മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈയിലെ പുതുതലമുറ; മലയാളം മിഷൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം

0

പഠനോത്സവം എന്ന പേരില്‍ അറിയപ്പെടുന്ന മലയാളം മിഷന്‍ പരീക്ഷകള്‍ക്ക് ആരംഭം കുറിക്കുന്നു. ആദ്യ പരീക്ഷ കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകാർക്ക് വേണ്ടി ഇന്ന് രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ഓൺലൈനായി നടക്കുക. ഡിപ്ലോമ കോഴ്സായ സൂര്യകാന്തിക്കും ഹയർ ഡിപ്ലോമ കോഴ്സ് ആമ്പലിനും ഉള്ള പരീക്ഷകൾ ഫെബ്രുവരി ഇരുപത്തി ഒന്നിന് നടക്കും.
മുംബൈ ചാപ്റ്ററിൽ ഉൾപ്പെടുന്ന ഒൻപത് വിവിധ മേഖലകളിൽ നിന്നും എഴുനൂറിലധികം പഠിതാക്കൾ മൂന്ന് കോഴ്‌സുകളിലുമായി പഠനോത്സവത്തിൽ പങ്കാളികളാകുന്നു. അധ്യാപകരും സാങ്കേതിക വിദഗ്ദ്ധരുമടങ്ങുന്ന എൺപതോളം മലയാളം മിഷൻ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ് പഠനോത്സവം നടത്തുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് സ്കൂൾ അവധി ആയതിനാൽ നാട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പോയ വിദ്യാർഥികളും അതാതിടങ്ങളിലിരുന്ന് ഓൺലൈനായി പരീക്ഷ എഴുതുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ഓൺലൈൻ ആയാണ് മലയാളം ക്‌ളാസ്സുകൾ നടന്നു വന്നത്. മുംബൈയിൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് പത്താം വർഷത്തിൽ എത്തി നിൽക്കുമ്പോൾ പരീക്ഷകള്‍ ആറാമത് തവണയാണ് നടക്കുന്നത്.

അമ്മമാരും കുഞ്ഞുങ്ങളും ഒന്നിച്ച് പരീക്ഷയെഴുതുന്നു എന്ന പ്രത്യേകത കൂടി മലയാളം മിഷന്‍ പരീക്ഷകള്‍ക്കുണ്ട്. മുംബ്ര ബദലാപൂര്‍ മേഖലയിലെ ഉല്ലാസ് ആര്‍ട്സ് ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ പഠനകേന്ദ്രത്തില്‍ മലയാളം പഠിക്കുന്ന സന്ധ്യ സുഗീഷ് മകൾ സാൻവി സുഗീഷ് നായർക്കൊപ്പം ഇത്തവണ കണിക്കൊന്ന പരീക്ഷ എഴുതുന്നു. സന്ധ്യ സുഗീഷ് ജനിച്ചു വളർന്നതും പഠിച്ചതും ബാംഗ്ലൂരിൽ. വിവാഹ ശേഷം ഉല്ലാസ് നഗറില്‍ താമസമായി. അവിടത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന സന്ധ്യ ഇപ്പോള്‍ ഉല്ലാസ് ആര്‍ട്സ് ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ട്രെഷറര്‍ കൂടി ആണ്. മകള്‍ സാൻവി ഉല്ലാസ് നഗറിലെ ഹോളി ഫാമിലി കോൺവെൻറ് ഹൈസ്കൂളില്‍ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.

കണിക്കൊന്ന പഠനോത്സവത്തില്‍ പങ്കെടുക്കുന്ന മറ്റൊരു അമ്മയും മകളുമാണ് മുംബ്ര –ബദലാപൂര്‍ മേഖലയിൽ, ഠാക്കുർളി ജനശക്തി നടത്തുന്ന പഠനകേന്ദ്രത്തിലെ കുട്ടി അവന്തികയും അമ്മ പ്രിയ സുമേഷും . അവന്തിക നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ്. അമ്മ പ്രിയ അന്ധേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ എച്ഛ് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. എഴുപതുകളുടെ തുടക്കത്തിൽ മുംബൈയിലേക്ക് തൊഴിലന്വേഷിച്ചെത്തിയതാണ് പ്രിയയുടെ അച്ഛൻ ശിവകുമാർ. പശ്ചിമ റെയിൽവെയിൽ ഉദ്യോഗം ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. മകളോടൊപ്പം പഠനോത്സവത്തിൽ പങ്കാളിയായി പ്രിയയും മലയാളം എഴുതാനും വായിക്കാനും പഠിച്ചെടുത്തു.

കൊളാബ മാൻഖുർദ് മേഖലയിലെ ചെമ്പൂർ ക്യാമ്പില്‍ തോളാറാമില്‍ ട്രോംബെ മലയാളി സാംസ്കാരിക സമിതി നടത്തുന്ന പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് അമ്മ ഹബിത ദിലീപും മകൾ അപൂർവ്വ നായരും. ഫെബ്രുവരി 14 ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവത്തിൽ ഇരുവരും പങ്കെടുക്കുന്നു. അപൂര്‍വയുടെ സഹോദരി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ആരാധ്യയും ഈ വർഷം മുതൽ മലയാളം ക്ലാസ്സിലെ നിറസ്സാനിധ്യമാണ്. പൂർണ പിൻതുണയുമായി ഭർത്താവ് ദിലീപും ഒപ്പമുണ്ട്. ചെമ്പൂർ മോഡൽ സ്കൂൾ അധ്യാപികയാണ് അമ്മ ഹബിത ദിലീപ്. അതേ സ്ക്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അപൂര്‍വ്വ. മുംബൈയിൽ ജനിച്ച് വളർന്ന തനിക്ക് മക്കളോടൊപ്പം മലയാള ഭാഷയും സംസ്കാരവും സ്വായത്തമാക്കാന്‍ കഴിയണം എന്ന ആഗ്രഹത്തോടെയും അവേശത്തോടെയുമാണ് ഹബിത ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പ്രായം ഒരു പരിമിതിയായി കാണാതെ ഇനിയും ഒരുപാട് പേർ അക്ഷരമുറ്റത്തെത്തണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. മലയാളം മിഷന്‍ അദ്ധ്യാപകമാരായ ആശ ടീച്ചറിനും, അർഷ ടീച്ചറിനും ഏറെ അഭിമാനമേകുന്നവരാണ് ഈ അമ്മയും മക്കളും.

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്‍റെ ഈ വർഷത്തെ പഠനോത്സവത്തിൽ പങ്കെടുക്കുവാൻ നവി മുംബൈ മേഖലയിൽ നിന്ന് നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം പഠനകേന്ദ്രത്തിലെ പഠിതാക്കളായ അമ്മ ബോസ്കി ക്രിസ്റ്റഫറും മകന്‍ അഡിൻ ആൽബിയും വളരെ ഉത്സാഹത്തോടു കൂടി തയ്യാറായി കഴിഞ്ഞു. ബോസ്കി ക്രിസ്റ്റഫറിന്റെ ഭർത്താവ് ആൽബി ബാബു കഞ്ചൂർ മാർക്ക് HDFC യിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌ ആണ്. ബോസ്കി മുംബൈയിൽ ജനിച്ചു വളർന്നതാണ്. നാട്ടിൽ പോകേണ്ടതായ സാഹചര്യം വന്ന സമയത്താണ് മലയാളം വായിക്കാനും എഴുതാനും അറിയാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്. ഇപ്പോൾ രണ്ടു വർഷമായി മലയാളം പഠിച്ചു കൊണ്ടിരിക്കുന്നു.

മലയാളം മിഷന്‍റെ ഈ വർഷത്തെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അമ്മയും മകനും സന്തോഷം പങ്കുവച്ചു. ഇവർ ഇപ്പോൾ നാട്ടിൽ വളരെ ഉത്സാഹത്തോടെയാണ് പോകുന്നത്. ബസ്സിന്റെ ബോർഡ് വായിയ്ക്കാനും അവിടവിടെ പതിപ്പിച്ച പരസ്യങ്ങൾ വായിയ്ക്കാനും പഠിച്ചു കഴിഞ്ഞു. ഭാര്യയുടേയും മകന്‍റെയും ഭാഷാപഠനത്തില്‍ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഭർത്താവായ ആൽബിയാണ്. മലയാളം മിഷൻ അധ്യാപിക എന്ന നിലയിൽ ഇങ്ങനെയുള്ള പഠിതാക്കള്‍ക്ക് ഭാഷാജ്ഞാനം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നതായി നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം അദ്ധ്യാപികയായ ലത ഷിബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here