അടച്ച പൈസയെങ്കിലും തിരിച്ചു കിട്ടുമോ? ആശങ്ക പങ്കു വച്ച് വി ജി എൻ നിക്ഷേപകർ

0

ഇക്കഴിഞ്ഞ ദിവസം വി ജി എൻ ജ്വല്ലറി ഉടമ വി ജി നായർ നിക്ഷേപകരെ അഭിസംബോധന ചെയ്തു കൊണ്ട് സമൂഹ മാധ്യങ്ങളിൽ  പങ്ക് വച്ച വീഡിയോ നിക്ഷേപകർക്ക് ആശ്വാസം പകരുന്നതായിരുന്നു. സാധാരണക്കാരായ നൂറു കണക്കിന്  നിക്ഷേപകർ ഇതിനോട് പ്രതികരിച്ചത് വൈകാരികമായാണ്. പലർക്കും വി ജി നായർ നേരിട്ടെത്തി നൽകിയ ഉറപ്പ്  കുറച്ചെങ്കിലും ആശ്വാസം നൽകിയതായാണ്  പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്നത്.

ജീവിത സമ്പാദ്യം മുഴുവൻ ജ്വല്ലറിയുടെ ഫൈനാൻസ് സ്‌കീമിൽ നിക്ഷേപിച്ചു ഡിവിഡന്റ്  കൊണ്ട് ജീവിച്ചിരുന്ന വലിയൊരു വിഭാഗമായിരുന്നു നിനച്ചിരിക്കാതെ വന്ന പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുന്നത്.

ലോക് ഡൌൺ സ്വർണ വിപണിയെ തളർത്തിയത് മനസിലാക്കിയ ചിലർ തങ്ങൾ അടച്ച പൈസയെങ്കിലും തിരികെ തരുവാനാണ് ആവശ്യപ്പെടുന്നത്. പണം തിരികെ കിട്ടാനുള്ള അവധികൾ പല വട്ടം നീണ്ടു പോയതോടെ നിരാശയിൽ കഴിയുന്ന ഇവരുടെയെല്ലാം വിശ്വാസവും ചോർന്നു പോകുകയാണ്.

നിക്ഷേപകരുടെ പണം തന്റെ കൈയ്യിൽ സുരക്ഷിതമാണെന്നും പണം ഉടനെ തന്നെ തിരികെ കൊടുക്കുവാൻ കഴിയുമെന്നാണ് വീഡിയോയിലൂടെ വി ജി എൻ നൽകിയ സന്ദേശം.

എന്നാൽ നഗരത്തിൽ ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം കുറഞ്ഞവരുമായ നിരവധി സാധാരണക്കാരായ നിക്ഷേപകരാണ് എത്രയും പെട്ടെന്ന് തങ്ങളുടെ പണം തിരികെ കിട്ടുന്നതിനായി കൈകൂപ്പുന്നത്.

തനിക്ക് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് വി ജി എൻ പങ്കു വച്ച വീഡിയോക്ക് കീഴെയാണ്  നിക്ഷേപകർ ആശങ്ക പങ്കു വച്ചിരിക്കുന്നത്

Please uncle… ഞങ്ങളെ ചതിക്കില്ലെന്ന് വിശ്വസിക്കട്ടെ

“നിങ്ങൾക്ക് ആരെയും പറ്റിക്കണമെന്നൊന്നും വിചാരമുണ്ടാവില്ല. എങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം ഒഴിവാക്കാനും ആവില്ലല്ലോ. എന്നെപ്പോലുള്ള ഒരുപാട് സാധാരണക്കാർ സ്വർണ്ണക്കുറിയിൽ ചേർന്നിട്ടുണ്ട്. അവിടെ പോയപ്പോൾ കണ്ട കാഴ്ച പരിതാപകരമായിരുന്നു. തീയതി കൊടുത്ത് വിളിച്ചു വരുത്തിയിട്ടു പൈസ ഇല്ലെന്നു പറയരുത്.” പാർവ്വതി വാരിയർ പരാതിപ്പെടുന്നു..

ജൂണിൽ കഴിഞ്ഞ കുറിയാണെന്നും ഇതിനായി നിരവധി തവണയാണ് കയറി ഇറങ്ങിയതെന്നും പാർവ്വതി പരിതപിക്കുന്നു. ദിവസം മുഴുവൻ കാത്ത്  നിന്ന് വെറും കയ്യോടെ തിരിച്ചുപോകേണ്ടി വരുന്നവരുടെ വിഷമവും പല തവണ  കാണേണ്ടി വന്നിട്ടുണ്ടെന്നും  പാർവ്വതി പറഞ്ഞു.

“Please uncle… ഞങ്ങളെ ചതിക്കില്ലെന്ന് വിശ്വസിക്കട്ടെ… ഓരോരോ കാര്യങ്ങൾ വിചാരിച്ച് അങ്ങയെ വിശ്വസിച്ച് നിക്ഷേപിച്ച പൈസയാണ്… സത്യം പറഞ്ഞാൽ ഇപ്പോൾ ടെൻഷൻ ആയി തുടങ്ങി..” ശ്രീലതയുടെ വാക്കുകളിലെ ആശങ്ക ഇന്ന് നിക്ഷേപകരുടെ പൊതു വികാരമായി മാറിയിരിക്കയാണ് ….

വർഷങ്ങൾക്ക് മുൻപ് ജോലിയിൽ നിന്ന് സ്വയം വിരമിക്കുമ്പോൾ ലഭിച്ച പൈസയും ബാങ്ക് ബാലൻസുമെല്ലാം ചേർത്തായിരുന്നു ഒരു സ്ഥിര വരുമാനത്തിനായി നിക്ഷേപം നടത്തിയത്. ഒരു വർഷം മുൻപ് വരെ എല്ലാ മാസവും ഡിവിഡന്റ് ലഭിച്ചിരുന്നു. കോറോണക്ക് ശേഷം ഒന്നുമില്ല. എന്നാൽ വർഷങ്ങളുടെ പരിചയമുള്ള വി ജി ചതിക്കില്ലെന്ന് വിശ്വാസത്തിലാണ് ഇപ്പോഴും കഴിയുന്നത്. നിസ്സഹായാവസ്ഥയിലാണ് ഡോംബിവ്‌ലി നിവാസിയായ നിക്ഷേപകൻ.

നിക്ഷേപകർക്ക് പൈസ തിരികെ കിട്ടുമോ ?

ഈ ചോദ്യത്തിന് ഇനിയും  വ്യക്തമായൊരു ഉത്തരം ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ നിക്ഷേപരുടെ ഏക പ്രതീക്ഷ കമ്പനിക്ക് പിരിച്ചു കിട്ടുവാനുള്ള കോടിക്കണക്കിന് വരുന്ന കുടിശ്ശികയും അവശേഷിക്കുന്ന സ്വർണ്ണമടങ്ങുന്ന സ്വത്തുമാണ്. ഇതെല്ലം പിരിച്ചെടുക്കാനും വിറ്റഴിക്കാനുമുള്ള സാവകാശമാകാം ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ  ഈ പൈസ പിരിച്ചെടുക്കാനുള്ള കർശന  നടപടികൾ ഉണ്ടായാൽ മാത്രമാണ് സാധാരണക്കാരായ നിക്ഷേപകരുടെ ജീവിത കാല സമ്പാദ്യങ്ങൾ തിരികെ ലഭിക്കുകയെന്ന പ്രതീക്ഷക്ക് ഫലം കാണാനാകൂ. അത് പോലെ പണമായി നൽകാൻ കഴിഞ്ഞില്ലെങ്കിൽ സ്വർണമായെങ്കിലും നൽകുവാനുള്ള നടപടികളെങ്കിലും ഉണ്ടാകണമെന്നാണ് ഭൂരിഭാഗം പേരും അപേക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here