച്ചു; എന്നിട്ട് ചോദിച്ചു : “ആംഗ്ലേയമോ, ദേശികമോ, അതോ പ്രാദേശികമോ?”.

“ആദ്യത്തേതും, മൂന്നാമത്തേതും” എന്നു ഞാൻ പറഞ്ഞപ്പോൾ വീണ്ടും അന്വേഷിച്ച: “പ്രാദേശികത്തിൽ ഈ നഗരം സൃഷ്ട്ടിക്കുന്ന കവിതകൾ വായിക്കാറുണ്ടോ?

“ഒരുപാട്” എന്നു മറുപടി കൊടുത്തപ്പോൾ, ഉന്നത നിലവാരം പുലർത്തിയിരുന്ന ഗൌരവക്കാരനായ ഭിഷഗ്വര രത്നം ഉറക്കെ പൊട്ടി ചിരിച്ചു. കർചീഫ് കൊണ്ട് മുഖവും കണ്ണും തുടച്ചു കൊണ്ടുപറഞ്ഞു:

“അപ്പൊ കുറ്റമല്ല സിസ്റ്റൊലിക്ക് പ്രെഷർ കൂടുന്നത്! ബീ. പി. കൂടാതിരിക്കണമെങ്കിൽ ഇനി മേലിൽ നഗരത്തിൽ ഉണ്ടാക്കുന്ന ആ സാധനം തൊട്ടു പോകരുത്, സാർ…….” എന്നൊരു മുന്നറിയിപ്പും.

അതിൽ, പിന്നെ നഗരത്തിലെ പ്രാദേശിക കവിത തൊട്ടു നോക്കിയിട്ടില്ല…. ബീ.പ്പി.യും ഇപ്പോൾ നോർമൽ !!

LEAVE A REPLY

Please enter your comment!
Please enter your name here