സോണി ടിവിയിലെ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ എന്ന ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോയിൽ മിന്നുന്ന പ്രകടനവുമായി മുന്നേറുന്ന മുംബൈ മലയാളിയായ ശ്വേത വാര്യർക്ക് പ്രവാസി മലയാളികൾ നൽകി വരുന്ന കരുതലും സ്നേഹവും ശ്വേതയേയും കുടുംബത്തേയും വിസ്മയിപ്പിച്ചിരിക്കയാണ്.
കേരള സംഗീത നാടക അക്കാദമിയുടെ പശ്ചിമ മേഖല മുൻ അധ്യക്ഷയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയാ വർഗീസ് ശ്വേതക്ക് സമ്മാനിച്ചത് വിലപിടിച്ച ഒരു വജ്ര ലോക്കറ്റാണ് . കൂടെ അനുമോദനവും പ്രോത്സാഹനം നിറഞ്ഞ വാക്കുകളും. കൊറിയറിൽ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് അക്ഷരാർഥത്തിൽ അത്ഭുതപെടുകയായിരുന്നു ശ്വേതയും കുടുംബവും . മറുനാടൻ മലയാളികളുടെ ഇടയിൽ നിന്നും വളർന്നു വന്ന നക്ഷത്ര പ്രതിഭയ്ക്ക് ലഭിച്ച നക്ഷത്ര തിളക്കമുള്ള സമ്മാനത്തെ ഹൃദയത്തോട് ചേർത്ത് വയ്ക്കുകയായിരുന്നു ശ്വേത. ഈ ചേതോഹര സമ്മാനം തന്റെ സന്തോഷം ഇരട്ടിയാക്കുന്നുവെന്ന് ശ്വേതാ വാരിയർ പ്രതികരിച്ചു .
ഉത്തരേന്ത്യയിലെ ഹിന്ദി ബെൽറ്റിൽ ഏറ്റവും കൂടുതൽ കാണികളുള്ള ഡാൻസ് റിയാലിറ്റി ഷോയാണ് ഇന്ത്യാസ് ബസ്റ്റ് ഡാൻസർ. 15 സെന്ററുകളിൽ നിന്നായി അഞ്ചു ലക്ഷത്തിലധികം നൃത്ത പ്രതിഭകൾ ഓഡിഷൻ നൽകി ഏഴു റൗണ്ടുകളിലായി നടന്ന തിരഞ്ഞെടുപ്പിലാണ് ശ്വേതാ തിരഞ്ഞെടുക്കപ്പെട്ടത്. ശനിയും ഞായറും രാത്രി 8 മുതലാണ് ഈ റിയാലിറ്റി ഷോ പ്രക്ഷേപണം ചെയ്യുന്നത്.
ക്‌ളാസിക്കൽ , വെസ്റ്റേൺ സ്ട്രീറ്റ് ശൈലികൾ സമമായി സമന്വയിപ്പിച്ചു സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന പുതിയ ഇന്ത്യൻ അർബൻ ശൈലിയുടെ പ്രയോക്താവാണ് ശ്വേത വാരിയർ . മത്സരത്തിലെ ഏക മലയാളിയും സൗത്ത് ഇന്ത്യയിൽ നിന്നുള്ള ഏക ഡാൻസറുമാണ് ശ്വേത.
കൂടാതെ ശ്വേതക്ക് പിന്തുണയും അനുമോദനങ്ങളുമായി വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ എം .കെ .നവാസ് , കൂടാതെ ഡോംബിവ്‌ലി കേരളീയ സമാജം തുടങ്ങി വിവിധ മലയാളി സമാജങ്ങളുടെ ഭാരവാഹികളും പ്രവാസി മലയാളി ലോകവും രംഗത്തുണ്ട് .