ഡിസംബറിന് മുൻപ് നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് വി ജി എൻ ജ്വല്ലറി ഉടമ; ആയിരങ്ങൾ ആശയക്കുഴപ്പത്തിൽ

2

കോവിഡ് പൊട്ടിപുറപ്പെട്ടതോടെ പ്രതിസന്ധിയിലായ മുംബൈയിലെ വി ജി എൻ ജ്വല്ലറിയിലെ ആയിരക്കണക്കിന് നിക്ഷേപകരാണ് എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. ജീവിത സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചു പലിശ കൊണ്ട് ജീവിച്ചിരുന്ന വലിയൊരു വിഭാഗം സാധാരണക്കാരുടെ ജീവിതമാണ് ഇതോടെ തകിടം മറിഞ്ഞത്.

മാർച്ച് അവസാനത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെയാണ് കച്ചവടം ചെയ്യാനാകാതെ ജ്വല്ലറി ഷോറൂമുകൾ കൂടാതെ വിജിഎൻ ചിട്ടി കമ്പനിയുടെ പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലായത്.

പ്രതിസന്ധികൾക്കിടയിലും ജ്വല്ലറി ഉടമ നേരിട്ട് തന്നെയായിരുന്നു ആശങ്കയിലായ ആയിരക്കണക്കിന് നിക്ഷേപകരുടെ പരിഭ്രാന്തിക്ക് ആശ്വാസം പകർന്നിരുന്നത്. എന്നാൽ പല അവധികൾ കഴിഞ്ഞിട്ടും തങ്ങളുടെ പണത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിൽ വലിയൊരു വിഭാഗം നിരാശയിലാണ്.

ഇക്കഴിഞ്ഞ ദിവസം വാടക കരാറിൽ ആയിരുന്ന കല്യാണിലെ ഷോറൂം പ്രവർത്തിച്ചിരുന്ന കട കെട്ടിട ഉടമസ്ഥൻ തിരിച്ചെടുത്ത് മറ്റൊരു താഴിട്ടു പൂട്ടിയതാണ് വലിയ ആശയക്കുഴപ്പത്തിന് ഇട നൽകിയത്. തനിക്ക് വാടക ഇനത്തിൽ വലിയൊരു തുക ലഭിക്കാനുണ്ടെന്നും മാത്രമല്ല നിരവധി നിക്ഷേപകരാണ് ദിവസേന പരാതികളുമായി ഇവിടെ കയറി ഇറങ്ങുന്നതെന്നും കടയുടമ ശിവദാസൻ പരാതിപ്പെടുന്നു. തന്റെ പ്രോപ്പർട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് നിയമോപദേശത്തിന് ശേഷം അടക്കുവാൻ നിർബന്ധിതനായതെന്നാണ് ബിൽഡർ കൂടിയായ ശിവദാസൻ പറഞ്ഞത്. പകരം ഇതേ കെട്ടിടത്തിലെ പുറക് വശത്ത് മൂവായിരത്തോളം സ്ക്വയർ ഫീറ്റ് സ്ഥലം തൽക്കാലം ഓഫീസായി ഉപയോഗിക്കാൻ കൊടുക്കുവാനും തയ്യാറാണെന്ന് ദാസൻ പറയുന്നു.

എന്നാൽ ഷോറൂം അടച്ചാൽ വിപരീതഫലമുണ്ടാകുമെന്ന ആശങ്കയാണ് ജ്വല്ലറി ഉടമയായ വി ജി നായർ പങ്കു വച്ചത്. തനിക്ക് നിക്ഷേപകരുടെ പൈസ തിരികെ കൊടുക്കേണ്ടതുണ്ടെന്നും ഇത്തരം അവസ്ഥ കളക്ഷനെ ബാധിക്കുമെന്നും നായർ ആശങ്കപ്പെടുന്നു.

കല്യാൺ ഷോ റൂം അടച്ചതിന് പിന്നാലെ കെട്ടിട ഉടമ നോട്ടീസ് കൂടി പതിപ്പിച്ചതോടെ സ്ത്രീകൾ അടങ്ങുന്ന നൂറു കണക്കിന് നിക്ഷേപകർ സ്ഥലത്തെത്തി മുറവിളി കൂട്ടുവാനും തുടങ്ങി. പലരും പണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാകണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. പലിശ ഇല്ലെങ്കിലും തങ്ങളുടെ മുതലെങ്കിലും തിരികെ നൽകണമെന്നാണ് തടിച്ചു കൂടിയ നിക്ഷേപരെല്ലാം ആവശ്യപ്പെട്ടത്. വലിയൊരു വിഭാഗം നിക്ഷേപകരും ജ്വല്ലറി ഷോ റൂം തുറക്കാൻ അനുവദിക്കണമെന്ന നിലപാടിലാണ് തടിച്ചു കൂടിയത്. എന്നാൽ പ്രതിസന്ധികൾക്കിടയിലും ജ്വല്ലറി ഉടമ എവിടെയും ഓടി പോയിട്ടില്ലെന്നും പണം തിരികെ നൽകുവാനുള്ള സാവകാശം നൽകണമെന്ന അഭിപ്രായവും പലരും പങ്കു വച്ചു . കമ്പനിയിൽ പൈസ വരുന്നതിനനുസരിച്ചു നിക്ഷേപകർക്ക് കുറേശ്ശേയായി പണം തിരികെ നൽകുന്നുണ്ടെന്നും കോവിഡ് ലോക്ക് ഡൌൺ മൂലം ദുരിതത്തിലായ കച്ചവടത്തെ തിരികെ പിടിക്കാൻ ഒപ്പം നിൽക്കുമെന്നും സ്ത്രീകൾ അടങ്ങുന്ന നിക്ഷേപകർ പറയുന്നുണ്ടായിരുന്നു.

കമ്പനിയിൽ പൈസ അടക്കുവാനുള്ളവർ നിലവിലെ അനശ്ചിതാവസ്ഥ കാരണം പണം അടക്കുന്നില്ലെന്നും കോടിക്കണക്കിന് രൂപയാണ് മാർക്കറ്റിൽ നിന്നും ലഭിക്കാനുള്ളതെന്നും ജ്വല്ലറി ഉടമയായ വി ജി നായർ പറയുന്നു. ലക്ഷക്കണക്കിന് ഏജന്റുമാരാണ് കഴിഞ്ഞ 20 വർഷമായി സ്വർണ ചിട്ടിയുമായി ബന്ധപ്പെട്ടു ജോലി ചെയ്തു വരുന്നതെന്നും ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും നിലവിലെ നിസ്സഹായാവസ്ഥ പങ്ക് വച്ച് നായർ വിശദീകരിക്കുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധിയിലായ ജ്വല്ലറി വ്യവസായത്തെ നവീകരണ പദ്ധതിയിലൂടെ തിരികെ കൊണ്ടുവരുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി പോയ വാരം താനെ ശ്രീനഗറിൽ ചേർന്ന യോഗത്തിൽ മുംബൈയിലെ മുൻ നിര വ്യവസായികൾ അടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

ഇതിനിടെ കല്യാണിലെ ഷോറൂം തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് വി ജി നായർ മുന്നോട്ടു വയ്ക്കുന്നത്. 2021 ഡിസംബറിന് മുൻപ് നിക്ഷേപകരുടെ പണം തിരികെ നൽകാനാകുമെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ വി ജി നായർ ഉറപ്പ് നൽകിയത്.

2 COMMENTS

 1. വീ ജി എൻ ഉടമ ശ്രീ വി. ജി. നായർ ഇതുവരെ പണ  നിക്ഷേപകരോടും ഉപഭോക്താക്കളോടും കാണിച്ച വിശ്വസ്തത നിലനിർത്തും എന്നതിന് ആർക്കും ഒരു സംശയവും വേണ്ട.  ആ ഗുണം അദ്ദേഹത്തിൻ്റെ രക്തത്തിൽ ഉണ്ടെന്നാണ് അദ്ദേഹത്തെ നേരിൽ അറിയുന്ന എല്ലാവരുടെയും വിശ്വാസം.  ഒളിച്ചോടുന്ന സ്വഭാവം ഒന്നും അദ്ദേഹത്തിനില്ല.  സ്വന്തം മാനസീക ബലത്തോടെ, നല്ല കച്ചവട നിലപാടോടെ നിന്നതു കൊണ്ട് തന്നെയാണ് ഇത്രയും നല്ല ഒരു സ്ഥാപനം പടുത്തുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് എന്നതിൽ മറ്റൊരു അഭിപ്രായം ഉണ്ടാകില്ല.  പോയ വർഷത്തെ  നമ്മളൊന്നും  ഇതുവരെ അനുഭവിക്കാത്ത ദുഃസ്സഹ സാഹചര്യങ്ങൾ മറ്റു പല മണ്ഡലങ്ങളിലും നാശ നഷ്ടങ്ങൾ സൃഷ്ടിച്ചതുപോലെ സ്വർണ വ്യവസായ/ സാമ്പത്തിക  മേഖലയിലും വൻ നഷ്ടങ്ങൾ ഉണ്ടാക്കി എന്ന് പറയേണ്ടതില്ലല്ലോ.  ഈ വിഷമകരമായ  സാഹചര്യത്തിൽ വീ ജി എന്നെ വിശ്വസിച്ച്‌ അദ്ദേഹത്തോടൊപ്പം നിന്ന് കുടിശ്ശികയൊക്കെ അടച്ചു തീർത്തു വീണ്ടും ഈ സ്ഥാപനത്തെ ഉയർത്തുന്നതായിരിക്കും യുക്തി.  

 2. ശ്രീ. VG. നായർ ഒരു ബിസിനസ്സ്കാരൻ
  മാത്രമല്ല, ഒരു മനുഷ്യ സ്നേഹിയും കൂടിയാണ്. പല മനുഷ്യർക്കും വലിയ സഹായം നൽകിയിട്ടുള്ള വ്യക്തിയാണ്
  അദ്ദേഹം. പല പ്രസ്ഥാനങ്ങളും പച്ച പിടിച്ചത് അദ്ദേഹം നൽകിയ സാമ്പത്തിക സഹായം കൊണ്ടാണ്.
  പല ദുർഘട പരിത:സ്ഥിതിയിലും
  തളരാതെ പിടിച്ചു നിന്ന ശക്തനായ
  വ്യക്തി. ആരെയും വഞ്ചിച്ചിട്ടില്ല എന്ന്
  തീർത്തും പറയാം. ഇനിയും വഞ്ചിക്കില്ല
  എന്നും ഉറപ്പിച്ചു പറയാം. കോവിഡ് മൂലം ബിസിനസ്സ് തല്ക്കാലം നിന്നു
  എങ്കിലും അതു തുടങ്ങി എത്രയും
  വേഗം പൂർവ്വ സ്ഥിതിയിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്. അതു കൊണ്ട് എല്ലാവരും ക്ഷമയോടെ സഹകരിക്കുക. ഒരു പൈസ പോലും നഷ്ടപ്പെടാതെ തിരിച്ചു കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു. VGN ന്നു മായി
  ബന്ധപ്പെട്ടവർ ഒന്നിച്ചു ചേർന്നു ആ
  സംരംഭത്തിനെ സപ്പോർട്ട് ചെയ്താൽ
  കാര്യങ്ങൾ നേരെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here