ഓർമ്മകളിൽ രമണൻ

0

രമണൻ അന്തരിച്ചു. കാഥികൻ, നടൻ സാമുഹ്യ പ്രവർത്തകൻ ഈ വിശേഷണങ്ങളൊക്കെയുള്ള നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ.  ഇദ്ദേഹത്തിൻ്റെ സാംസ്കാരിക രംഗത്തെയും കലാലോകത്തെയും ഇടപെടലുകളെ കുറിച്ചോ അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചോ അധികമൊന്നും അറിയില്ല. കാരണം ഞാനൊക്കെ മുംബൈയിൽ വരുന്നതിനും എത്രയോ മുമ്പ് തുടങ്ങിയതാണ് അദ്ദേഹം കലാജീവിതവും സാംസ്കാരിക പ്രവർത്തനവും.
 രമണനെ കേരളീയ സമാജത്തിൻ്റെ വേദികളിൽ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നേരിട്ട് പരിചയപ്പെട്ടിരുന്നില്ല. ഒരിക്കൽ (മൂന്നോ നാലോ വർഷം മുമ്പ്) സമാജത്തിൻ്റെ കീഴിലുള്ള മോഡൽ സ്കൂളിൽ വച്ച് ഒരു അവാർഡ് ദാന ചടങ്ങ് നടന്നു.  മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജ്വാല മാഗസിൻ ശാസ്ത്ര മേഖലയിൽ കഴിവുകൾ തെളിയിക്കുന്ന വ്യക്തികൾക്കു നൽകുന്ന അവാർഡായിരുന്നു അത്. 

കേരളത്തിലുള്ള ഒരു യുവപ്രതിഭക്കായിരുന്നു അവാർഡ്. ബാബ ആറ്റോമിക് റിസർച്ച് സെൻ്ററിലെ ശാസ്ത്രജ്ഞരൊക്കെ വിശിഷ്ടാതിഥികളായി എത്തിയിരുന്ന ചടങ്ങിൽ പക്ഷെ കാണികൾ കുറവായിരുന്നു. അവിചാരിതമോ അനവസരത്തിലോ കോരിച്ചൊരിഞ്ഞ ഒരു മഴയായിരുന്നു അതിന് കാരണം.  
 രമണൻ അന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി വേദിയിലുണ്ടായിരുന്നു. ഞാനദ്ദേഹത്തെയും അദ്ദേഹം എന്നെയും പല തവണ പല ദിക്കിൽ വച്ച്’ കണ്ടിട്ടുണ്ടെങ്കിലും പരസ്പരം അത്ര ഇടപഴകാത്തതിനാൽ അദ്ദേഹമാണ്  രമണൻ എന്ന് എനിക്കറിയാമെങ്കിലും ഞാൻ രാജൻ കിണറ്റിങ്കരയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

അന്ന് വേദിയിലുണ്ടായിരുന്ന  രമണന് പൂച്ചെണ്ട് നൽകി സ്വീകരിക്കാൻ സംഘാടകർ ചുമതലപ്പെടുത്തിയത് എന്നെയായിരുന്നു. ഞാനെൻ്റെ ദൗത്യം പൂർത്തിയാക്കി പതിവുപോലെ ആൾക്കൂട്ടത്തിലെ പിൻസീറ്റിൽ സ്ഥാനം പിടിച്ചു.  
 ചടങ്ങ് കഴിഞ്ഞ് ആളുകൾ പരസ്പരം പരിചയപ്പെടലും സംസാരവും നടത്തുമ്പോൾ ഞാൻ  രമണൻ്റെ അടുത്ത് ചെന്നു (അവിടെ എനിക്ക് മുഖ പരിചയമെങ്കിലും ഉള്ള വ്യക്തി അദ്ദേഹം മാത്രമായിരുന്നു) … എന്നെ കണ്ടതും  രമണൻ മുഖവുരയില്ലാതെ ചോദിച്ചു ”എന്നെത്തി നാട്ടിൽ നിന്ന് ?”  .. ഞാൻ കൺഫ്യൂഷനിലായി.  സ്കൂളിൻ്റെ തൊട്ടപ്പുറത്ത് താമസിക്കുന്ന എന്നോടാണ് നാട്ടിൽ നിന്ന് എന്ന് വന്നുവെന്ന് ചോദിക്കുന്നത് ? :”ഞാനിവിടെ തന്നെയാണല്ലോ”.  ഞാൻ പറഞ്ഞു.  അപ്പോൾ അവാർഡ്?  അദ്ദേഹം അർദ്ധ വിരാമമിട്ടു.  ഞാൻ പറഞ്ഞു എൻ്റെ പേര് രാജൻ കിണറ്റിങ്കര എന്നാണ് .

അപ്പോഴാണ് കേരളത്തിൽ നിന്ന് അവാർഡ് വാങ്ങാനെത്തിയ വ്യക്തിയാണ് ഞാനെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് മനസ്സിലായത്.  അദ്ദേഹത്തിന് പൂച്ചെണ്ട് നൽകിയത് ഞാനായത് കൊണ്ട് ആ സംശയം ഒന്ന് കൂടി ബലപ്പെട്ടു എന്ന് മാത്രം . ഒരു ഓല പമ്പരം പോലും ഉണ്ടാക്കാനറിയാത്ത എനിക്ക് ശാസ്ത്രലോകത്തെ കണ്ടുപിടുത്തത്തിന് അവാർഡ് കിട്ടി എന്ന്  അദ്ദേഹം തെറ്റിദ്ധരിച്ചതിൽ ഒരു നിമിഷത്തേക്ക് ഞാൻ ആനന്ദപുളകിതനായി.

പിന്നീട് പലവട്ടം ഞങ്ങൾ കണ്ടു. അപരിചിതത്വമില്ലാതെ (തെറ്റിദ്ധരിക്കാതെയും) സംസാരിച്ചു.  ഭാര്യ മരിക്കും മുന്നെ അദ്ദേഹവും ഭാര്യയും ഒന്നിച്ചായിരുന്നു ഗാർഡനിൽ പ്രഭാത സവാരിക്ക് വരുക.  എന്നെ കണ്ടാൽ അദ്ദേഹം നടത്തം നിറുത്തി പഴയ കാല ഓർമ്മകളെ കയറഴിച്ചു വിടും.  നാടകം കഥാപ്രസംഗം സാംസ്കാരിക ജീവിതം  മുംബൈയിൽ വന്ന കാലം തൊട്ടുള്ള കഥകൾ ഓരോന്നായി അയവിറക്കും.  പിന്നെ കാലത്തിൻ്റെ മാറ്റത്തിൽ നെടുവീർപ്പിടും.  ഇടയ്ക്ക് ദൂരെ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്ന ഭാര്യയെ നോക്കി എന്നോട് പറയും “ഭാര്യ ഞാൻ നടത്തം നിർത്തിയോ എന്ന് ശ്രദ്ധിക്കുന്നുണ്ട്  .. നടക്കട്ടെ …  അടുത്ത റൗണ്ടിൽ കാണാം. ” ഇത് പറഞ്ഞ് വീണ്ടും നടത്തം തുടരും.

അതിനിടയിലാണ് ആകസ്മികമായി അദ്ദേഹത്തിൻ്റെ ഭാര്യയുടെ വിയോഗം അറിയുന്നത്.  പിന്നെ ഒന്ന് രണ്ട് തവണ കൂടി ഞങ്ങൾ കണ്ടിരിക്കും. ഇന്നലെ നിനച്ചിരിക്കാതെ  അദ്ദേഹവും .. നാട്യങ്ങളില്ലാതെ മനസ്സ് തുറന്ന് സംസാരിക്കുന്ന ഒരു വ്യക്തി കൂടി.  ഡോംബിവലി ഗാർഡനിൽ വെയിൽ ചാഞ്ഞിരിക്കുന്നു.  ആൾക്കൂട്ടങ്ങളിൽ ഓർമ്മകളുടെ ലോകത്തേക്ക് എൻ്റെ ഏകാന്ത സന്ധ്യകളെ കൈ പിടിച്ചു നടത്തിയ ശ്രീ രമണൻ വെള്ള മുറിക്കയ്യൻ ഷർട്ടുമിട്ട് വളവ് തിരിഞ്ഞു വരുന്നുവോ?

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here