നഴ്സിങ് ഏറ്റവുമധികം ലൈംഗികവൽക്കരിക്കപ്പെട്ട ജോലിയാണെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. നഴ്‌സുമാരുടെ വസ്ത്രധാരണം ‘ഭാരതീയ രീതിയിലാക്കണം’ എന്ന കങ്കണയുടെ പ്രസ്താവനയാണ് സാംസ്കാരിക ലോകത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
സ്ത്രീവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് രംഗത്തെത്തി. നഴ്‌സിംഗ് സമൂഹത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശം അത്യന്തം അപലപനീയവും സാമൂഹിക ബഹുമാനം തകർക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു.
നഴ്‌സിംഗ് ഒരു ശാസ്ത്രീയവും അത്യന്തം സേവനാധിഷ്ഠിതവുമായ മേഖലയാണെന്നും, കോവിഡ് മഹാമാരിയുടെ ഏറ്റവും ദുരിതകാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് രോഗികളെ പരിചരിച്ച നഴ്‌സുമാരെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയാണ് ഇത്തരം പരാമർശങ്ങൾ ചോദ്യം ചെയ്യുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കങ്കണ റണാവത്ത് നഴ്‌സിംഗ് മേഖലയെ ‘സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ’ എന്ന രീതിയിൽ വിശേഷിപ്പിച്ചുവെന്ന ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ രാജ്യത്തെ വിവിധ നഴ്‌സിംഗ് സംഘടനകളും ആരോഗ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
നഴ്‌സുമാർ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടുന്നത് അവരുടെ കഴിവുകേടുകൊണ്ടല്ല, മറിച്ച് ഇന്ത്യയിലെ കുറഞ്ഞ ശമ്പളം, ജോലിഭാരം, സ്റ്റാഫ് കുറവ്, സുരക്ഷാ പ്രശ്നങ്ങൾ എന്നിവയാണെന്നും ജോജോ തോമസ് ചൂണ്ടിക്കാട്ടി. “പ്രശ്നങ്ങൾ പരിഹരിക്കാതെ തൊഴിലാളികളെ അപമാനിക്കുന്നത് ഭരണകൂട ഉത്തരവാദിത്വത്തിന്റെ പരാജയമാണ്,” ജോജോ തോമസ് വിമർശിച്ചു.
നിരന്തരം വിവാദ പ്രസ്താവനകളിലൂടെ ജനശ്രദ്ധ നേടുന്ന പ്രവണതയുടെ ഭാഗമായാണ് ഇത്തരം പരാമർശങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ നഴ്‌സിംഗ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാതെ സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഴ്‌സിംഗ് സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവന ഉടൻ പിൻവലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നും, വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് നഴ്‌സുമാരുടെ ശമ്പളം, തൊഴിൽ സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും ജോജോ തോമസ് ശക്തമായി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 6 2026 SATURDAY 4.30 P.M. | KAIRALI NEWS
