ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന ശാഠ്യവുമായാണ് നൂതനമായ പരിപാടികൾ ആവിഷ്ക്കരിക്കുന്ന സീവുഡ്‌സ് മലയാളി സമാജം ഇ-വേസ്റ്റ് സമാഹരിക്കാനൊരുങ്ങിയത്.
ഭൂമിയെ മാലിന്യങ്ങളിൽ നിന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ കടമയാണ് എന്ന് ഉദ്ബോധിച്ചായിരുന്നു സമാജത്തിൻ്റെ യജ്ഞം തുടങ്ങിയത്.
സമാജത്തിൻ്റെ വായനക്കാർ ഉയർത്തിയ അപേക്ഷയെ തുടർന്നാണ് ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഇ-വേസ്റ്റ് സമാഹരിച്ചത്.
വീട്ടിലെ പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്പ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക് ടോപ്പുകൾ, മോണിറ്ററുകൾ എന്നിവയുമായി നിരവധി അംഗങ്ങളാണ് സമാജത്തിലെത്തിയത്.
വർഷം തോറും കൂടി വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആപത്കരമായ ഉപഭോഗവും ഉപയോഗവും ഇ-വേസ്റ്റ് സമാഹരണത്തിൽ പങ്കെടുത്ത അംഗങ്ങൾ ആശങ്കയായി പങ്കു വെച്ചു.
ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്ക്കുക എന്നതിനോടൊപ്പം ഉപയോഗവും കുറയ്ക്കേണ്ടത് ഈ തലമുറയുടെ ആവിശ്യമാണെന്ന് ഗോപിനാഥൻ നമ്പ്യാർ വിലയിരുത്തി.
വർഷാവർഷം മൊബൈൽ ഫോണുകൾ മാറ്റുന്ന തലമുറയും അതിനു വേണ്ടി വിപണി ആസൂത്രണം ചെയ്യുന്ന മൊബൈൽ ഫോൺ നിർമ്മാതാക്കളും ഭാവിയെ കുറിച്ച് സൗകര്യപ്പൂർവ്വം വിസ്മരിക്കുകയാണെന്ന് ലൈബ്രേറിയൻ പറഞ്ഞു.
സീവുഡ്സ് മലയാളി സമാജം ഇത് ഓർമ്മപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ ശ്രമങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷവും സമാജം ഇ-വേസ്റ്റ് സമാഹരണം നടത്തിയിരുന്നു.
ഇത്തരം സമാഹരിക്കപ്പെടുന്ന ഇ-പാഴ്വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറും.
ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തി നടത്തിയ ഈ മുന്നേറ്റത്തിന് മഹിളാ വിഭാഗത്തിൻ്റേയും യുവജന വിഭാഗത്തിൻ്റേയും സർവ്വാത്മനായുള്ള പിന്തുണയുണ്ടായിരുന്നു.
ഏപ്രിൽ 30-നാണ് സമാജം ഓഫീസിൽ വെച്ച് ഇ-വേസ്റ്റ് സമാഹരണം അരങ്ങേറിയത്.
മികച്ച പ്രതികരണത്തെ തുടർന്ന് സമാജം ഇ-വേസ്റ്റ് സമാഹരണം മേയ് ഒന്ന്, രണ്ട് തിയതികളിലേക്ക് കൂടി നീട്ടുകയായിന്നു.
സമാജം പ്രസിഡണ്ട് ഇ കെ നന്ദകുമാർ, സെക്രട്ടറി രാജീവ് നായർ, ബിജി ബിജു, സിദ്ദിദ് ഗിരീഷ്, സുജ മോനച്ചൻ, അമൃത ഗണേഷ് അയ്യർ, വേദ് നിരഞ്ജൻ, മായ രാജീവ്, ജോയിക്കുട്ടി, ആശാ മണിപ്രസാദ്, എൻ ഐ ശിവദാസൻ, മീര രാജീവ്, ലത രമേശൻ എന്നിവർ ഇ-വേസ്റ്റ് സമാഹരണത്തിന് നേതൃത്വം നൽകി.