ജയന്തി ജനത ഇനി മുംബൈയിലേക്കില്ല; സമ്മിശ്ര പ്രതികരണവുമായി മുംബൈ മലയാളികൾ

0

മുംബൈയിൽ നിന്ന് ദിവസേന പുറപ്പെട്ടിരുന്ന ജയന്തി ജനത മുംബൈ-കന്യാകുമാരി എക്സ്‌പ്രസാണ് യാത്രക്കാർ കുറവാണെന്ന കാരണത്താൽ ഇനി മുതൽ യാത്ര പുണെയിൽ അവസാനിപ്പിച്ച് തിരികെപ്പോകാൻ തീരുമാനമായത്. ഇതോടെ പരിഹരിക്കാത്ത നിരവധി യാത്ര പ്രശ്നങ്ങളുമായി കഴിയുന്ന മുംബൈ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര കൂടുതൽ ദുഷ്കരമാകുമെന്നാണ് പലരും ആശങ്കപ്പെടുന്നത്. വിഷയത്തിൽ പ്രമുഖ വാട്ട്സപ്പ് ഗ്രൂപ്പായ മലയാളി ചാറ്റിൽ നടന്ന ചർച്ചയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നത്.

മുംബൈ മലയാളികളുടെ പ്രവാസ ചരിത്രത്തിന് വളരെ പ്രാധാന്യമുള്ളതാണെന്നും കൊങ്കൺ പാതയിലൂടെ റൂട്ട് മാറ്റിതരണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനം നൽകിയെങ്കിലും പൂനെ, സോലാപ്പൂർ, ആന്ധ്ര, തമിഴ്നാട് മുതലായ ഇടങ്ങളിലുള്ളവരുടെ സമ്മർദ്ദം മൂലമായിരുന്നു കൊങ്കൺ യാത്ര നിരസ്സിക്കപ്പെട്ടതെന്നും സാമൂഹിക പ്രവർത്തകനായ പി പി അശോകൻ പ്രതികരിച്ചു.

സംഘടനകളുടെ പൊതുവായ നേതൃത്വത്തിലൂടെയും നഗരത്തിലെയും ഉപ നഗരങ്ങളിലെയും മലയാളികളെ അണിനിരത്തി പ്രക്ഷോഭസമരങ്ങൾ ആസൂത്രണം ചെയ്യണമെന്ന ആവശ്യം ശക്തം

ജയന്തി ജനതയുടെ സേവനം സ്ഥിരമായി മുംബൈ മലയാളികൾക്ക് നഷ്ടപ്പെട്ടു പോകുവാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും അശോകൻ കൂട്ടിച്ചേർത്തു. സെൻട്രൽ ലൈനിൽ നിന്ന് ഡോംബിവലി മലയാളി സമാജം, ആത്മ മുതലായ സംഘടനകളുടെ നേതൃത്വവും വെസ്റ്റേൺ ലൈനിൽ നിന്ന് BKS ,ബോറിവലി സമാജം മുതലായ സംഘടനകളുടെ നേതൃത്വവും ഹാർബർ ലൈനിൽ നിന്ന് കുർള, ചെമ്പൂർ, നവി മുംബൈയിലെ സംഘടനകളുടെ നേതൃത്വവും KKS/AlMA മുതലായ സംഘടനകളുടെ പൊതുവായ നേതൃത്വത്തിലൂടെയും നഗരത്തിലെയും ഉപ നഗരത്തിലേയും എല്ലാ മലയാളികളേയും അണിനിരത്തി പ്രക്ഷോഭസമരങ്ങൾ ആസൂത്രണം ചെയ്യണമെന്ന് അശോകൻ നിർദ്ദേശിച്ചു.

എന്നാൽ വിഷയം റെയിൽ‌വേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരണമെന്നും ഇതിനായി ഒരു മെമ്മോറാണ്ടം തയ്യാറാക്കണമെന്ന നിർദ്ദേശമാണ് വസായ് ബസിൻ കേരളീയ സമാജം ഭാരവാഹി പി വി കെ നമ്പ്യാർ മുന്നോട്ട് വച്ചത്.

മുംബൈ സിഎസ്ടി വരെ ജയന്തി ജനതയുടെ സേവനം പുനഃസ്ഥാപിക്കുവാനുള്ള പ്രക്ഷോഭത്തിൽ മുൻപന്തിയിലുണ്ടാകുമെന്നും നമ്പ്യാർ പറഞ്ഞു. മാത്രമല്ല ട്രെയിൻ കൊങ്കൺ വഴി തിരിച്ചുവിടാനുള്ള സാദ്ധ്യതകൾ ആരായണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

സംഘടനകൾക്കതീതമായ ജനകീയ മുന്നേറ്റത്തിലൂടെ പ്രശ്നപരിഹാരം കാണുവാനാണ് നാടക പ്രവർത്തകനും എഴുത്തുകാരനുമായ രവി തൊടുപുഴ നിർദ്ദേശിച്ചത്. പൊതുവായ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെങ്കിൽ സംഘടനകൾക്കതീതമയി മലയാളികളുടെ ഏകീകരണമാണ് നടക്കേണ്ടതെന്നും രവി അഭിപ്രായപ്പെട്ടു.

പ്രതിഷേധം ചെയ്യുന്നതിനു മുമ്പ് ഒരു ആത്മ പരിശോധന കൂടി നടത്തണമെന്നാണ് രാജേഷ് മേനോൻ നിർദ്ദേശിച്ചത്. ജയന്തിയെ മലയാളികൾ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണെന്നും ടിക്കറ്റുകൾ ലഭ്യമാണെങ്കിൽ പോലും കൊങ്കൺ വഴിയുള്ള യാത്രയ്ക്കാണ് മുൻഗണനയെന്നും രാജേഷ് റയിൽവെയുടെ തീരുമാനത്തെ ന്യായീകരിച്ചു..

മുംബൈ മലയാളി യാത്രക്കാർ ഏറെകുറെ തിരസ്കരിച്ച ട്രെയിനാണു് ജയന്തി ജനതയെന്നാണ് റെയിൽവേ പാസ്സഞ്ചഴ്സ് കമ്മറ്റി അംഗമായ ശ്രീകാന്ത് നായർ പങ്കു വച്ചത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് യാത്രയുടെ ദൈർഘ്യമാണ്. ഈ വണ്ടി പൂണെയിൽ നിന്നും സർവ്വീസ് നടത്തുന്നതിലൂടെ റെയിൽവെയ്ക്ക് സാമ്പത്തിക നേട്ടവും സമയലാഭവുമുണ്ടെന്നും ശ്രീകാന്ത് പറയുന്നു. ജയന്തി ജനതക്ക് പകരം ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഓടിക്കുന്ന ഗരീബ് രഥ് ദിവസേനയാക്കണമെന്ന ആവശ്യമാണ് മുംബൈ മലയാളികൾ മുന്നോട്ടു വയ്‌ക്കേണ്ടതെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇതിന് സംഘടിതമായ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും ശിവസേന നേതാവ് കൂടിയായ ശ്രീകാന്ത് വ്യക്തമാക്കി. യാത്രാ ദുരിതം അനുഭവിക്കുന്ന മുംബയ് മലയാളികളുടെ ഒരു ട്രെയിൻ റെയിൽവെ നഷ്ടപ്പെടുത്തിയെന്ന പ്രതീതി സൃഷ്ടിക്കുക തന്നെ വേണം. എക്കാലവും മുംബയ് മലയാളികളോട് അവഗണന മാത്രം കാണിക്കുന്ന റെയിൽവെ അധികൃതരൂടെ ഇത്തരം നടപടികൾക്കെതിരെ ശക്തമായി തന്നെ പ്രതികരിച്ചില്ലെങ്കിൽ ഇനിയും പലതും മലയാളിയ്ക്ക് നഷ്ടമാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

മുംബൈയിൽ നിന്ന് തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോകുന്ന ഭക്തന്മാർക്കും ഏറെ സൗകര്യപ്രദമായൊരു ട്രെയിൻ കൂടിയായിരുന്നു ജയന്തി ജനത.

ജയന്തി ജനതയുടെ കാര്യത്തിൽ മലയാളികൾ വൈകാരികമായി ചിന്തിക്കാതെ പ്രായോഗികമായി ചിന്തിക്കണമെന്നാണ് അനിൽ പ്രകാശ് ആവശ്യപ്പെടുന്നത്. ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ ചർച്ചയെ സജീവമാക്കുമ്പോൾ ഇതിനെ ഒരു ജനകീയ പ്രക്ഷോഭമാക്കുവാൻ സംഘടനകളുടെ സഹകരണം അനിവാര്യമായിരിക്കും.

എഴുപതുകളുടെ തുടക്കത്തിലാണ് മുംബൈ മലയാളികൾക്ക് ഏറെ വൈകാരിക ബന്ധമുള്ള ജയന്തി ജനത എക്സ്പ്രസിന് തുടക്കമിടുന്നത്. 2135 കിലോമീറ്റർ ദുരം താണ്ടാൻ 47 മണിക്കൂറിലധികമായിരുന്നു യാത്ര ചെയ്യേണ്ടി വന്നിരുന്നത്. രണ്ടു രാത്രിയും ഒരു പകലും നീണ്ട യാത്രകൾ പലപ്പോഴും സഹയാത്രികരോട് സൊറ പറഞ്ഞും ചീട്ടു കളിച്ചുമെല്ലാമാണ് ചിലവിട്ടിരുന്നത്. ഭക്ഷണം മാത്രമല്ല വെള്ളം വരെ കൂടെ കൊണ്ട് പോയിരുന്ന നാളുകൾ. മുംബൈയിൽ നിന്ന് തിരുപ്പതി ക്ഷേത്ര ദർശനത്തിന് പോകുന്ന ഭക്തന്മാർക്കും ഏറെ സൗകര്യപ്രദമായൊരു ട്രെയിൻ കൂടിയായിരുന്നു ജയന്തി ജനത. തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊങ്കൺ റെയിൽവേ തുടങ്ങുന്നത് വരെ മുംബൈ മലയാളികളുടെ ആശ്രയമായിരുന്നു ജയന്തി ജനത. പിന്നീട് എ സി കോച്ചുകളും പാൻട്രി കാറുമായി കാലാനുസൃതമായ പരിഷ്കരങ്ങൾ ജയന്തിയെയും മോടി പിടിപ്പിച്ചെങ്കിലും രണ്ടു രാത്രികൾ ചിലവിടാനുള്ള യാത്രക്കാരുടെ മടി മൂലം പഴയ പ്രതാപം നഷ്ടപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here