കേൾക്കാത്ത പാതി – കലഹരണപ്പെടുന്ന കാഴ്ചകൾ

0

വർഷങ്ങൾക്ക് മുൻപാണ് മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുക്കുവാനുള്ള ശ്രമങ്ങൾ നടന്നത്. ഈ വിഷയത്തിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളും ഉയർന്നതോടെ പിന്നീടത് കെട്ടടങ്ങുകയായിരുന്നു. അന്ന് മുംബൈയിൽ നിന്ന് ഇറങ്ങിയിരുന്ന ഒരു ടാബ്ലോയിഡ് ദിനപത്രത്തിന് വേണ്ടി വരച്ച കാർട്ടൂൺ ആണിത്. അന്നെല്ലാം സ്ഥിരമായി മുംബൈയിലെ കലാകൗമുദി ദിനപത്രത്തിലും ബ്ലിറ്റ്സ് ഗ്രൂപ്പിന്റെ ദി ഡെയിലിയുടെ വാരാന്ത്യ പതിപ്പിലും കാർട്ടൂണുകൾ വരക്കുമായിരുന്നു.

എന്റെ മാധ്യമ രംഗത്തേക്കുള്ള ചുവട് വയ്പ്പ് തന്നെ കാർട്ടൂൺ രചനകളിലൂടെയായിരുന്നുവെന്ന് പറയാം. കോളേജ് കാലം മുതൽ വരച്ചിരുന്ന കാർട്ടൂണുകളുടെ വലിയ ശേഖരം തന്നെ കൈയിലുണ്ടായിരുന്നു. 2005 ലെ പ്രളയം അതെല്ലാം വിസ്മൃതിയിലാക്കി. വളരെ യാദൃശ്ചികമായാണ് ഓൺലൈനിൽ നിന്ന് ഈ പഴയകാല കാർട്ടൂൺ കണ്ടെത്തിയത്.

കാർട്ടൂണുകളുടെ പ്രസക്തി എത്ര പെട്ടെന്നാണ് നഷ്ടപ്പെട്ടത്. ടെലിവിഷന്റെ കടന്നു കയറ്റമാകാം ഇതിനൊരു പ്രധാന കാരണം. പിന്നെ ഓൺലൈൻ മീഡിയകളുടെ സ്വീകാര്യതയും വലിയ ഘടകമായി. ഇതോടെ തത്സമയ വാർത്തകൾക്ക് പ്രചാരം കൂടി.

കാർട്ടൂണുകൾ ആസ്വദിക്കാനും അതിലെ ചിരിയോടൊപ്പമുള്ള ചിന്തകളെ ചികഞ്ഞെടുക്കാനും ആർക്കും സമയമില്ലാതായി. അതിനേക്കാൾ വേഗത്തിൽ ചിരിക്കാനും ഗ്രസിക്കാനും ടെലിവിഷനിലെ മിമിക്രി പരിപാടികൾക്കും പൊളിറ്റിക്കൽ സറ്റയറിനും കഴിഞ്ഞതോടെ കാർട്ടൂണുകൾ കലഹരണപ്പെടാൻ തുടങ്ങി. രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളെ ചിരിയുടെയും ചിന്തയുടെയും ലോകത്തിൽ നിന്നും വിശാലമായ വിനോദ വ്യവസായ ലോകത്തേക്ക് പറിച്ചു നടുവാൻ ടെലിവിഷൻ പരിപാടികളിലൂടെ കഴിഞ്ഞുവെന്ന് പറയാം. അങ്ങിനെ മിമിക്രിയും തമാശകളും എന്റർടൈൻമെന്റ് വ്യവസായത്തിന്റെ മുതൽക്കൂട്ടായി….എന്നാൽ മിമിക്രിയും കാലഹരണപ്പെടാൻ തുടങ്ങി .

ഇന്ന് ന്യൂസ് ചാനലുകളിൽ വരുന്ന വാർത്തകളും രാഷ്ട്രീയക്കാരുടെ നിലപാടുകളും മാനറിസങ്ങളുമെല്ലാം മിമിക്രിക്കാർക്കു പോലും വെല്ലുവിളിയായിരിക്കയാണ്. ന്യൂസ് ചാനൽ നോക്കിയിരുന്നാൽ കിട്ടുന്ന വിനോദത്തിന് പകരക്കാരാകാൻ കഴിയാതെ വലയുകയാണ് പല ഹാസ്യ പരിപാടികളും!!.

  • P R E M L A L

LEAVE A REPLY

Please enter your comment!
Please enter your name here