മുംബൈയിൽ ലോക്കൽ ട്രെയിൻ യാത്രക്കിടെ യുവതിയെ ആക്രമിച്ച് ആഭരണം തട്ടിയെടുത്തു

0

മുംബൈയിൽ വസായിയിൽ നിന്ന് പുറപ്പെട്ട ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഇരുപത്തിയൊമ്പത് വയസുകാരിയായ യുവതിയാണ് ബുധനാഴ്ച രാവിലെ അക്രമത്തിന് ഇരയായത്.

വസായിക്കും നെയ്‌ഗാവ് റെയിൽ‌വേ സ്റ്റേഷനും ഇടയിലാണ് സംഭവം. പ്രാഥമിക ചികിത്സയ്ക്കായി യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. വസായ് റെയിൽവേ പോലീസ് കേസെടുത്തു.

വാസായ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തു പോകുന്നതായി കാണുന്നുണ്ട്.

വസായിൽ താമസിക്കുന്ന യുവതി തന്റെ സുഹൃത്തിനെ സന്ദർശിക്കുവാനായിരുന്നു അന്ധേരിയിലേക്കുള്ള ലോക്കൽ ട്രെയിനിൽ കയറിയത്. രാവിലെ 7.30 ന് വസായ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പ്രതി കോച്ചിനുള്ളിലേക്ക് കയറുന്നത്. രാവിലെയായതിനാൽ ട്രെയിനിലെ ലേഡീസ് കമ്പാർട്മെന്റ് ശൂന്യമായിരുന്നുവെന്നും അന്വേഷണത്തിന് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബോഗിയിൽ കയറിയ പ്രതി ആദ്യം യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാനാണ് ശ്രമിച്ചത്. എന്നാൽ യുവതി ചെറുത്ത് നിന്നതോടെ ശ്രമം പാഴായി. പ്രകോപിതനായ പ്രതി പിന്നീട് സ്ത്രീയെ കയ്യിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്തും തലയിലും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതിരോധത്തിലായ യുവതി തിരിച്ചടിക്കാൻ തുടങ്ങി. ഇതോടെ പ്രതി യുവതി കഴുത്തിലണിഞ്ഞ സ്വർണ്ണ മാല വലിച്ചെടുത്തു. അപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയിരുന്നു. വലിച്ചു പൊട്ടിച്ച മാലയുമായി പ്രതി സ്റ്റേഷനിൽ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനിരയായ യുവതിയുടെ തലയിലും മുഖത്തും പരുക്കേറ്റിരുന്നു. മുഖത്ത് നിന്നും രക്തസ്രാവമുണ്ടായിരുന്നു. യുവതിയുടെ നില കണ്ട സ്റ്റേഷനിലുണ്ടായ യാത്രക്കാർ ചേർന്നാണ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തിയാണ് വസായ് റെയിൽവേ പോലീസിൽ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here