കോവിഡ് പോരാളി ഡോ.പ്രേമചന്ദ്രൻ യാത്രയായി. വിട പറഞ്ഞത് താനെ നിവാസികളുടെ കുടുംബ ഡോക്ടർ

0

താനെ കോവിഡ് രോഗികളുടെ ആശ്രയമായിരുന്നു ഡോ.പ്രേമചന്ദ്രൻ. ഇന്ന് രാവിലെ നാലു മണിയ്ക്ക് താനെ ഗോഡ് ബന്ദർ റോഡിലുള്ള നോബിൾ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞ വാർത്ത ഞെട്ടലോടെയാണ് താനെ നിവാസികൾ കേട്ടത്. ഏതാനും ദിവസങ്ങൾക്കു മുമ്പു് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് കൽവ ഛത്രപതി ശിവാജി ഹോസ്പിറ്റലിൽ ഐസലോഷനിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ഓക്സിജൻ സംവിധാനങ്ങൾക്ക് വേണ്ടി നോബിൾ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് പരിശോധന ഫലം ലഭിച്ചിട്ടില്ല.

തിരുവല്ല ചക്കുളത്തുകാവു് ശ്രീരംഗത്തിൽ പരേതരായ രാമകൃഷ്ണപിള്ളയുടെയും നളിനി അമ്മയുടെയും മകനായിരുന്നു. മുംബൈയിൽ താനെ വർദ്ധമാൻ വാട്ടിക തത്വജ്ഞാൻ വിദ്യാപീഠിനു സമീപം ഗോഡ് ബന്ദർ റോഡിലാണ് താമസം. ഭാര്യ രാധിക പ്രേമചന്ദ്രൻ, ഏകമകൻ രതീഷ് ആസ്ട്രേലിയയിലാണ്. അജ്ഞലി രതീഷ് മരുമകളാണ്. ജയശ്രീ ബാലകൃഷ്ണൻ സഹോദരിയും താനെയിലുള്ള നന്ദലാൽ പിള്ള, ആർ.രമേഷ് എന്നിവർ സഹോദരങ്ങളാണ്.

വിട പറഞ്ഞത് താനെ നിവാസികളുടെ കുടുംബ ഡോക്ടർ

താനെ വൃന്ദാവൻ സൊസൈറ്റിയിൽ രാമകൃഷ്ണ ക്ലിനിക്സ് നടത്തിയിരുന്ന ഡോ പ്രേമചന്ദ്രൻ സാമൂഹിക രംഗത്തും സജീവമായിരുന്നു. ദീർഘകാലമായി കൈരളി കൾച്ചറൽ അസ്സോസിയേഷൻ ലൈഫ് മെമ്പറായി പ്രവർത്തിച്ചുവരുന്നു. വൃന്ദാവൻ സൊസൈറ്റി, വൃന്ദാവൻ സേവാ സംഘം തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചിരുന്നു. കൈരളിയുടെ ആഭിമുഖ്യത്തിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ നേതൃത്വം നൽകിയിട്ടുണ്ട്.

കോവിഡ് രോഗികളെ വീടുകളിൽ പോയി ചികിത്സിച്ചിരുന്ന കോവിഡ് പോരാളിയായിരുന്നു ഡോക്ടർ പ്രേമചന്ദനെന്നാണ് താനെയിലെ സാമൂഹ്യ പ്രവർത്തകരായ രാജൻ നായർ അനുശോചിച്ചത്. കൈരളിയുടെ പ്രസിഡണ്ട് പ്രഭാകരൻ നായർ പ്രേമചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാരുടെ ദൈവമെന്നാണ് വൃന്ദാവൻ സേവാ സമിതിയുടെ പ്രവർത്തകർ ഡോക്ടറുടെ സേവനങ്ങളെ വിലയിരുത്തിയത്. അസുഖം ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു തൊട്ടുമുമ്പു് വൃന്ദാവൻ സൊസൈറ്റി കോവിഡ് കാലത്തെ വിദഗ്ദ സേവനത്തിന് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ഒരു മികച്ച കോവിഡ് പോരാളിയെയാണ് താനെ നിവാസികൾക്ക് നഷ്ടമായതെന്ന് താനെയിലെ മലയാളി കൂട്ടായ്മയായ “ബ്രേക് ദ ചെയിൻ ” അനുശോചന സന്ദേശത്തിൽ അറിയിച്ചു. മലയാളി കൂട്ടായ്മകൾക്കു വേണ്ടി കോവിഡ് രോഗികളെ വീടുകളിലെത്തി ചികിത്സ നൽകിയിരുന്ന മനുഷ്യസ്നേഹിയായ യോദ്ധാവിനെയാണ് ഡോ പ്രേമചന്ദ്രന്റെ ആകസ്മിക വിയോഗത്തിലൂടെ നഷ്ടമായതെന്നു ശ്രീകാന്ത് നായർ അനുസ്മരിച്ചു. കൈരളി വൃന്ദാവന്റെ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സെക്രട്ടറി ബി. പദ്മനാഭൻ എന്നവരും ഡോ പ്രേമചന്ദ്രന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here