പൈലറ്റിന്റെ മനസ്സ്

അപകടം അനിവാര്യമാകുന്ന ഘട്ടത്തിൽ കൃത്യമായി അവലോകനം ചെയ്തു തീരുമാനം എടുക്കേണ്ടി വരുന്ന അവസ്ഥ . എങ്ങനെ അപകടത്തിന് തീവ്രത കുറയ്ക്കാൻ കഴിയും എന്ന ഒറ്റ ചിന്ത മാത്രം ആയിരിക്കും. .. സാഹിത്യകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ എഴുതുന്നു.

0

ഒരു കൗമാരകാല സുഹൃത്തിനെ എട്ടുപത്തു കൊല്ലം മുമ്പ് മുംബൈ എയർപോർട്ടിൽ വച്ച് കാണുന്നു. പണ്ട് കണ്ടതിനേക്കാൾ പതിന്മടങ്ങു സുന്ദരനായിരിക്കുന്നു അവൻ . പഴയ പഴുതാര മീശയില്ല. എണ്ണ ഒലിക്കുന്ന ചുരുൾ മുടിയില്ല. ക്ലീൻ ഷേവ്. വെളുത്ത് ചുവന്ന് തുടുത്ത് … തോൾ പട്ടയും ലോഹ മുദ്രയുള്ള സ്പോട്ട് ലെസ് തൂവെള്ള വസ്ത്രങ്ങൾ .

അവൻ പറഞ്ഞു.
നിനക്കറിയോ 96 മുതൽ എനിക്ക് കിട്ടിയിട്ടുള്ള പ്രണയ ലേഖനങ്ങൾ …പ്രേമ സന്ദേശങ്ങൾ ….ഫോണിലൂടെയുള്ള പ്രണയാഭ്യർത്ഥനകൾ. ഈ പൈലറ്റുമാരോടൊക്കെ പെൺകുട്ടികൾക്ക് ഒരു വല്ലാത്ത ഹീറോ വർഷിപ്പ് ആണ് .അതൊന്നും ഒരു തമാശയ്ക്ക് അപ്പുറം ഞാൻ പ്രോത്സാഹിപ്പിച്ചില്ല. അഥവാ അതിനൊന്നും പറ്റിയ മാനസികാവസ്ഥ അല്ല ഞങ്ങളുടേത്..

ജോലിയിൽ പ്രവേശിച്ചാൽ മറ്റൊരു മൈൻഡ് സെറ്റ് ആണ്. വലിയ സൂക്ഷ്മത ആവശ്യമുള്ള തൊഴിൽ . മടങ്ങി വന്നാൽ വന്നു എന്ന് പറയാവുന്ന സാഹസികമായ ജോലി.ഒരു സന്നിഗ്‌ദ്‌ധ നിമിഷത്തിലെ തീരുമാനം ശരിയാകുന്നതും തെറ്റ് ആകുന്നതും ആശ്രയിച്ചിരിക്കുന്നു നൂറുകണക്കിന് യാത്രികരുടെയും എന്റെയും വിധി.

സ്വന്തം വിധിയെ കുറിച്ചുള്ള കൃത്യമായ ധാരണയോടെ തന്നെയാകണം ക്യാപ്റ്റൻ സാഥെ ഈ വിധം ലാൻഡ് ചെയ്തത്.

ഇന്നലെ (7, ആഗസ്റ്റ്‌ ) രാത്രി 740 ന് ക്യാപ്ററൻ ദീപക് സാഥേ അനുഭവിച്ച മാനസിക സംഘർഷവും സമചിത്തയോടെ പെട്ടെന്ന് എടുത്ത തീരുമാനവും ഒന്ന് ആലോചിച്ചു നോക്കൂ. അപകടം അനിവാര്യമാകുന്ന ഘട്ടത്തിൽ ഒരു നിമിഷത്തിനുള്ളിൽ സാഹചര്യം കൃത്യമായി അവലോകനം ചെയ്തു തീരുമാനം എടുക്കേണ്ടി വരുന്ന അവസ്ഥ . അപ്പോൾ അയാളുടെ മനസ്സിൽ എങ്ങനെ അപകടത്തിന് തീവ്രത കുറയ്ക്കാൻ കഴിയുും എന്ന ഒറ്റ ചിന്ത മാത്രം ആയിരിക്കും. യാത്രികർ നന്നായി ഉറങ്ങുമ്പോഴും ബസ് ഡ്രൈവറും പൈലറ്റും ഒക്കെ ഇത്തരം എത്ര തീരുമാനങ്ങൾ കൈക്കൊള്ളുന്നുണ്ടാകാം.

ഇവിടെ ഒരു തരം ഡ്യൂട്ടി കോൺഷ്യസ്നസ് ആണ് അവരെ ഭരിക്കുക. നല്ല പരിശീലനവും നീണ്ട പ്രവൃത്തി പരിചയവുമുള്ളവർക്കേ അത്തരം സന്ദർഭങ്ങളിൽ അപകടത്തിന്റെ ആഴം കുറയ്ക്കുന്നതീരുമാനം എടുക്കാൻ കഴിയൂ. ഇവിടെ ക്യാപ്റ്റൻ സേഥി ക്കും അദ്ദേഹത്തിൻറെ അസിസ്റ്റൻറ് പൈലറ്റിനും അത് സാധ്യമായി എന്ന് വേണം കരുതാൻ വാഹനം നിയന്ത്രിക്കുന്ന ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത് തൻറെ യാത്രികർ കൃത്യസമയത്ത് സുരക്ഷിതരായി എത്തിച്ചേരണമെന്ന് തന്നെയാണ്.

പത്തിരുപത് കൊല്ലം മുമ്പ് ഒരു സ്പെഷ്യൽ ട്രെയിനിൽ സി എസ് ടി യിൽ നിന്നും രത്നഗിരി യിലേക്ക് യാത്ര ചെയ്യാൻ ഇടയായി.എട്ടു ബോഗികളിൽ ആയി എച്ച് ഓ ഡി കൾ അടക്കം റെയിൽവേ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിപ്പ്ലൂൺ എത്തിയപ്പോൾ എൻറെ ഓഫീസർ പറഞ്ഞു ലോക്കോ ഇൻസ്പെക്ഷൻ ഉണ്ട് .നീ കൂടി വരിക ഞങ്ങൾ എൻജിനിലേക്ക് കടന്നുചെന്നു. വണ്ടി വളഞ്ഞും പുളഞ്ഞും ഗുഹകളിലൂടെയൊക്കെ ചീറിപ്പായുകയാണ് സിംഗിൾലൈൻ ആണ് .വലിയൊരു ചുരം കടന്ന് ട്രയിൻ ഇറക്കം ഇറങ്ങുകയാണ്. പൊടുന്നനെ .ആ കാഴ്ചയിൽ ഞങ്ങളെല്ലാം ഫ്രീ സായി . തെല്ല് അകലെ ട്രാക്ക്മൂടിക്കൊണ്ട് ഒരു വലിയ മൺ കൂമ്പാരം .എച്ച് ഓ ഡി ഗർജ്ജിച്ചു .

സ്റ്റോപ്പ് ദി ട്രെയിൻ !
ഡ്രൈവർ ശ്രദ്ധിച്ചതേയില്ല.
ഓഫീസർ വീണ്ടും
ആക്രോശിച്ചു.
ഗാഡി റോക്കോ !
ഇക്കുറി ഡ്രൈവർ ഉച്ചത്തിൽതന്നപ്രതികരിച്ചു –
ഷട്ടപ്പ് യൂ…

അയാൾ ഇറക്കം കഴിഞ്ഞ് എമർജൻസി ബ്രേക്കിട്ടു. വണ്ടി ഒരു കുലുക്കത്തോടെ നിന്നു . മുൻപിലത്തെ 4 ചക്രങ്ങൾ മണ്ണിൽ പുതഞ്ഞിരുന്നു.

അയാൾ ഭവ്യതയോടെ പറഞ്ഞു സർ , ക്ഷമിക്കണം.കുത്തനെയുള്ള ഇറക്കത്തിൽ ഞാൻ ബ്രേക്ക് ഇട്ടിയിരുന്നുവെങ്കിൽ ഒരുപക്ഷേ വണ്ടി പാളം തെറ്റുകയും കൊക്കയിലേക്ക് 8 ബോഗികളും വീണു പോവുകയും ചെയ്യുമായിരുന്നു.ചിലപ്പോൾ
ഒരാൾപോലും രക്ഷപ്പെടുകയില്ലായിരുന്നു.

ആ മൺകൂനയിൽ വലിയ കരിങ്കല്ലുകൾ ഉണ്ടായിരുന്നെങ്കിൽ ? ഓഫീസർ ആരാഞ്ഞു.

അതും ഞാൻ ഓർക്കാതിരുന്നില്ല സർ . അങ്ങനെ ഒരു അവസ്ഥയിൽ നമ്മൾ നാലു പേർ മാത്രമേ അപകടത്തിൽ പെടുമായിരുന്നുള്ളൂ ഒരുപക്ഷേ മറ്റ് യാത്രികരെല്ലാം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം എന്നു തോന്നി.ഡ്രൈവർ പറഞ്ഞു. പിന്നീട് ഇതേ ഓഫീസർ തന്നെ അയാൾക്ക് സുരക്ഷാ പുരസ്കാരം നൽകുന്നതും കാണാൻ ഭാഗ്യം ലഭിച്ചു. ഒരു നിമിഷാർദ്ധം കൊണ്ട് എടുക്കുന്ന ഇത്തരം തീരുമാനങ്ങെളെ കാൽക്കുലേറ്റ്ഡ് റിസ്ക് എന്നേ പറയാൻ കഴിയൂ.

മറ്റൊരു നേർകാഴ്ച കൂടി .

മുംബൈയിൽനിന്നും അല്പം പഴക്കമുള്ള ഒരു അംബാസഡർ കാർ വാങ്ങി നാട്ടിലേയ്ക്ക് അയയ്ക്കുന്നു. 93 ലാണ്. എന്റെ സഹോദരീ ഭർത്താവ് – ഒന്നാം തരമായി ഡ്രൈവിംഗ് ഭക്ഷണം ഉള്ള ആൾ ആള് നാട്ടിലേക്ക് കൊണ്ടു പോകാൻ തയ്യാറായി എന്നാൽ പൂന വഴിയുള്ള യാത്രയുടെ സങ്കീർണ്ണതകൾ അറിയാവുന്നതുകൊണ്ട് അത് ഞാൻ കർശനമായി തടഞ്ഞു. ഞാൻ മറ്റൊരു ചെറുപ്പക്കാരനായ ഡ്രൈവറെ ആശ്രയിച്ചു. മറാട്ടി പയ്യനാണ്. ഊണ് കഴിഞ്ഞ് ഷിൻഡെവാടി എന്ന സ്ഥലത്ത് വെച്ച് ഒരു ലോറി ഈ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എഞ്ചിനും മുൻഭാഗവും പൂർണ്ണമായി തകർന്നു.

പുലർച്ചെ മൂന്നു മണിയോടെ സ്ഥലത്തെത്തുമ്പോൾ ചേട്ടൻ സുരക്ഷിതനാണ്. 24 കാരനായ പയ്യൻ ഗുരുതരമായ പരിക്കുകളോടെ പൂനയിെലെ സാസൂൺ ആശുപത്രിയിൽ . അവിടെ ഒരു സംഘം പോലീസ് പോലീസ് ഓഫീസർമാരും മറ്റും ഉണ്ടായിരുന്നു. അതിൽ രണ്ടു നക്ഷത്രമുള്ള ഒരാെളെ എന്നെ മാറ്റി നിർത്തി പറഞ്ഞു താങ്കളുടെ പേരിൽ മൂന്ന് കേസുകൾ ഉണ്ട് താങ്കൾ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് വണ്ടിയോടിക്കാൻ ഏർപ്പാടാക്കിയത് നഷ്ടപരിഹാരമായി 50,000 രൂപ കൊടുക്കണം (എങ്ങനെയൊക്കെയോ 35000 ൽ ഒതുക്കി.

ALSO READ |ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ – മനുഷ്യസ്നേഹിയും രാജ്യസ്നേഹിയും; ഓർമ്മകൾ പങ്കു വച്ച് മുംബൈ

ഇതിനിടെ പ്രായം പോലും മനസ്സിലാക്കാൻ പറ്റാത്ത വിധം മേലാസകലം ചോരയൊലിപ്പിച്ച് ഗുരുതരമായ പരിക്കുകളോടെ ഒരാളെ അടുത്ത കട്ടിലിൽ കിടത്തുന്നു. തല മുതൽ കാൽ വരെ ധാരാളം ഒടിവുകളും ചതവുകളും മുറിവുകളും ഉണ്ട് .ബോധം നഷ്ടപ്പെട്ട മട്ടാണ്. ആൾ ഏതോ റോഡ് അപകടത്തിൽ പെട്ട ഒരു ടാക്സി ഡ്രൈവറാണ് . രണ്ടു പോലീസുകാർ അയാളുടെ ശിരസ്സിന്റെ അരികിലിരുന്ന് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു .

ബോധം അല്പം തെളിഞ്ഞപ്പോൾ ഞരങ്ങിക്കൊണ്ട് ഉണ്ട് അയാൾ പറഞ്ഞു ദോൺ ചാർ ശൂന്യ് സാത്ത് …
രണ്ട് നാല് പൂജ്യം ഏഴ് .

പോലീസുകാർ മുഖത്തോടുമുഖം നോക്കി.
അയാളോട് ചോദിച്ചു എന്താണിത് ? നിങ്ങളെ ഇടിച്ച വണ്ടിയുടെ നമ്പർ ആണോ ?
അയാൾ ഒന്ന് തലയിളക്കി.
നിമിഷങ്ങൾക്കകം ഒരു വിറയലോടെ അയാൾ നിശ്ചലനായി.

ഇതാണ് ഡ്യൂട്ടി കോൺഷ്യസ്സ്നസ്!
തന്റെ കാറിനുനേരെ ചീറിപ്പാഞ്ഞ് ഇടിച്ചു തകർത്ത ലോറിയുടെ നമ്പർ അയാൾ നൊടിയിടയിൽ നോക്കി വെച്ചു.

ഇവിടെയും പൈലറ്റ് ദീപക് സാഥെയും സഹ പൈലറ്റും ആത്മാഹുതി ചെയ്ത് പരമാവധി യാത്രികരെ രക്ഷിക്കുക തന്നെയായിരുന്നു എന്ന് മനസ്സ് പറയുന്നു. സ്വന്തം വിധിയെ കുറിച്ചുള്ള കൃത്യമായ ധാരണയോടെ തന്നെയാകണം ക്യാപ്റ്റൻ സാഥെ ഈ വിധം ലാൻഡ് ചെയ്തത്.

എ ബിഗ് സല്യുട്ട് ടു ദീപക് വസന്ത് സാഥെ ആൻഡ് ഹിസ് അസിസ്റ്റന്റ് അഖിലേഷ് .
ഏത് അപകടത്തിലും ഒരു വില്ലനെ കണ്ടെത്താൻ ശ്രമിക്കുന്നവർ അത് തുടരട്ടെ !

LEAVE A REPLY

Please enter your comment!
Please enter your name here