ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ – മനുഷ്യസ്നേഹിയും രാജ്യസ്നേഹിയും; ഓർമ്മകൾ പങ്കു വച്ച് മുംബൈ

0

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ അകാല വിയോഗം ഇനിയും വിശ്വാസനിക്കാനാകാതെയാണ് മുംബൈയിലെ ബന്ധുക്കളും സുഹൃത്തുക്കളും.

കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം തകർന്നതിനെ തുടർന്ന് 17 പേരോടൊപ്പം മരണമടഞ്ഞ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥെ ശനിയാഴ്ച തന്റെ അമ്മയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ നാഗ്പൂരിലേക്ക് പോകുവാൻ പദ്ധതിയിട്ടിരുന്നതായി മുംബൈയിലെ ബന്ധു പറഞ്ഞു. എന്നിരുന്നാലും, അമ്മയുടെ 84-ാം ജന്മദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ, 58 കാരനായ ക്യാപ്റ്റൻ ദീപക് വിമാനാപകടത്തിൽ മരണപ്പെടുകയായിരുന്നു.

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ അമ്മയുടെ ജന്മദിനമാണ് ഇന്ന്. മാർച്ചിൽ അവസാനമായി മാതാപിതാക്കളെ കണ്ട അദ്ദേഹം അന്നു മുതൽ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അവർ അവസാനമായി സംസാരിച്ചത്. ദീപകിന്റെ അനന്തരവൻ ഡോ. യശോദൻ പറയുന്നു.

ക്യാപ്റ്റൻ ദീപക് സാഥെ ഭാര്യ സുഷമയോടൊപ്പമാണ് മുംബൈയിൽ ചാന്തിവിലിയിലാണ് താമസിക്കുന്നത്.

ഒരു മനുഷ്യ സ്നേഹിയെയും രാജ്യ സ്നേഹിയെയുമാണ് നഷ്ടമായതെന്ന് കുടുംബ സുഹൃത്തായ പ്രിയ വർഗീസ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷിയാണ് ദീപക് എന്നും സാമൂഹിക പ്രവർത്തകയായ പ്രിയ കൂട്ടിച്ചേർത്തു.

മുംബൈയിൽ ദീപക് താമസിച്ചിരുന്ന ചാന്ദിവിലയിലെ അമൃത് ശക്തി കോംപ്ലക്സിലാണ് പ്രിയ വർഗീസും കുടുംബവും താമസിക്കുന്നത്. ഇന്നലെ രാത്രി ദുഃഖ വാർത്ത അറിഞ്ഞയുടൻ ദീപകിന്റെ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയതും കുടുംബ സുഹൃത്തായ പ്രിയയായിരുന്നു. പിന്നീട് വിശ്വസിക്കാനാവാത്ത വാർത്തയുടെ സ്ഥിരീകരണത്തിനായി കേരളത്തിലേക്ക് വിളിച്ചു സത്യാവസ്ഥ തേടിയപ്പോഴും കേൾക്കുന്നതൊക്കെ സത്യമാകരുതേയെന്നാണ് ഞങ്ങളൊക്കെ മനം നൊന്തു പ്രാർത്ഥിച്ചിരുന്നതെന്നും പ്രിയ പറഞ്ഞു.

പ്രദേശത്തെ സാംസ്‌കാരിക പരിപാടികളിലും മലയാളി സമാജങ്ങളുടെ ഓണാഘോഷ പരിപാടികളിലുമെല്ലാം കുടുംബ സമേതം പങ്കെടുത്തിരുന്ന ദീപക് സാഥെയുടെ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മയിൽ മാത്രമെന്ന ദുഖവും മലയാളിയായ പ്രിയ വർഗീസ് പങ്കു വച്ചു.

നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ദീപക് സാഥെ എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here