മുംബൈ സാഹിത്യവേദിക്ക് പുതിയ കൺവീനർ

മുംബൈ സാഹിത്യ ലോകം ഒരു കുടക്കീഴിൽ വരുമോ ?

0

കഴിഞ്ഞ 3 വർഷമായി സ്തുത്യർഹമായ പ്രവർത്തന മികവിലൂടെ വേദിയെ സജീവമാക്കിയ സി പി കൃഷ്ണകുമാർ സ്ഥാനമൊഴിയുമ്പോൾ കവിയും ഗാനരചയിതാവും ഗായകനും അഭിനേതാവുമായ മധു നമ്പ്യാരാണ് പുതിയ കൺവീനറായി സ്ഥാനമേറ്റെടുക്കുന്നത്.

മുംബൈ മലയാളികളുടെ അക്ഷര മുറ്റമാണ് നഗരത്തിൽ 54 വർഷം പിന്നിടുന്ന സാഹിത്യവേദി. വേദിയിൽ സാഹിത്യ സംവാദങ്ങൾ നടത്തിയവരിൽ നിരവധി പ്രഗത്ഭരായ സാഹിത്യകാരന്മാരുണ്ട്. ഇന്ന് നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെയെല്ലാം ആദ്യ കാല കളരി കൂടിയായിരുന്നു മുടക്കം കൂടാതെ എല്ലാ മാസത്തേയും ആദ്യ ഞായറാഴ്ചകളെ സമ്പന്നമാക്കുന്ന സാഹിത്യ വേദി.

മധു നമ്പ്യാർ പുതിയ കൺവീനറായി സ്ഥാനമേൽക്കുമ്പോൾ കൂടുതൽ സജീവവും ക്രിയാത്മകകവുമായ ഇടപെടലുകളിലൂടെ സാഹിത്യ വേദിയുടെ കുടക്കീഴിൽ നിന്ന് പ്രവർത്തിക്കുവാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ സാഹിത്യലോകവും

നൂതന ആശയങ്ങൾ പങ്കു വയ്ക്കാനൊരിടമായി സാഹിത്യവേദിയെ മാറ്റുവാൻ കഴിഞ്ഞെന്ന് സി പി കൃഷ്ണകുമാർ

എഴുതി തുടങ്ങുന്ന വരും മുതിർന്ന എഴുത്തുകാരും ആസ്വാദകരും ഒരുപോലെ സ്വന്തം എന്ന് കരുതുന്ന ഒരിടം ആണ് ഇന്ന്‌ സാഹിത്യവേദിയെന്ന് കഴിഞ്ഞ 3 വർഷമായി വേദിയുടെ കൺവീനറായിരുന്ന എഴുത്തുകാരൻ സി പി കൃഷ്ണകുമാർ പറഞ്ഞു. ആഴത്തിലുള്ള സർഗ്ഗ സംവാദങ്ങൾ , എഴുത്തിനെ കൂടുതൽ മെച്ചപ്പെടുത്താനും നവീകരിക്കാനും സാധ്യമാകുന്ന ആരോഗ്യകരമായ വിമർശനങ്ങൾ തുടങ്ങി പുത്തൻ ആശയങ്ങളും അറിവുകളും പങ്ക് വയ്ക്കുവനൊരിടമായി സാഹിത്യവേദിയെ മാറ്റിയെടുക്കാൻ കഴിഞ്ഞെന്നും കൃഷ്ണകുമാർ പറയുന്നു.

സമകാലിക സാഹചര്യങ്ങളിൽ പ്രസക്തവും പ്രതീക്ഷ നൽകുന്നതുമായ പ്രവർത്തങ്ങളാണ് സാഹിത്യ വേദിയുടെ നില നിൽപ്പിനും വളർച്ചയ്ക്കും ആവശ്യം. ഈ ദിശയിൽ പ്രവർത്തിക്കാൻ കഴിവുള്ള മധു നമ്പ്യാർ സാഹിത്യ വേദിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണകുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ എഴുത്തുകാർക്ക് വേദിയൊരുക്കുമെന്ന് മധു നമ്പ്യാർ

പുതിയ എഴുത്തുകാരെയും എഴുത്തുകാരികളെയും കണ്ടെത്തി അവർക്കെല്ലാം കൃതികൾ അവതിപ്പിക്കുവാനുള്ള വേദിയൊരുക്കുവാൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മധുവിന്റെ ആദ്യ പ്രതികരണം. കൂടാതെ കോവിഡ് കാലത്ത് മുൻ കൺവീനർ മുൻകൈയെടുത്തു ചെയ്തതുപോലെ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ എഴുത്തുകാരെ പ്രതിമാസ പരിപാടികളിൽ പങ്കെടുപ്പിക്കുവാനുള്ള ഉദ്യമങ്ങൾ തുടരുമെന്നും മധു നമ്പ്യാർ അറിയിച്ചു. സാഹിത്യവേദി പരിപാടികൾ സമയനിബന്ധതയിൽ കൃത്യസമയത്തു തുടങ്ങി കൃത്യസമയത്തു തീർക്കുവാനും ശ്രമിക്കുമെന്ന് മധു നമ്പ്യാർ പറഞ്ഞു. നഗരത്തിലെ എഴുത്തുകാരെയും വായനക്കാരെയും പൂർണമായി സഹകരിപ്പിച്ചു കൊണ്ടുള്ള സാഹിത്യവേദിയാണ് മനസിലുള്ളതെന്നും മധു നമ്പ്യാർ വ്യക്തമാക്കി.

മുംബൈയിലെ കലാ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമാണ് മധു നമ്പ്യാർ. കൈരളി ടി വി പ്രക്ഷേപണം ചെയ്ത ആംചി മുംബൈ മയിൽ‌പീലി കാവ്യാലാപന റിയാലിറ്റി ഷോയിലെ ആദ്യ ഘട്ട വിധികർത്താക്കളിൽ ഒരാളായിരുന്നു മധു നമ്പ്യാർ. തുടർന്ന് നടന്ന കുരുന്നു പ്രതിഭകൾക്കായി വിഭാവനം ചെയ്ത മുംബൈ ടാലെന്റ്സ് എന്ന റിയാലിറ്റി ഷോയിലും വിധികർത്താവായിരുന്നു. നവ മാധ്യമങ്ങളിൽ നുറുങ് കവിതകളുമായി ശ്രദ്ധ നേടിയ മധു നിരവധി നാടകങ്ങൾക്കായി ഗാനങ്ങൾ രചിക്കുകയും ആലാപനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഒട്ടനവധി സംഗീത ആൽബങ്ങളും മധുവിന്റെ ശബ്ദത്തിലൂടെ പുറത്തിറങ്ങിയിട്ടുണ്ട്. മുംബൈ നാടകവേദിയിലെ മികച്ച അഭിനേതാവായി കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് ഈ കണ്ണൂർ സ്വദേശി.

LEAVE A REPLY

Please enter your comment!
Please enter your name here