കേൾക്കാത്ത പാതി – കഥ പറയുന്ന സൗഹൃദങ്ങൾ

നഗരജീവിതത്തിനിടയിലെ നേർക്കാഴ്ചകളും എഴുതാപ്പുറങ്ങളുമാണ് ഈ പംക്തിയിൽ പ്രതിപാദിക്കുന്നത്.

0

മുംബൈയിൽ എന്നെ കഥകളുടെ ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോയ നിരവധി സുഹൃത്തുക്കളുണ്ട്. എഴുത്തുകാരായ പ്രേമൻ ഇല്ലത്ത്, സുരേഷ് വർമ്മ, രാജൻ കിണറ്റിങ്കര, മേഘനാഥൻ, ഗിരിജാവല്ലഭൻ, കെ ആർ നാരായണൻ, സി പി കൃഷ്ണകുമാർ, ഓർമ്മ മേനോൻ, രാജൻ വെളിനല്ലൂർ, അഷ്ടമൻ, മോഹൻ പുത്തൻചിറ അങ്ങിനെ ഒട്ടേറെ സുഹൃത്തുക്കൾ.. ചിലരെല്ലാം മുംബൈ വിട്ട് ഗൾഫിലേക്കും മറ്റു ചിലർ തിരികെ കേരളത്തിലേക്കും ചേക്കേറിയവരാണ്. നോവലിസ്റ്റ് ബാലകൃഷ്ണൻ, മാനസി തുടങ്ങി നഗരത്തിലെ അറിയപ്പെടുന്ന എഴുത്തുകാരുടെ കൃതികൾ ഇനിയും വായിക്കാൻ കഴിഞ്ഞിട്ടില്ല. ഫിക്ഷനുകൾ ഏറെ വായിച്ചിരുന്നത് പഠിക്കുന്ന കാലത്തായിരുന്നു. അന്നെല്ലാം എം ടി, എം മുകുന്ദൻ, ഓ വി വിജയൻ, മാധവിക്കുട്ടി, പമ്മൻ, ബാബു കുഴിമറ്റം, വിലാസിനി, തുടങ്ങിയവരുടെ കഥകളായിരുന്നു വായനയെ ത്രസിപ്പിച്ചിരുന്നത്.

മുംബൈയിൽ വന്നതിന് ശേഷം മുഖ്യധാരയിലെ കഥകളും കവിതകളും വായിക്കാതെയായി. യാന്ത്രിക ജീവിതത്തിലെ തിരക്കിനിടയിൽ ഇഷ്ടപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങളും വാർത്തകളും മാത്രമായിരുന്നു പിന്നീട് വായനയിൽ ഇടം നേടിയത്. എന്ത് കൊണ്ടോ കഥകളിൽ നിന്നും കവിതകളിൽ നിന്നും അറിയാതെ അകലം പാലിക്കാൻ തുടങ്ങി. അത് കൊണ്ട് തന്നെ പുതിയ തലമുറയിലെ എഴുത്തുകാരുടെ രചനകൾ അപരിചിതമാണ്. എന്നിരുന്നാലും കഥകളെയും കവിതകളെയും കൈവിടാതെ കൂടെ നിർത്തിയത് മുംബൈയിലെ സുഹൃത്തുക്കളുടെ രചനകളിൽ കൂടിയാണ്. നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും സംവദിച്ചിരുന്ന രചനകൾ .. മഹാനഗരത്തിൽ എഴുത്തുകാരടങ്ങുന്ന വലിയൊരു സൗഹൃദവലയമാണ് യാന്ത്രിക ജീവിതത്തിലെ ഒഴിവുവേളകളെ പലപ്പോഴും സമ്പന്നമാക്കിയിരുന്നത്. ഈ സൗഹൃദം തന്നെയാണ് കമ്പ്യൂട്ടർ രംഗത്തേക്ക് ചുവട് മാറിയ എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ട് വന്നതും.

ഗോവിന്ദനുണ്ണിയുടെ അഘോർ, ശിവപാണൻ

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മുംബൈയിലെ ഒരു സുഹൃത്തിന്റെ കഥാസമാഹാരം കൈകളിൽ എത്തുന്നത്. ഗോവിന്ദനുണ്ണിയുടെ അഘോർ, ശിവപാണൻ എന്ന പുസ്തകത്തിന്റെ ഔദ്യോദികമായ പ്രകാശനം ജനുവരി ആദ്യവാരത്തിലാണ്.

ജീവിതത്തിന്റെ വിചിത്രമായ സംജ്ഞകളെയും സാംസ്‌കാരിക തനിമകളെയും ചെറിയ കഥകളിലൂടെ മെല്ലെ സ്പര്ശിക്കുന്നുവെന്നാണ് എഴുത്തുകാരൻ കണക്കൂർ സുരേഷ്‌കുമാർ തന്റെ ആമുഖത്തിൽ കോറിയിടുന്നത്. കഥക്കും വായനക്കുമിടയിൽ വിരിയുന്ന വേറിട്ട ചിന്തകളുടെ ഉത്സവങ്ങളെന്നാണ് സമാഹാരത്തിലെ ഗോവിന്ദനുണ്ണി കഥകളെ സുരേഷ് പരിചയപ്പെടുത്തുന്നത്.

ആദ്യം വായിച്ചത് എന്റെ പ്രിയ നഗരമേ എന്ന സമാഹാരത്തിലെ രണ്ടാമത്തെ കഥയാണ്. മുംബൈ നഗരത്തിൽ ഒരിക്കൽ ചേക്കേറിയവർക്ക് പിന്നീടിവിടം വിട്ടു പോകാനാകാത്ത വിധമുള്ള ഒരു മാസ്മരികതയുള്ള നഗരമാണ് മുംബൈ. മഹാ നഗരത്തിലെ ജീവിതാനുഭവങ്ങളെ തലോടുന്നതാണ് എന്റെ പ്രിയ നഗരമേ എന്ന ചെറുകഥ.

ശീർഷക കഥയായ ‘ അഘോർ, ശിവപാണൻ’ ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കൂടുതൽ സ്വാധീനിച്ചുവെന്ന് പറയാം. പ്രയാഗിലെ കുംഭമേളയുടെ പശ്ചാത്തലത്തിൽ രചിച്ച കഥ കൂട്ടികൊണ്ടു പോയത് അഞ്ചു വർഷം പുറകിലേക്കാണ് . നാസിക്കിൽ നടന്ന കുംഭമേള റിപ്പോർട്ട് ചെയ്യുവാൻ മുംബൈയിൽ നിന്നും പോയ കാര്യങ്ങൾ ഓർമ്മ വന്നു. ഞാനും പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാടും ചേർന്നായിരുന്നു യാത്ര. യാത്രയിൽ ഉടനീളം കുംഭമേളയുടെ പ്രത്യേകത പടുതോൾ ഗഹനമായി പരിചയപ്പെടുത്തി. നാസിക്കിലെ മലയാളി സുഹൃത്തുക്കളായ കുംഭമേള വളണ്ടിയർമാർ കൂടിയായിരുന്ന ശ്രീകുമാർ, സുരേന്ദ്രൻ, ഗോകുലം ഗോപാലേട്ടൻ എന്നിവരായിരുന്നു സൗകര്യങ്ങൾ ഒരുക്കി തന്നത്.

വിചിത്രമായ ആചാരങ്ങളും നീചമായ ജീവിതരീതികളും പുലർത്തുന്ന അച്ചടക്കമില്ലാത്ത അഘോരികളെ അടുത്തറിഞ്ഞതും അന്നാണ്. എന്തായാലും ശിവയുടെ ഗതി വായിച്ചപ്പോഴാണ് അഥർവ്വവേദത്തിലെ ദുർമന്ത്രങ്ങൾ ദുരുപയോഗം ചെയ്തവരുടെ തലമുറയാണ് ഇന്നത്തെ അഘോരി വർഗ്ഗം എന്നറിയാൻ കഴിഞ്ഞത്. വേദവും മന്ത്രവും തന്ത്രവുമെല്ലാം സ്വായത്തമാക്കിയ വാസുദേവൻ നമ്പൂതിരിപ്പാട് കൂടെയുണ്ടായിരുന്നത് ഭാഗ്യം !! ആനുകാലിക റിപ്പോർട്ടിന്റെ സാധ്യതകൾ തേടി പ്രയാഗിലെ കുംഭമേളയിലെത്തിയ ശിവയുടെ പരിവർത്തനങ്ങൾ ജിജ്ഞാസയുണ്ടാക്കുന്ന ലളിതമായ അവതരണത്തിലൂടെയാണ് ഗോവിന്ദനുണ്ണി പരിസമാപ്തിയിലെത്തിച്ചത്.

പിന്നീട് വായിച്ച കേശവന്റെ ദിവസം വരച്ചിടുന്നത് മുംബൈ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത മറ്റൊരു ഏടാണ്. ഈ കഥയിലെ കേശവനെ പോലെയൊരു സഹപ്രവർത്തകനുണ്ടായിരുന്നു. സിനി ബ്ലിറ്റ്സിൽ ജോലി ചെയ്യുമ്പോൾ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഇരിഞ്ഞാലക്കുടക്കാരൻ ചന്ദ്രമൗലിയെയായിരുന്നു കേശവൻ ഓർമ്മപ്പെടുത്തിയത്. വിജയ് മല്യ ചെയർമാൻ ആയിരുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ അന്നൊരു മലയാളിയായിരുന്നു. തൊട്ടതിനെല്ലാം പൊട്ടിത്തെറിക്കുന്ന എം ഡി യും ഒട്ടും വിട്ടു കൊടുക്കാത്ത ചന്ദ്രമൗലിയും ഒരിക്കൽ നിസ്സാര കാര്യത്തിനാണ് കൊമ്പു കോർത്തത്. രണ്ടു മലയാളികളുടെ ആത്മാഭിമാനത്തിന്റെ വടംവലിക്കൊടുവിൽ രാജിക്കത്ത് എം ഡിയുടെ നേരെ വലിച്ചെറിഞ്ഞാണ് കുടയൂർക്കാരൻ അന്ന് പടിയിറങ്ങിയത്. സിനി ബ്ലിറ്റ്സിലെ ജീവിതം മാധ്യമ രംഗത്തേക്കുള്ള ആദ്യ ചവിട്ടു പടിയായിരുന്നു. ലൈഫ്‌സ്റ്റൈൽ സിനിമ മാസികകളുടെ വെബ് പോർട്ടലിന്റെ ചുമതല വഹിക്കുമ്പോഴും എഡിറ്റർമാരുമായുള്ള ചങ്ങാത്തവും ഈ രംഗത്തോടുള്ള താല്പര്യവും സിനിമാ വാർത്തകൾ റിപ്പോർട്ട് ചെയ്യുവാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാക്കി.

ഇനിയും ജീവിതത്തെ തൊട്ടറിയുന്ന ഇരുപതോളം കഥകൾ വായിക്കാൻ ബാക്കിയുണ്ട്… സമയം പോലെ വായിച്ചെടുക്കണം…..

PREMLAL
Journalist

LEAVE A REPLY

Please enter your comment!
Please enter your name here