ദൃശ്യം 2 – ആദ്യ ഭാഗത്തേക്കാൾ മികച്ച ത്രില്ലർ (Movie Review)

0

മലയാളത്തിലും അന്യഭാഷകളിലും മികച്ച വിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഓ ടി ടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്തപ്പോൾ സ്വീകരണ മുറിയുടെ സൗകര്യത്തിലിരുന്നു കാണാൻ കഴിഞ്ഞുവെങ്കിലും നഷ്ടപ്പെട്ടത് തീയേറ്ററുകൾക്കുള്ളിലെ നിശ്വാസങ്ങളും ആരവങ്ങളുമായിരുന്നു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ മികവോടെ മെനഞ്ഞെടുത്ത തിരക്കഥയെ ഒട്ടും ആവേശം ചോരാതെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്നെയാണ് ജീത്തു ജോസഫ് എന്ന യുവ സംവിധായകന്റെ വിജയം.

സിനിമാക്കാരൻ ആയത് നന്നായി, അല്ലെങ്കിൽ ജിത്തു ജോസഫ് ഒരു പക്കാ ക്രിമിനൽ ആകുമായിരുന്നുവെന്നാണ് ഒരു ആരാധകൻ സിനിമ കണ്ട ശേഷം അഭിപ്രായം പങ്കിട്ടത്. ഒരു പക്ഷെ ഈ ചിത്രത്തിന് കിട്ടിയ ഏറ്റവും മികച്ച പ്രതികരണവും ഇത് തന്നെയാകാം..

മോഹൻലാൽ, മീന, സായികുമാർ, സിദ്ദിഖ്, ആശാ ശരത്ത്, മുരളി ഗോപി, മുരളി എന്നവരൊഴിച്ചാൽ ജൂനിയർ ആർട്ടിസ്റ്റുകളാണ് പല കഥാപാത്രങ്ങളെയും പകർന്നാടുന്നത്.

തിരക്കഥയോടൊപ്പം തിളങ്ങിയത് മോഹൻലാലും, മുരളി ഗോപിയും ആശാ ശരത്തും മീനയുമാണ്. ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ആകുലതകളും ആശങ്കകളും ആത്മവിശ്വാസവും അതിഗംഭീരമായി മോഹൻലാൽ ആവിഷ്കരിച്ചു.

കുടുംബത്തെ സംരക്ഷിക്കാനായി ശപഥമെടുത്ത ജോർജ്ജുകുട്ടി സ്വന്തം ഭാര്യയോടു പോലും പങ്കുവയ്ക്കാൻ കഴിയാത്ത ആ രഹസ്യം പോലീസ് ചോർത്തിയെടുക്കുന്ന രീതികൾ കാണികളെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. തിരക്കഥയോട് നീതി പുലർത്തിയ ക്യാമറയും ചിത്ര സംയോജനവും ഒരു ഹോളിവുഡ് ചിത്രത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തി.

ചുറ്റും കാതോർക്കുന്നവരും ഒളിഞ്ഞു നോക്കുന്നവരുമുള്ള ഈ കാലത്തെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ് ജീത്തു ജോസഫ് ജോർജ്ജുകുട്ടിയുടെ ജീവിത കഥ വീണ്ടും തുടരുന്നത്. ജോർജ്ജുകുട്ടിയുടെ കാഴ്ചയിലെ മാറ്റം പക്ഷെ സ്വഭാവത്തിൽ ഉണ്ടായിട്ടില്ല. സ്ഥലം വിറ്റ പണം കൊണ്ട് റാണിയുടെ പേരിൽ തിയറ്റർ തുടങ്ങുകയും സിനിമ പിടിക്കാൻ നടക്കുകയും ചെയ്യുന്ന ജോർജ്ജുകുട്ടിയുടെ പുതിയ ശീലങ്ങൾ പോലും ജാഗ്രതയുടെ ഭാഗമായിരുന്നുവെന്ന് ചിത്രം വെളിപ്പെടുത്തുന്നത് അവസാന ഭാഗത്താണ്.

ജോർജ്ജുകുട്ടിയുടെ സാമ്പത്തിക വളർച്ചയിൽ അസ്വസ്ഥരായ നാട്ടുകാരുടെ പെരുമാറ്റത്തിലെ മാറ്റം മലയാളി മനോഭാവത്തെ കൃത്യമായി കോറിയിടുന്നു. ആദ്യം ജോർജ്ജുകുട്ടിയോട് നാട്ടുകാർക്ക് ഉണ്ടായിരുന്ന അനുകമ്പയിൽ മാറ്റമുണ്ടായത് അങ്ങിനെയാണ്. ജോർജ്ജുകുട്ടി തന്നെയാണ് വരുണിനെ കൊന്നതെന്ന കാര്യം നാട്ടുകാരിൽ പലരും അടക്കം പറയാൻ തുടങ്ങുക മാത്രമല്ല കഥകളും മെനയാൻ തുടങ്ങി ചിലർ. എന്നാലും വരുണിന്റെ മൃതദേഹം എവിടെയെന്ന പോലീസിന്റെ അന്വേഷണമാണ് ഇവിടെയും തുടരുന്നത്. പ്രേക്ഷകർക്ക് അറിയാവുന്ന രഹസ്യം കണ്ടെത്താൻ നാട്ടുകാർ മാത്രമല്ല പൊലീസും പിന്നിലാണെന്നതാണ് സിനിമയെ ആരും ചിന്തിക്കാത്ത തലങ്ങളിലേക്ക് ഉയർത്തുന്നത്..

ജോർജ്ജുകുട്ടിയെ കുടുക്കാൻ പൊലീസ് വകുപ്പ് നടത്തുന്ന ശ്രമങ്ങളും ഇതിനെ ഭാഗമായി അയാളുടെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഇവരെ കൂടുതൽ പ്രതിരോധത്തിലേക്ക് നയിക്കുമ്പോൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സിലേക്കാണ് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്.

ജീത്തു ജോസഫിന്റെ ക്രാഫ്റ്റ് തന്നെയാണ് ഈ ചിത്രത്തെ ദൃശ്യാനുഭവമാക്കുന്നത്. കോവിഡ് കാലത്തെ പരിമിതികൾ ചിത്രത്തിൽ പ്രകടമാണെങ്കിലും അതിനെയെല്ലാം മറി കടക്കാൻ സഹായിച്ചത് മികച്ച തിരക്കഥയും മോഹൻലാലിൻറെ അഭിനയ മുഹൂർത്തങ്ങളുമാണ്. ആർത്തട്ടഹാസങ്ങളും സംഘട്ടനങ്ങളും നാടകീയതയുമില്ലാതെ കാണികളെ ത്രില്ലടിപ്പിക്കുന്ന സിനിമയൊരുക്കാൻ കഴിഞ്ഞതിൽ ജീത്തുവിനും ആന്റണി പെരുമ്പാവൂരിനും സന്തോഷിക്കാം.

in Amazon Prime Video

LEAVE A REPLY

Please enter your comment!
Please enter your name here