പ്രേമം – കേരള ഹൗസിനോട് !

0

മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്, അവർക്ക് ചിലതിനോടൊക്കെ പ്രണയം തോന്നുന്നത് പെട്ടെന്നാണ്. നിനച്ചിരിക്കാതെ അങ്ങിനെയൊരു പ്രേമം തലയ്കക്ക് പിടിച്ചിരിക്കുകയാണ് മുംബൈ മലയാളികളിൽ ചിലർക്ക്. പ്രേമം എന്ന് കേട്ട് അത് പെണ്ണിനോടോ സ്വത്തിനോടോ എന്നൊന്നും തെറ്റി ധരിക്കേണ്ട, ഈ പുതിയ പ്രേമം കേരള ഹൗസിനോടാണ് . വാശിയിലുള്ള കേരള ഹൗസിന്റെ വാടക പെട്ടെന്ന് സർക്കാർ അങ്ങ് കൂട്ടി . ചുമ്മാ കേരളമെന്നു കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം എന്നാണല്ലോ, അപ്പോൾ പിന്നെ കേരള ഹൗസെന്നു കൂടി കേട്ടാലോ? ശരിക്കും തിളക്കാൻ തുടങ്ങി ചോരയുള്ളവരൊക്കെ. പിന്നെ ഒരു ബഹളമായിരുന്നു , ചിലർ മലയാളികളുടെ പ്രതിനിധിയായി സ്വയം അവരോധിച്ച് സമരങ്ങൾക്ക് ആഹ്വനം ചെയ്തു. വേറെ ചിലർ ഞങ്ങളാണ് മലയാളികളുടെ രക്ഷകർ എന്ന് പറഞ്ഞു ഈസമരത്തിൽ പങ്കെടുക്കാതെ വേറെ സമാന്തര സമരങ്ങളുമായി മുന്നോട്ടു പോയി.

ഒരു കൂട്ടർ സമര സമിതിക്ക് പേരിട്ടു “സ്തംഭന സമര സമിതി”. വാശി കേരള ഹൗസിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മഴകൊള്ളാതിരിക്കാൻ പോലും കയറി നിൽക്കാത്തവരും മനസ്സിൽ മുദ്രാവാക്യം വിളിച്ചു, “സ്തംഭിപ്പിക്കും , സ്തംഭിപ്പിക്കും .. കേരള ഹൌസ് സ്തംഭിപ്പിക്കും ” . പഴയ വിപ്ലവ രക്തം സിരകളിൽ ഓടുന്നവർ സ്തംഭനം എന്ന് കേട്ടതോടെ വാശിയിലേക്കോടി. അവിടെ ചെന്നപ്പോൾ സ്തംഭനവും ഇല്ല , സ്തംഭിപ്പിക്കലും ഇല്ല , കേരളഹൌസ് എല്ലാ ദിവസത്തെയും പോലെ പ്രവർത്തിക്കുന്നു . നിരാശരായ ചിലർ കേരള ഹൗസിന്റെ തുറന്നു കിടക്കുന്ന വാതിലുകൾ ഒരു നിമിഷത്തേക്ക് അടച്ച് പ്രതീകാത്മക സ്തംഭനം നടത്തി . പ്രതീക്ഷിച്ചത്ര ജനപങ്കാളിത്തം സമരത്തിൽ ഇല്ലാത്തതിനാൽ ഉണ്ടാക്കിയ ഭക്ഷണം അധികമായെന്നും അമിത ഭക്ഷണം കഴിച്ച് ചിലർക്കൊക്കെ വയർ സ്തംഭനം ഉണ്ടായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് .
സംഗതി കേരള സർക്കാരിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല എന്നത് നേര് . പെട്രോളിന് വില കൂട്ടും പോലെയല്ലേ ഒരു ന്യായീകരണവും ഇല്ലാതെ കേരളഹൗസിന്റെ വാടക കൂട്ടിയത് . കാര്യം ഞങ്ങളത് ഉപയോഗിക്കാറില്ല എന്നത് സത്യം, എന്ന് കരുതി ചുമ്മാ തോന്നിയ പോലെ വാടക കൂട്ടിയാലെങ്ങനാ . ബസിൽ പോകാൻ വക ഇല്ലാത്തവൻ പോലും വിമാന ടിക്കറ്റിനു ചാർജ് കൂട്ടിയാൽ പ്രതികരിക്കില്ലേ , അതല്ലേ നമ്മൾ മലയാളികളെ മറ്റു ദേശക്കാരിൽ നിന്നും വ്യത്യസ്തരാക്കുന്നത് .

കേരള ഹൌസ് ഉദ്ഘാടന വേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി . എസ്. അച്യുതാനന്ദൻ പറഞ്ഞത് കേരള ഹൗസിനെ സാംസ്‌കാരിക കേന്ദ്രമായി നിലനിർത്തും എന്നാണത്രെ . അതിനാൽ ഇവിടുത്തെ സാംസ്‌കാരിക നായകർ വാടക വർദ്ധനവിനെതിരെ പ്രതികരിച്ചില്ലെങ്കിൽ അനൗചിത്യമല്ലേ എന്നാലോചിച്ചു കുണ്ഠിതപ്പെട്ടിരിക്കുമ്പോഴാണ് പത്രത്തിൽ വാർത്ത …. വാശിയിലെ കേരള ഹൗസിന്റെ വാടക പുനഃസ്ഥാപിക്കുന്നതിനു വേണ്ടി മുംബൈയിലെ പ്രമുഖ സാഹിത്യനായകന്മാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് അയച്ചു . മുംബൈയിലെ ചില എഴുത്തുകാർ അതിൽ തങ്ങളുടെ പേര് കാണാതെ നിരാശ പൂണ്ടു. കാരണം മുംബൈയിലെ സാഹിത്യ ലോകത്ത് തങ്ങളുടെ സ്ഥാനം കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോലും അറിയപ്പെടാൻ പോകുന്ന അവസരമാണ് ചിലരുടെ കുൽസിത പ്രവർത്തിമൂലം നഷ്ടപ്പെട്ടിരിക്കുന്നത്. പക്ഷെ, അതിൽ പറഞ്ഞ പേരുള്ളവർ പലരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടു പോലുമില്ലത്രേ .അതിനാൽ അവർ പത്രമോഫിസിലേക്ക്‌ വിളിച്ച് അത് താൻ തന്നെയാണോ എന്ന് ഉറപ്പു വരുത്തി . പത്രക്കാർക്കും സംഗതി അറിയില്ല , കാരണം ഈ സാഹിത്യനായകരുടെ പേരിൽ ഒരു ഇല്ലാ വാർത്ത ഏതോ സംഘടന പത്രം ഓഫീസിലേക്ക് അയച്ചുകൊടുത്തതാണ് . റിപ്പോർട്ടിന്റെ ഉദ്ദേശ്യ ശുദ്ധിയെ മാനിച്ച് അതിന്റെ ഉറവിടമോ വിശ്വാസ്യതയോ പരിശോധിക്കാൻ പത്രക്കാരും മിനക്കെട്ടില്ല .

എന്തായാലും കേരള ഹൗസും വാശിയും മുംബൈ മലയാളികളുടെ മനസ്സിൽ കുറച്ചു കാലത്തേക്കെങ്കിലും നിറഞ്ഞു നിൽക്കും. അത് വരെ സംയുക്തവും അല്ലാത്തവരുമായ സമരസമിതിക്കാരും അവരുടെ അണികളും നവമാധ്യമ വിപ്ലവം നടത്തട്ടെ. പുതിയൊരു വിഷയവുമായി നാളത്തെ പകൽ ഉദിച്ചുകൂടായ്കയില്ല, അപ്പോൾ നമുക്ക് കേരള ഹൗസിനെ മറക്കാം ,വാടക വർദ്ധനവിനെ മറക്കാം . വെക്കേഷനല്ലേ , കുറച്ച് സമയം വീട്ടുകാരുമൊത്ത് ചിലവഴിക്കാം,എന്തേ?

  • രാജൻ കിണറ്റിങ്കര

(സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ ‘അല്ല പിന്നെ’ എന്ന കോമഡി സീരിയലിന്റെ രചയിതാവും കാർട്ടൂണിസ്റ്റും കൂടിയാണ്)


സ്തംഭന സമരത്തിനെതിരെ ട്രോൾ മഴ
കേരളാ ഹൗസ് വാടകയെച്ചൊല്ലിയുള്ള സമരങ്ങൾ പ്രഹസനം

LEAVE A REPLY

Please enter your comment!
Please enter your name here