മഹാരാഷ്ട്രയിൽ HSC, SSC പരീക്ഷാ സെന്ററുകളുടെ കാര്യത്തിൽ തീരുമാനമായി

0

മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി ദിവസങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് സംസ്ഥാനത്ത് പരീക്ഷയ്ക്കുള്ള സമയവും സംജാതമായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിലും ജൂനിയർ കോളേജുകളിലുമായിരിക്കും പരീക്ഷാസെന്ററുകൾ. ഈ സ്ഥാപനങ്ങളിൽ സ്ഥലപരിമിതി ഉണ്ടെങ്കിൽ അനുയോജ്യമായ താത്കാലിക സെന്ററുകൾ അനുവദിക്കും. വിദ്യാഭ്യാസമന്ത്രി വർഷാ ഗെയ്ക്ക്‌വാഡ് ആണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

എച്ച്.എസ്.സി. പരീക്ഷ ഏപ്രിൽ 23 മുതൽ മേയ് 21 വരെയും എസ്.എസ്.സി. പരീക്ഷ ഏപ്രിൽ 29 മുതൽ മേയ് 20 വരെയും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 80 മാർക്കിന്റെ പേപ്പറിന് വിദ്യാർഥികൾക്ക് അരമണിക്കൂർ കൂടി സമയം അനുവദിക്കും. 40 മാർക്കിന്റെ പേപ്പറിന് 15 മിനിറ്റ്‌ അധികസമയം നൽകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ കോവിഡ് കാരണത്താൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സപ്ലിമെന്ററി പരീക്ഷ നടത്തുവാനും തീരുമാനമായി.

എസ്.എസ്.സി. വിദ്യാർഥികൾക്ക് ഇത്തവണ പ്രാക്ടിക്കൽ പരീക്ഷകൾക്ക് പകരം ഇന്റേണൽ അസെസ്‌മെന്റായിരിക്കും ഉണ്ടായിരിക്കുക. എഴുത്തു പരീക്ഷയ്ക്കുശേഷം മേയ് 21 മുതൽ ജൂൺ 10 വരെ ഇന്റേണൽ അസെസ്‌മെന്റ് നടക്കും. എച്ച്.എസ്.സി. വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിക്കും. എന്നാൽ, പ്രാക്ടിക്കൽ പരീക്ഷകളുടെ എണ്ണം കുറയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. ജേണൽ സബ്മിഷനുകൾക്കുള്ള സമയം മേയ് 22 മുതൽ ജൂൺ 19 വരെയായിരിക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ ക്രമീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here