മറാഠി അഭിനേതാക്കൾ കേരളീയ വേഷത്തിലെത്തി സിനിമ കണ്ടു; പ്രീതത്തെ ആഘോഷമാക്കി കാണികളും

0

മുംബൈയിലെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടായിരുന്നു ഇന്ന് റിലീസ് ചെയ്ത പ്രീതം എന്ന മറാഠി ചിത്രത്തിലെ അഭിനേതാക്കളായ പ്രണവ്, നക്ഷത്ര, അജിത് ദേവ്‍ലെ തുടങ്ങിയവർ അണിയറ പ്രവർത്തകരായ മലയാളികളോടൊപ്പം മുണ്ടും സെറ്റ് സാരിയും ധരിച്ചു സിനിമ കാണാനെത്തിയത് . താനെ വിവിയാന മാളിലെ സിനിപോളിസ് സിനിമാസിൽ എത്തിയ സംഘത്തെ ആൾ താനെ മലയാളി അസ്സോസിയേഷൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

മറാത്തിയിലെ മികച്ച ചിത്രമായി പ്രീതം അറിയപ്പെടുമെന്നാണ് ശശികുമാർ പറഞ്ഞത്. നല്ല ഗാനങ്ങളും ചിത്രീകരണവുമായി മലയാളികളുടെ കഴിവ് തെളിയിച്ച ചിത്രം കൂടിയാണ് പ്രീതമെന്നും മലയാളിക്ക് അഭിമാനിക്കാമെന്നും ആത്മ ജനറൽ സെക്രട്ടറി ശശികുമാർ കൂട്ടിച്ചേർത്തു.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരിൽ നിന്ന് ലഭിച്ചത്. അപൂർവ്വമായ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ നിർമ്മാണം സംവിധാനം, കഥ, സംഗീതം തുടങ്ങിയ മേഖലകളെല്ലാം മുംബൈയിലെ ഒരു കൂട്ടം മലയാളികളായിരുന്നു കൈകാര്യം ചെയ്തത് . നടീനടന്മാരും അണിയറ പ്രവർത്തകരും ഒരുമിച്ചു സിനിമ കണ്ടപ്പോൾ കാണികൾക്കും വലിയ ആവേശമായിരുന്നുവെന്നാണ് ചിത്രം കണ്ടിറങ്ങിയ ആത്മ സെക്രട്ടറി ശശികുമാർ പറഞ്ഞത്. ഓരോ രംഗങ്ങളെയും വിസിലടിച്ചും കൈയ്യടിച്ചുമാണ് കാണികൾ വരവേറ്റത്. ഇതാദ്യമായാണ് മുംബൈയിൽ ഒരു ചിത്രം കാണുവാൻ ഇത്രയധികം മലയാളികളും മറാഠികളും ഒരുമിച്ചു തീയേറ്ററിൽ എത്തുന്നത് . രണ്ടു സംസ്കാരങ്ങളുടെ സംഗമവേദിയാകുകയായിരുന്നു മലയാളികൾ അണിയിച്ചൊരുക്കിയ ഈ മറാഠി സിനിമ.

ആദ്യസിനിമ തന്നെ അന്യഭാഷയിൽ ചെയ്താണ് സംവിധായകൻ സിജോ റോക്കി ചരിത്രത്തിൽ ഇടം നേടുന്നത്. കോവിഡ് പൊട്ടിപുറപ്പെട്ടതോടെ അനശ്ചിതാവസ്ഥയിലായ സിനിമ പല പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് തിയേറ്ററുകളിലെത്തിയത്. അണിയറ പ്രവർത്തകർക്ക് വലിയ വരവേൽപ്പാണ് ചിത്രത്തിന് താനെയിൽ സിനിമ കാണാനെത്തിയ സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത്.

പ്രീതത്തിന്റെ കഥ സംഭവിക്കുന്നത് മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിലാണ്. അതുകൊണ്ടാണ് ആദ്യം മലയാളത്തിൽ എടുക്കാനിരുന്ന ചിത്രം പിന്നീട് മാറി ചിന്തിച്ചു മറാഠിയിൽ ചെയ്യാമെന്ന് തീരുമാനിച്ചത്.

മികച്ച ഗാനങ്ങളും സസ്പെൻസ് നിറഞ്ഞ പ്രണയവുമൊക്കെയാണ് ചിത്രത്തെ ജനപ്രിയമാക്കുന്നത്. മലയാളിയായ വിശ്വജിത് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഉച്ചസ്ഥായിലുള്ള ഗാനം പാടാൻ മറാഠി ഗായകർ വിസമ്മതിച്ചപ്പോഴാണ് ശങ്കർ മഹാദേവൻ പാടാൻ സമ്മതം നൽകുകയും പാട്ട് എക്കാലത്തെയും വലിയ ഹിറ്റാകുകയും ചെയ്തത്.

മഹാരാഷ്ട്രയിലെ ഗ്രാമീണാന്തരീക്ഷവും അവിടുത്തെ മനുഷ്യജീവിതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊങ്കണിന്റെ സൗന്ദര്യം വേറിട്ട കാഴ്ചാനുഭവമാണ് പ്രീതം നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here