മുംബൈയെ തിരിച്ചെടുക്കാന്‍ സ്വയം നിയന്ത്രണവും വാക്സിനേഷനും അനിവാര്യം

0

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്ക് കടക്കുമ്പോൾ പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാതെ പല മേഖലകളിലും രോഗികൾ വലയുകയാണ്. രോഗികളുടെ എണ്ണം ദിവസേന വർദ്ധിച്ചു കൊണ്ടിരിക്കുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മുംബൈയില്‍ കോവിഡിനെ പ്രതിരോധിക്കാനായി നിർമ്മിച്ച ജംബോ കോവിഡ് കേന്ദ്രങ്ങളും കിടക്കകൾ ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.

ഇനിയൊരു ലോക്ക് ഡൌണ്‍ ചിന്തിക്കാന്‍ പോലുമാകില്ലെന്നാണ് നഗരവാസികളും പറയുന്നത്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരായ 21 മലയാളികളെ വിവിധ ഹോസ്പിറ്റലുകളിലും കോവിഡ് സെൻ്ററുകളിലും പ്രവേശിപ്പിക്കുകയും മുപ്പതോളം മലയാളികളെ വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാനുള്ള സഹായങ്ങൾ ചെയ്തു കൊടുത്തെന്നും സാമൂഹിക പ്രവർത്തകനായ ശ്രീകാന്ത് നായർ പറയുന്നു. നഗരത്തിൽ കോവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ രൂപീകരിച്ച ബ്രേക്ക് ദി ചെയിൻ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേർന്നാണ് നിരവധി പേർക്ക് കൈത്താങ്ങാകാൻ കഴിഞ്ഞതെന്നും ശ്രീകാന്ത് നായർ പറഞ്ഞു.

കാന്തിവ്‌ലി, ബോറിവ്‌ലി, ഗോരേഗാവ് മേഖലകളിലെ സ്ഥിതിയും മറിച്ചല്ലെന്നാണ് കെ പി ബാലൻ പറയുന്നത്. രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന്റെ തീവ്രത കൂടുതായി കാണുന്നുണ്ടെങ്കിലും പഴയ പോലെ അപകടകാരിയല്ലെന്നാണ് ബാലന്റെ നിരീക്ഷണം. പലരും രോഗ വിവരം പുറത്ത് പറയാതെ വീട്ടിൽ തന്നെ ചികിത്സ തേടുന്ന പ്രവണതയും ഇക്കുറി കണ്ടു വരുന്നതായി കാന്തിവ്‌ലി മലയാളി സമാജം പ്രസിഡന്റ് കൂടിയായ കെ പി ബാലൻ അറിയിച്ചു.

മീരാ റോഡ് ദഹിസർ ഭാഗങ്ങളിൽ രോഗവ്യാപനം കൂടുതലായി കാണുന്നുണ്ടെങ്കിലും ഇത് വരെ ആശുപത്രികളിൽ വലിയ പ്രതിസന്ധി നേരിട്ടിട്ടില്ലെന്ന് നാരായണൻ നമ്പ്യാർ അറിയിച്ചു. കഴിഞ്ഞ ഒന്നൊര വർഷമായി മേഖലയിലെ കോവിഡ് രോഗബാധിതർക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ സഹായങ്ങൾ ഉറപ്പാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സാംസ്‌കാരിക വേദിയുടെ പ്രതിനിധിയാണ് നമ്പ്യാർ.

മഹാമാരിയുടെ നേരിടുവാൻ നഗരം നേടിയ പരിചയം രണ്ടാം തരംഗത്തിന്റെ ആശങ്ക കുറച്ചിട്ടുണ്ടെന്നാണ് കെയർ ഫോർ മുംബൈ പ്രതിനിധികളും പറയുന്നത്. കോവിഡ് ആരംഭിച്ചപ്പോൾ മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളുമായി മഹാ നഗരത്തെ ചേർത്ത് പിടിച്ച സന്നദ്ധ സംഘടനയാണ് കെയർ ഫോർ മുംബൈ.

വാക്‌സിനേഷൻ ഡ്രൈവാണ് മുന്നിലുള്ള ഏക പ്രതിവിധിയെന്നും ഇനിയുള്ള ദിവസങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് സാമൂഹിക പ്രവർത്തകനായ പി കെ ലാലി പറയുന്നത്. ഇതിനായി പരമാവധി ജനങ്ങൾക്ക് എളുപ്പത്തിൽ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുകയാണ് വേണ്ടതെന്നും ലാലി കൂട്ടിച്ചേർത്തു.

ഡോംബിവ്‌ലി കല്യാൺ മേഖലയിലും ആശുപത്രികളിൽ ഇടമില്ലാത്ത അവസ്ഥയാണെന്ന് സാമൂഹിക പ്രവർത്തകനായ മോഹൻ നായർ പറയുന്നു. വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ നിരവധി മുതിർന്ന പൗരന്മാർക്ക് കുത്തിവയ്പ്പ് ലഭ്യമാക്കാൻ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചവരിൽ ഒരാളാണ് മോഹൻ. കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ അനുവദിച്ചില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങൾ വലിയ വെല്ലുവിളിയാകുമെന്നും മോഹൻ പറയുന്നു.

രണ്ടാം തരംഗത്തിൽ മരണ നിരക്ക് വളരെ കുറവാണ്. ഇതിനൊരു പ്രധാന കാരണം രോഗം വേഗത്തിൽ പടരുമ്പോഴും അണുബാധയുടെ അപകടാവസ്ഥക്ക് തീവ്രത കുറഞ്ഞിട്ടുണ്ടെന്നതാണെന്ന് നവി മുംബൈയിലെ സാമൂഹിക പ്രവർത്തകനായ എസ് കുമാർ പറഞ്ഞു. ആശുപത്രികളിൽ ചികിത്സയുടെ അഭാവം നവി മുംബൈയിലും വിഷയമാണെങ്കിലും ഇക്കുറി രോഗം പെട്ടെന്ന് മാറി പോകുന്നത് ആശ്വാസത്തിന് വക നൽകുന്നുവെന്നാണ് കുമാർ പറയുന്നത്.

നഗരത്തിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കയാണ്. സെവൻ ഹിൽസ് ആശുപത്രിയെല്ലാം മാർച്ച് രണ്ടാം വാരത്തോടെ ഫുൾ ആയി. സാധാരണക്കാരായ രോഗികൾക്ക് ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുവാൻ ബുദ്ധിമുട്ട് നേരിടുന്ന സമയമാണ് കടന്നു പോകുന്നതെന്നും കൂടുതൽ പേർ വാക്‌സിനേഷൻ സ്വീകരിക്കുന്നതോടെ നിലവിലെ അവസ്ഥക്ക് ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും സാമൂഹിക പ്രവർത്തകയായ അഡ്വ പത്മ ദിവാകരൻ പറഞ്ഞു.

മുംബൈ കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്ന നഗരം പുനെയാണ്. ഇവിടെയും ആശുപത്രികളില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ എം വി പരമേശ്വരന്‍ അറിയിച്ചു. രണ്ടാം തരംഗം ഇരട്ടി വേഗത്തിലാണ് പടര്‍ന്ന് പിടിക്കുന്നത്.

ഇന്ന് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഒട്ടുമിക്ക കോവിഡ് ഹോസ്പിറ്റലുകളും കിടക്കകൾ ഇല്ലാത്ത അവസ്ഥയിലാണ്.മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷമാണ് പലർക്കും ഹോസ്പിറ്റലിൽ പ്രവേശനം സാധ്യമാകുന്നതു്.അത് കൊണ്ട് തന്നെ മുംബൈ പോലെ ജനസാന്ദ്രത കൂടുതലുള്ള കോസ്മോപോളിറ്റൻ നഗരത്തിന് ഇത്തരം ഗുരുതരാവസ്ഥ തരണം ചെയ്യുവാൻ ജനങ്ങളുടെ സഹകരണം വളരെ വലുതാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം വാക്‌സിനേഷൻ സ്വീകരിച്ചു രാജ്യത്തിൻറെ രോഗ പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി മാറുവാൻ ഓരോ പൗരനും കഴിയണം. ഇതിനായി വേണം സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പരിശ്രമിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here