കോവീഷീൽഡ് വാക്സിൻ മഹാരാഷ്ട്രയിലും സൗജന്യമാകുമോ ?

0

കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി പ്രഖ്യാപിച്ചെങ്കിലും മഹാരാഷ്ട്ര സർക്കാർ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാക്‌സിന് വിപണിയിൽ 1000 രൂപ നിരക്കിൽ നൽകാനാകുമെന്നും സർക്കാർ കൂടുതൽ വാങ്ങുന്ന സാഹചര്യത്തിൽ പകുതി വിലക്ക് ലഭ്യമാക്കാനാകുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല അറിയിച്ചു.

ഡിസംബർ അവസാനവാരത്തോടെ വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നതോടെ ജനുവരിയിൽ വാക്സിനേഷൻ തുടങ്ങുവനാകുമെന്നാണ് പൂനാവാല പ്രത്യാശ പ്രകടിപ്പിച്ചത്. ക്രിസ്മസോടെ ഔദ്യോദികമായ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ജനുവരിയിൽ ആദ്യ ഘട്ട കുത്തിവയ്പ്പ് ആരംഭിക്കുന്നതോടെ അടുത്ത ആറു മാസത്തിനുള്ളിൽ 3.25 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. എന്നാൽ ഇത് ജനങ്ങൾക്ക് സൗജന്യമായി നൽകുമോ, പണം ഈടാക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഉണ്ടാകുമെന്നിരിക്കെ ഇതര സംസ്ഥാനങ്ങളുടെ നിലപാട് തന്നെ മഹാരാഷ്ട്രാ സർക്കാരിനും സ്വീകരിക്കേണ്ടി വന്നേക്കാം.

ആരോഗ്യ പ്രവർത്തകർക്കായിരിക്കും ജനുവരിയിൽ ആദ്യ ഘട്ട വാക്സിൻ കുത്തിവയ്‌പ്പുകൾ നൽകുകയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദിവസ കൂലിക്കാർക്കും തുടർന്ന് മുനിസിപ്പൽ ജീവനക്കാർ, പോലീസ്, ആരോഗ്യ പ്രശ്നമുള്ള 50 വയസ്സിനുമേലുള്ളവർ എന്നിവർക്കായിരിക്കും പരിഗണന.

വാക്സിൻ കുത്തിവയ്പ്പ് ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർചെയ്യണം. തുടർന്നാണ് നിർദ്ദേശ പ്രകാരമുള്ള സമയത്ത് വാക്സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിലേത്തിലെത്തി കുത്തിവയ്പ്പ് നടത്തേണ്ടത്. ജില്ലാ, താലൂക്ക് ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരിക്കും വാക്സിൻ കേന്ദ്രങ്ങൾ തുറക്കുക. വാക്സിൻ സ്വീകരിച്ച വ്യക്തി അര മണിക്കൂറോളം ക്യാമ്പിൽ വിശ്രമിച്ച ശേഷം പാർശ്വ ഫലങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് വീട്ടിലേക്ക് മടങ്ങേണ്ടത്. എന്തെങ്കിലും ആരോഗ്യ പ്രശ്നം കണ്ടാൽ കൂടുതൽ ചികിത്സ നൽകേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here