കിടപ്പാടം വിറ്റു താമസം ഓട്ടോറിക്ഷയിലേക്ക് ചുരുക്കിയ വൃദ്ധന്റെ അതിജീവനത്തിന്റെ കഥ

0

മുംബൈയിലെ ഖാർ റോഡിനടുത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ദേശരാജിന്റെ കഥ ഹൃദയഭേദകമാണ്. രണ്ടു മക്കളുടെ അകാല മരണം തളർത്തിയ വൃദ്ധൻ ഇന്ന് കൊച്ചു മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബം പോറ്റാനുമായി രാപ്പകൽ ഓട്ടോറിക്ഷയോടിച്ചാണ് പണം കണ്ടെത്തുന്നത്.

ആറുവർഷം മുൻപാണ് തന്റെ മൂത്തമകനെ വീട്ടിൽ നിന്ന് കാണാതാകുന്നത്; പതിവുപോലെ ജോലിക്ക് പോയ മകൻ പക്ഷെ തിരിച്ചെത്തിയില്ല. ഒരാഴ്ചയ്ക്ക് ശേഷം മകന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 40-ാം വയസ്സിൽ മരണമടഞ്ഞ മകനെയോർത്ത് വിലപിക്കാൻ പോലും പ്രായമായ പിതാവിന് സമയം ലഭിച്ചില്ല. തന്റെ ഒരു ഭാഗമാണ് നഷ്ടപ്പെട്ടതെങ്കിലും അതിജീവനത്തിനായി ഓട്ടോറിക്ഷയുമായി റോഡിലിറങ്ങി.

രണ്ട് വർഷത്തിന് ശേഷം ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ മറ്റൊരു മകൻ ആത്മഹത്യ ചെയ്തു. ഇതോടെ മരുമകളുടെയും അവരുടെ നാല് മക്കളുടെയും ഉത്തരവാദിത്തമാണ് തലയിൽ വീണത്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ചെറുമകൾ അവൾക്ക് സ്കൂൾ വിടേണ്ടിവരുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു ജീവിതത്തിൽ കാലിടറിയത്. അവൾക്ക് ആവശ്യമുള്ളത്രയും പഠിക്കാൻ കഴിയുമെന്ന് ഉറപ്പ് നൽകുമ്പോൾ മനസ്സിൽ ഓട്ടോറിക്ഷയും അതോടിച്ചു കിട്ടുന്ന വരുമാനവും മാത്രമായിരുന്നു

കുടുംബം പോറ്റാനായി കൂടുതൽ സമയം ജോലിചെയ്യാൻ തുടങ്ങി – രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാതി രാത്രി വരെ കിട്ടാവുന്ന ഓട്ടമെല്ലാം എടുക്കും. മാസത്തിൽ 10,000 രൂപയെങ്കിലും ചിലവ് കഴിഞ്ഞു സമ്പാദിക്കാനായാണ് പാട് പെടുന്നത്. . ഈ തുകയിൽ നിന്ന് വേണം പേരക്കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് കണ്ടെത്താൻ. ഏകദേശം ആറായിരത്തോളം രൂപ അതിനായി ചിലവാകും. ബാക്കി 4,000 രൂപ കൊണ്ടാണ് ഏഴ് പേരുടെ വിശപ്പടക്കിയിരുന്നത്. പല ദിവസങ്ങളിലും സ്വയം പട്ടിണി കിടന്ന് പേരക്കുട്ടികളുടെ വിശപ്പകറ്റും.

എന്നിരുന്നാലും, പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ചെറുമകൾ 80 ശതമാനം മാർക്ക് നേടിയപ്പോൾ സന്തോഷം അടക്കാനായില്ല. അന്നത്തെ ദിവസം മുഴുവൻ കൊച്ചു മകളുടെ നേട്ടം ആഘോഷിക്കുകയായിരുന്നു. ആരോടും പൈസ വാങ്ങാതെ റിക്ഷയിൽ കയറിയവർക്കെല്ലാം സൗജന്യ സവാരി കൊടുത്തു.

എന്നാൽ ദേശരാജ് തളർന്നു പോയത് ചെറു മകളുടെ പുതിയ ആവശ്യത്തിന് മുന്നിലായിരുന്നു. ബിഎഡ് കോഴ്സിനായി ദില്ലിയിലേക്ക് പോകണമെന്ന ആഗ്രഹത്തിന് മുൻപിൽ ഒരു വേള പകച്ചു നിന്നു.

” പക്ഷെ എനിക്ക് അവളുടെ സ്വപ്നങ്ങൾക്ക് തടയിടാനായില്ല. .. എന്ത് വില കൊടുത്തും. അങ്ങിനെയാണ് വീട് വിറ്റ് അവളുടെ ഫീസ് അടച്ചത്” എല്ലാം നഷ്ടപ്പെട്ട വാക്കുകളിലും അഭിമാനത്തിന്റെ പതറാത്ത ശബ്ദം

മുംബൈയിൽ ഓട്ടോ ഓടിക്കുന്നത് തുടരുന്നതിനിടെ, ദേശരാജ് തൻ്റെ ഭാര്യയെയും മരുമകളെയും മറ്റ് പേരക്കുട്ടികളെയും അവരുടെ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചാണ് തൽക്കാലം പരിഹാരം കണ്ടത്. ദേശരാജിന്റെ ജീവിതം പിന്നെ ഓട്ടോറിക്ഷയിലേക്ക് ചുരുങ്ങി. ഭക്ഷണവും ഉറക്കവുമെല്ലാം വാഹനത്തിനുള്ളിൽ. എല്ലാ വേദനകളും മറക്കുന്നത് ക്ലാസ്സിൽ ഒന്നാമതെത്തിയെന്ന് പറയാൻ പേരക്കുട്ടി വിളിക്കുമ്പോഴാണ്.

കഴിഞ്ഞ ദിവസം ‘ഹ്യൂമൻസ് ഓഫ് ബോംബെ’എന്ന ഫേസ്ബുക് പേജാണ് തന്റെ രണ്ട് മക്കളെയും നഷ്ടപ്പെട്ട ദേശരാജ് എന്ന വൃദ്ധന്റെ അതിജീവനത്തിന്റെ കഥ പങ്കു വച്ചത്. തന്റെ കൊച്ചുമക്കളും മരുമക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി നഗരത്തിൽ പരക്കം പായുന്ന ദേശരാജിന്റെ കഥ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. പേരക്കുട്ടിയുടെ പഠിപ്പിനായി സകലതും വിറ്റു തെരുവിൽ കഷ്ടപ്പെടുന്ന മുത്തച്ഛനെ സഹായിക്കാൻ നിരവധി പേർ മുന്നോട്ടു വരികയായിരുന്നു.

കൊച്ചുമകൾ അധ്യാപികയായി കാണാൻ കാത്തിരിക്കുന്ന മുത്തച്ഛന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും നഗരത്തിലെ നന്മ വറ്റാത്ത സമൂഹത്തിന്റെ സെൽഫി ചിത്രമായി അവശേഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here