SHOCKING! കോവിഡ് ചികിത്സയിലിരുന്ന മലയാളിയെ ബസ്സ് ഡിപ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തി

0

മലയാളികൾ കൂടുതൽ വസിക്കുന്ന വസായിയിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കോവിഡ് രോഗബാധയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളിയാണ് വസായ് ബസ് ഡെപ്പോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച സി പി പോൾ കണ്ണൂർ സ്വദേശി ആണ്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ രോഗം മാറി ഡിസ്ചാർജ് ചെയ്തിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നത്. എന്നാൽ രോഗം ഭേദമായതിന്റെ കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ട വ്യക്തിയെ മരിച്ച നിലയിൽ പൊതു സ്ഥലത്ത് നിന്ന് കണ്ടെത്തിയത് ഞെട്ടലോടെയാണ് പ്രദേശത്തെ മലയാളി സമൂഹം ഏറ്റെടുത്തത്. വലിയ പ്രതിഷേധമാണ് സംഭവം ഉയർത്തിയിരിക്കുന്നത്.

ആശുപത്രി അധികാരികൾ ഉത്തരവാദിത്വബോധം കാണിക്കാതെ രോഗബാധ ഉണ്ടായിരുന്ന ഒരാളെ വഴിയിൽ തള്ളിവിട്ടത് പ്രതിഷേധാർഹമാണെന്ന് സാമൂഹിക പ്രവർത്തകനായ പി പി അശോകൻ പറഞ്ഞു.

ഈ വിഷയത്തിൽ മലയാളി സമൂഹം ഒറ്റക്കെട്ടായി ഇടപെടണമെന്നും ആരോരുമില്ലാത്ത ഒരു മലയാളിയെ തെരുവിലേക്ക് തള്ളി വിട്ടത് പ്രതിഷേധാർഹമാണെന്നും അശോകൻ പറഞ്ഞു. മഹാരാഷ്ട്രയിലെ മലയാളികൾക്ക് അപമാനമാണെന്നും സംസ്ഥാനത്തെ മലയാളികൾ ഇതുവരെ ഉയർത്തി കെട്ടിയ മൂല്യബോധം തകരാൻ അനുവദിക്കരുതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അശോകൻ ആവശ്യപ്പെട്ടു.

വിഷയം വേണ്ടപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും തീർത്തും പ്രതിഷേധാത്മകവും ഞെട്ടിക്കുന്നതുമായ സംഭവമാണ് വസായ് പോലെ മലയാളി പ്രാമുഖ്യമുള്ള സ്ഥലത്ത് ഉണ്ടായിരുന്നതെന്നും സ്ഥലത്തെ സാമൂഹിക പ്രവർത്തകനായ ഗിരീഷ് നായർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഗിരീഷ് നായർ ആവശ്യപ്പെട്ടു.

മുംബൈയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ സന്നദ്ധ പ്രവർത്തകർ കൂടിയാണ് മഹാരാഷ്ട്ര മലയാളി ഹെൽപ്പ്‌ ഡെസ്ക് അംഗങ്ങൾ കൂടിയായ പി പി അശോകനും ഗിരീഷ് നായരും.

പ്രദേശത്തെ മലയാളി സമാജങ്ങൾ ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യമാണ് ഭാസി വാരിയത്ത്, രാധാകൃഷ്ണൻ തുടങ്ങിയവരും ഉന്നയിച്ചത്.

സംഭവത്തിന്റെ സത്യാവസ്ഥ അറിയണമെന്നും മേലിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലയാളി സമൂഹത്തിന് കൂടുതൽ ജാഗ്രത ഉണ്ടാകേണ്ട സമയമായെന്നും പ്രേംദാസ് (മീര റോഡ് സാംസ്‌കാരിക വേദി) വ്യക്തമാക്കി .

കൊറോണക്കാലത്ത് സംസ്ഥാനത്തിന് കൈത്താങ്ങായി പ്രവർത്തിച്ച മലയാളി സമൂഹത്തിനാണ് ഇത്തരം ദുരനുഭവം ഉണ്ടായിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം വീഴ്ചകൾ ആരുടെ ഭാഗത്ത് നിന്നായാലും തിരുത്തപ്പെടേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here