അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് .

മുംബൈ തനിക്കു ഭാഗ്യ നഗരമാണെന്ന് മമതാ മോഹൻദാസ് - മിമിക്രി നാളുകളിൽ മുംബൈയിലെത്തിയ തിക്താനുഭവ കഥകളുമായി നാദിർഷ - അധോലോകമോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് - മഹാനഗരത്തിലെ വിശേഷങ്ങൾ പങ്കു വച്ച് മലയാളി താരങ്ങൾ.

0

മുംബൈ തനിക്കു ഭാഗ്യ നഗരമാണെന്ന് പറഞ്ഞാണ് പ്രശസ്ത ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് തന്റെ മുംബൈ വിശേഷങ്ങൾ പങ്കു വച്ചത്. മിമിക്രി നാളുകളിൽ മുംബൈയിലെത്തിയ തിക്താനുഭവ കഥകൾ സംവിധായകനും നടനുമായ നാദിർഷയും പറഞ്ഞു. അധോലോകമോഹവുമായി നഗരത്തിലെത്തിയ ജനപ്രിയ നടൻ ചെമ്പന് സംഗതി വർക്ക് ഔട്ട് ആകാതെ പോയതിന്റെ കാരണം വെളിപ്പെടുത്തിയപ്പോൾ താരങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമടങ്ങുന്ന സദസ്സിന് ചിരി നിയന്ത്രിക്കാനായില്ല.
മഹാനഗരത്തിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചാണ് മലയാളി താരങ്ങൾ മുളുണ്ട് കാളിദാസ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിനെ അവിസ്മരണീയമാക്കിയത്.

മുംബൈയിൽ തരംഗിണി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മലയാള സിനിമാ ടെലിവിഷൻ രംഗത്തെ മിന്നും താരങ്ങൾ.

നിരവധി സ്ഥലങ്ങളിൽ നിരന്തരം യാത്ര ചെയ്തിട്ടുണ്ടെങ്കിലും മുംബൈ നഗരത്തിൽ മാത്രമാണ് അധികം വരുവാൻ കഴിയാതിരുന്നതെന്ന് മഹാനഗരത്തിലെ  വിശേഷങ്ങളുമായി പ്രശസ്ത ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് മനസ്സ് തുറന്നു. എന്നാൽ കിട്ടിയ രണ്ടു അവസരങ്ങളിലും കൈ നിറയെ ഭാഗ്യം സമ്മാനിച്ചിട്ടുള്ള നഗരം കൂടിയാണ് മമതയ്ക്ക് മുംബൈ നഗരം.

മൈ ബോസ്, ടു കൺട്രിസ് എന്നീ രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണവുമായി ബന്ധപ്പെട്ടാണ്   മംമ്ത മുംബൈയിലെത്തുന്നത്. ചിത്രങ്ങൾ രണ്ടും വലിയ ഹിറ്റുകളായി മാറിയത് നഗരം സമ്മാനിച്ച ഭാഗ്യമായി മമത മനസ്സിൽ സൂക്ഷിക്കുന്നു.

മുംബൈയുമായി ഏകദേശം പതിനേഴ് വർഷത്തെ നിരന്തര ബന്ധമാണ് തനിക്കുള്ളതെന്നാണ് ലാൽ ജോസ് പറയുന്നത്. മുംബൈ തനിക്കൊരു സ്വപ്ന നഗരമായിരുന്നുവെന്നും വേദിയിൽ തന്റെ ഓർമ്മകൾ അയവിറക്കി ലാൽ ജോസ് പറഞ്ഞു. ഒറ്റപ്പാലത്ത് നിന്ന് മുംബൈയിലെത്തി പണം സമ്പാദിച്ചു ധനികനായി തിരികെ നാട്ടിൽ വന്ന് ബന്ധുക്കളെയും അയൽക്കാരെയും അസൂയപ്പെടുത്തണമെന്ന് അന്നൊക്കെ താനും സ്വപ്നം കണ്ടിരുന്നുവെന്നു മലയാളത്തിന് മീശമാധവൻ സമ്മാനിച്ച സംവിധായകൻ മുംബൈ മലയാളി സദസ്സിനോട് പങ്ക് വച്ചു.

 

സംവിധായകനും നടനുമായ നാദിർഷാ തന്റെ മിമിക്രി നാളുകളിൽ മുംബൈയിലെത്തിയ തിക്താനുഭവങ്ങളും സദസ്സിനോട് പറഞ്ഞു. കൊച്ചിയിൽ നിന്നും അന്നെല്ലാം മറ്റഡോർ വാനിലായിരുന്നു ദിലീപും അഭിയുമടങ്ങുന്ന മിമിക്രി സംഘവുമായി വന്നിരുന്നതെന്നും ഇന്ന് മൃഗങ്ങളെ പോലും കയറ്റാൻ മടിക്കുന്ന അത്തരം വാനിൽ വെള്ളത്തിൽ മുക്കിയ തുണി ദേഹത്തിട്ടാണ് ചുട്ടു പൊള്ളുന്ന ചൂടിനെ ശമിപ്പിച്ചിരുന്നതെന്നും നാദിർഷ പറഞ്ഞു. ഇന്ന് വിമാനത്തിൽ പറന്നിറങ്ങി ശീതികരിച്ച കാറിലെത്തി മികച്ച സംവിധായകനുള്ള അവാർഡ് ഈ നഗരത്തിൽ നിന്ന് കൈപ്പറ്റാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി  പറഞ്ഞപ്പോൾ സദസ്സ് ഹർഷാരവം മുഴക്കിയാണ് പാരഡിയുടെ രാജകുമാരന്റെ വാക്കുകൾ ഏറ്റെടുത്തത്.

ഗൾഫിൽ പോകാനെത്തിയതായിരുന്നു പ്രൊഡ്യൂസറും ഗാന രചയിതാവുമായ രാജീവ് നായർ, പക്ഷെ നഗരം കാത്തു വച്ചത് സിനിമാ ലോകവും. ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിലൂടെ നിർമ്മാതാവായും ഗാന രചയിതാവായും രാജീവ് ഈ മേഖലയിൽ സാന്നിധ്യമറിയിച്ചു.

എന്നാൽ ചെമ്പൻ വിനോദിന്റെ മുംബൈയിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. പത്തൊമ്പതാം വയസ്സിൽ മനസ്സിൽ അധോലോക സ്വപ്നവുമായാണത്രെ ചെമ്പൻ മുഹമ്മദലി റോഡിലെ സുഹൃത്തിന്റെ അടുത്തേക്ക് എത്തുന്നത്. കൈവശം ഉണ്ടായിരുന്നത് തടിമിടുക്ക് മാത്രം. പിന്നീട് അണ്ടർ വേൾഡിലെ റിക്രൂട്ട് മെന്റ് ടെസ്റ്റിൽ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് മറുപടി പറഞ്ഞതോടെയാണ് സംഗതി വർക്ക് ഔട്ട് ആകാതെ നഗരം വിടേണ്ടി വന്നതെന്നും ചെമ്പൻ പറഞ്ഞതോടെ സദസ്സിൽ ചിരിയുണർന്നു.

മുതിർന്ന നടൻ രാഘവൻ വൈകാരികമായാണ് പുരസ്‌കാരം ഏറ്റു വാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തത്. തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ മുംബൈയിൽ നിന്നും ലഭിച്ച അംഗീകാരം ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നന്ദു പൊതുവാളിന് മുംബൈയെന്നാൽ സ്വന്തം നഗരമാണ്. ഉപജീവനത്തിനായി മുംബൈയിലെത്തിയ നന്ദു പിന്നീട് കലാജീവിതം പോഷിപ്പിക്കുന്നതിനായാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്. എന്നിരുന്നാലും മഹാനഗരവുമായുള്ള ആത്മബന്ധം നന്ദു ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുംബൈയിൽ നടക്കുന്ന ഒട്ടു മിക്ക മെഗാ ഷോകളിലും നന്ദുവിന്റെ കൈയ്യൊപ്പു പതിഞ്ഞിരിക്കും. മലയാള ചലച്ചിത്ര ലോകവും മുംബൈ സാംസ്‌കാരിക ലോകവുമായി നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ കലാകാരനെ ഒഴിവാക്കി ഒരു താര നിശ നഗരത്തിനും ചിന്തിക്കാനാവില്ല.

മധു, ജോൺ ബ്രിട്ടാസ് തുടങ്ങി സിനിമാ ടെലിവിഷൻ മേഖലയിലെ നിരവധി പ്രമുഖർക്ക് മുംബൈയിൽ പുരസ്‌കാരം

ഇവരെ കൂടാതെ ടോവിനോ തോമസ്, വിജയ രാഘവൻ, അനുശ്രീ, സായി കിരൺ, സൂചിത്രാ നായർ, ബാലു മേനോൻ, സീമ നായർ, ഉമാ നായർ, ചിപ്പി, രഞ്ജിത്ത്, ആദിത്യൻ, തുടങ്ങിയവരും മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരിൽ നിന്നും തരംഗിണി പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി .

തുടർന്ന് തരംഗിണി അവതരിപ്പിച്ച പഴയ ഗാനങ്ങൾ കോർത്തിണക്കിയ ഓർമ്മകൾ എന്ന സംഗീത വിരുന്ന് ഹൃദ്യമായി. മുംബൈയിലെ പ്രമുഖ ഗായകരെ കൂടാതെ പ്രശസ്ത നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ നൃത്താവിഷ്കാരവും പ്രേക്ഷക പ്രീതി നേടി.

Tune in Amchi Mumbai for the most entertaining event of recent times.


ചാക്കോച്ചന്റെ നായികയായി നിമിഷ സജയൻ
അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ഗുഡ്‌വിന്‍;
യു.കെ. യിൽ പുതിയ ഷോറൂമുകളുമായി വികസന കുതിപ്പിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here