മുംബൈ അതീവ ജാഗ്രതയിൽ; ഓവൽ മൈതാനം അടച്ചിടാൻ തീരുമാനം

0

തെക്കൻ മുംബൈയിലെ പ്രശസ്തമായ ഓവൽ മൈതാൻ ഫെബ്രുവരി 26 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാൻ ഉത്തരവായി. വാരാന്ത്യത്തിൽ ജനക്കൂട്ടം കൂടി വരുന്നതായി കണ്ടെത്തിയതാണ് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്. നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന്, മുൻകരുതൽ നടപടിയായാണ് മൈതാനവും നിയന്ത്രണ പരിധിയിൽ കൊണ്ട് വരുന്നത്.

മുംബൈയിലെ ഏറ്റവും വലിയ പൊതു സ്ഥലങ്ങളിൽ ഒന്നാണ് ഓവൽ മൈതാൻ. ഇവിടെ ക്രിക്കറ്റ് കളികളും ട്രെയിനിങ്ങും കൂടാതെ കളി കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികളുടെ ഒത്തുകൂടലുകളുമായി വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇവിടെയും സാധാരണഗതിയിലുള്ള തിരക്ക് അനുഭവപ്പെടാൻ തുടങ്ങി.

പ്രമുഖ ക്രിക്കറ്റ് കളിക്കാരുടെ മേൽനോട്ടത്തിലുള്ള അക്കാദമികളുടെ പരിശീലനവും ഇവിടെ നടക്കാറുണ്ട്. ഒരു വിളിപ്പാടകലെയാണ് വാങ്കഡെ സ്റ്റേഡിയവും, ചർച്ച്‌ഗേറ്റ് റെയിൽവേ സ്റ്റേഷനും, മന്ത്രാലയവുമെല്ലാം.

കഴിഞ്ഞ വാരാന്ത്യത്തിൽ മൈതാനത്തെത്തിയപ്പോൾ കുട്ടികൾ അടക്കമുള്ള നിരവധി കളിക്കാരെയും കാൽ നടക്കാരെയും ജോഗർമാരെയും കാണാനായെന്നാണ് അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണർ ചന്ദ ജാദവ് ആശങ്കപ്പെടുന്നത്. അതുകൊണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുവാനാണ് തീരുമാനമെന്ന് ജാദവ് പറയുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് അസാധ്യമാണെന്നാണ് ഐക്കണിക് മൈതാനത്തെ പരിപാലിക്കുന്ന ഓവൽ ട്രസ്റ്റിന്റെ ട്രസ്റ്റി നയന കാത്പാലിയ പറഞ്ഞത്. അതിനാൽ ഇത് തൽക്കാലത്തേക്ക് അടക്കുകയാണ് ഉചിതമായ തീരുമാനമെന്നും നയന പറഞ്ഞു.

നിയന്ത്രിക്കാൻ പ്രയാസമുള്ള വലിയ ഒത്തുചേരലുകൾക്ക് സാക്ഷ്യം വഹിക്കുന്ന പൊതു ഇടങ്ങൾ അടയ്ക്കേണ്ടതിന്റെ ആവശ്യകത വാർഡ് തലത്തിൽ എടുക്കുമെന്ന് സിവിക് അധികൃതർ പറഞ്ഞു. യാത്രക്കാർ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കൽ ട്രെയിനുകളുടെ കാര്യത്തിലും താമസിയാതെ തീരുമാനം എടുക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here