മോഹൻലാൽ ; അയാം ദി സോറി അളിയാ !! (Movie Review)

0

മോഹൻലാലിൻറെ പേരിൽ എന്ത് കൂതറ ഇറക്കിയാലും മലയാളികൾ രണ്ടു കൈനീട്ടി സ്വീകരിച്ചു കൊള്ളുമെന്ന അമിതമായ ആരുടെയോ ആത്മവിശ്വാസത്തിന്റെ തള്ളൽ ആണ് ഈ ചിത്രം. കുട്ടിക്കാലം മുതൽ ലാലേട്ടന്റെ ചിത്രങ്ങൾ കണ്ടു താരത്തോട് ആരാധന തോന്നി, പിന്നീട് ഭ്രാന്തിയായ ഒരു പെൺകുട്ടിയുടെയും അവളുടെ ഭർത്താവിന്റെയും കഥ തമിഴ് തെലുഗു ചിത്രങ്ങളെ വെല്ലുന്ന കണ്ണീരും മൂന്നാം കിട ഹാസ്യവും ചേർത്ത് പരുവപ്പെടുത്തി എടുത്ത അഭ്രകാവ്യമാണ് മോഹൻലാൽ.

മോഹൻലാൽ എന്ന പ്രതിഭയുടെ പേരും പരാമർശവും ഇതിനു മുൻപും പല സിനിമകളിലും പരീക്ഷിച്ചു ലാലേട്ടന്റെ കട്ട ഫാനുകളുടെ കൈയ്യടികൾ നേടിയ ചരിത്രവും മലയാള സിനിമയിലുണ്ട്. എന്തോ ആളുകൾക്കെന്നെ ഇഷ്ടമാണെന്ന ലാൽ പ്രഖ്യാപനം പോലെ ഈ വസ്തുത പരമാവുധി മുതലെടുക്കുവാൻ ശ്രമിച്ച സിനിമയാണ് മോഹൻലാൽ എന്ന ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ ആരാധകരെ കൈയിൽ എടുക്കാൻ, യാതൊരു വിധ ലോജിക്കും ഇല്ലാതെ കുറെ മോഹൻലാൽ സിനിമ രംഗങ്ങളും, കഥാസന്ദർഭങ്ങളും ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു, പടച്ചു വിട്ട രണ്ടേ മുക്കാൽ മണിക്കൂർ നീളുന്ന പൈങ്കിളി ചിത്രം. ചിത്രത്തിന്റെ ദൈർഘ്യം പകുതിയായി കുറച്ചിരുന്നെങ്കിൽ മോഹൻലാൽ ആരാധകരെങ്കിലും ക്ഷമയോടെ കണ്ടിരിക്കുമായിരുന്നു. സിനിമയുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന പരസ്യ വാചകത്തിൽ ലാലേട്ടന്റെ കാര്യത്തിൽ ഞാൻ അൽപ്പം ഓവർ ആണെന്നാണ് കണ്ടത് .. എന്നാൽ ഇതൽപ്പം കൂടിപ്പോയി.

മാനസിക വിഭ്രാന്തി നിറഞ്ഞ ആരാധികയായാണ് മലയാളത്തിന്റെ മറ്റൊരു സ്വകാര്യ അഹങ്കാരമായ മഞ്ജു വാരിയർ അഭിനയിച്ചു വിഷമിക്കുന്നത്. അമിതാഭിനയത്തിന്റെ പല വെർഷനുകളും കാണുവാനുള്ള നിർഭാഗ്യം മലയാളി പ്രേക്ഷകർക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇത് പോലെ ബോറടിപ്പിക്കുന്ന രീതി ഒരു പക്ഷെ മഞ്ജു വാരിയരിൽ നിന്നും ആരും പ്രതീക്ഷിച്ചു കാണില്ല. മഞ്ജുവിന് കൂട്ടിനായി സ്നേഹനിധിയായ ഭർത്താവായി ഇന്ദ്രജിത് കൂടാതെ സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരും ഈ ബോറടി ചിത്രത്തിന്റെ ഭാഗമാണ്.

പ്രാർത്ഥന ഇന്ദ്രജിത് ആലപിച്ച ലാലേട്ടാ എന്ന ഗാനം മാത്രമാണ് കേൾക്കാൻ ഇമ്പമുള്ളത് മറ്റു ഗാനങ്ങൾ ഒന്നും മനസ്സിൽ പോയിട്ട് ചെവിയിൽ പോലും തങ്ങി നിൽക്കില്ല. ലാലേട്ടന്റെ മൂത്ത ആരാധകർക്ക് രസിക്കുന്ന രീതിയിലാണ് സുനീഷിന്റെ തിരക്കഥയെങ്കിലും ഒരു സാധാരണ പ്രേക്ഷന്റെ ക്ഷമയെ പരിശോധിക്കും വിധത്തിലായിരുന്നു ചിത്രം ഒരുക്കിയിരിക്കുന്നത്. അത് തന്നെയാണ് സംവിധായകൻ സാജിദ് യാഹിതയുടെ പരാജയം. ഈ ചിത്രം തീർച്ചയായും മോഹൻലാലും ആന്റണി പെരുമ്പാവൂരുമെല്ലാം റിലീസിന് മുൻപ് കണ്ടിരിക്കണം. ഇത്തരമൊരു സിനിമ തന്റെ പേരിൽ ഇറങ്ങുന്നതിന് മോഹൻലാൽ എങ്ങിനെയാണ് ന്യായീകരിക്കുന്നത് എന്നറിയാൻ സെൻസിബിലിറ്റി ഉള്ള ആരാധകരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. എന്തായാലും മുംബൈയിലെ തീയേറ്ററുകളിൽ ചിത്രം ഓടി കൊണ്ടിരിക്കുകയാണ്. മുളുണ്ട് നിർമൽ ലൈഫ്‌സ്‌റ്റൈലിലെ പി വി ആറിൽ സിനിമ കണ്ടിറങ്ങിയ സുഹൃത്തിനോട് ചിത്രം എങ്ങിനെയുണ്ടെന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ നൽകിയ അവലോകനം ടിക്കറ്റ് എടുക്കാതെ മടങ്ങാൻ സഹായിച്ചു.


പുതിയ സമയവുമായി ‘ആംചി മുംബൈ’
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി
ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
ആദ്യ ചുംബനത്തിന്റെ രഹസ്യം വെളിപ്പെടുത്തി മുംബൈ യുവത്വം
ആംചി മുംബൈയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ പദ്ധതിക്ക് ഐരോളിയിൽ തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here