അടുക്കളയുടെ മുറ്റത്തേക്ക് ചായ്ച്ച് കെട്ടിയ കോലായിൽ അമ്മ കാലും നീട്ടിയിരിക്കും . അടുത്ത് തന്നെ ഒരു മുറത്തിൽ നിറയെ പഴുത്തതും തുടുത്തതുമായ മാങ്ങകൾ ഉണ്ടായിരിക്കും . അവയിൽ ഭൂരിഭാഗവും അണ്ണാൻ കൊത്തിയതും വവ്വാൽ ചപ്പിയതും ആണ് . അമ്മ ഒരിക്കലും നല്ല മാങ്ങകൾ ചെത്തി തിന്നുന്നത്ത് കണ്ടിട്ടില്ല , അമ്മയ്ക്കെന്നും പ്രിയം അണ്ണാനും പക്ഷികളും ഒക്കെ കൊത്തി താഴെ വീണ മാങ്ങകളോടായിരുന്നു . അതിഷ്ടം കൊണ്ടൊന്നും അല്ല , നല്ല മാങ്ങകൾ മക്കൾക്കു വേണ്ടി നീക്കി വയ്ക്കുന്നതാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി അന്ന് ഉണ്ടായിരുന്നില്ല എന്ന് മാത്രം .. പക്ഷികൾ കൊത്തിയ മാങ്ങ കറിക്കത്തി അമ്മിക്കല്ലിൽ ഉരച്ച് മൂർച്ച വരുത്തി അമ്മ പിഞ്ഞാണത്തിൽ കഷണങ്ങളാക്കി നുറുക്കിയിടും . ഇടക്കൊരു കഷ്ണം വായിലേക്കിട്ട് ആരെങ്കിലും അടുത്തുകൂടെ പോകുന്നെങ്കിൽ അവരെ നോക്കി പറയും , “ഒരു കഷ്ണം കഴിച്ചു നോക്ക്, നല്ല മധുരം” . അപ്പോൾ ഞങ്ങൾ അമ്മയോട് പറയും , ‘അമ്മ ഈ ഇടവഴിയിൽ നിന്നൊക്കെ പൊട്ടിയതും അളിഞ്ഞതും ആയ മാങ്ങ എന്തിനാ പെറുക്കി കൊണ്ടുവരുന്നത് , വല്ല പാമ്പും കൊത്തിയതാണെന്ന് ആർക്കാ അറിയാ?
നല്ലവണ്ണം പഴുത്ത മാങ്ങകൾ പക്ഷികളും അണ്ണാനും തിന്നാറില്ല , പഴുക്കാൻ തുടങ്ങുന്നവയോടാണ് അവയ്ക്കു പ്രിയം . പഴുത്ത മാങ്ങയുടെ ഞെട്ടിനു ബലമുണ്ടാവില്ല , ഒരു ഇല അനങ്ങിയാൽ മതി മാങ്ങ ഞെട്ടറ്റു നിലം പൊത്തും . അതിനാലാണ് പക്ഷികൾ ഇത്തരം മാങ്ങകൾ ഒഴിവാക്കുന്നത് . രാവിലെ എണീറ്റാൽ ഉമ്മറത്തെ തൊടിയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഗോമാവിന്റെ തുന്നയിൽ നിൽക്കുന്ന മാങ്ങകൾ പൊട്ടിക്കാനാവാതെ താഴെ നിന്ന് മേൽപ്പോട്ടു നോക്കി നെടുവീർപ്പിടുമ്പോൾ കണ്ടു പിടിച്ച പക്ഷിശാസ്ത്രമാണ് ഇതൊക്കെ .
തറവാടിന്റെ ഉമ്മറത്ത് മൂന്നു പേര് പിടിച്ചാലും പിടിയെത്താത്ത വണ്ണത്തിൽ ഒരു ഗോമാവ്. അതിന്റെ ആദ്യത്തെ ചില്ല തുടങ്ങുന്നത് തന്നെ മൂന്നാൾ ഉയരത്തിൽ നിന്നാണ് . പിന്നെയും വളർന്നു അത് തൊടികളിൽ മുക്കാലും നിഴൽ വീഴ്ത്തി അടുത്ത പറമ്പിലേക്ക് ചില്ലകൾ പടർത്തി അങ്ങിനെ നിൽക്കും . മരങ്ങൾ മനുഷ്യരെ പോലല്ലല്ലോ. അവ ആർക്കൊക്കെ നിഴൽ നൽകാൻ പറ്റും , അവർക്കൊക്കെ കയ്യയഞ്ഞു സഹായിക്കും . തന്റെതെന്നോ ആരാന്റെയെന്നോ എന്നുള്ള വ്യത്യാസം ഒന്നും ഇല്ലാതെ. പക്ഷികളായാലും അണ്ണാനായാലും വവ്വാലായാലും നിറമോ വർണ്ണമോ വലുപ്പമോ പ്രൗഢിയോ എന്നുള്ള വിവേചനങ്ങളൊന്നും മരങ്ങൾക്കില്ല , തന്റെ നിഴലും നിറവും എല്ലാവർക്കും പകർന്നു നൽകി അതങ്ങിനെ പടർന്നു പന്തലിച്ചു നിൽക്കും .
എല്ലാവരും ഉച്ചമയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പക്ഷികളും അണ്ണാറക്കണ്ണന്മാരും മാവിലേക്ക് കൂട്ടത്തോടെ എത്തും . . ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് ചാടിയും പറന്നും തൊട്ടുനോക്കിയും മണത്തു നോക്കിയും അവ മാമ്പഴത്തിന്റെ ഗുണം പരിശോധിക്കും . പക്ഷികൾക്കും അണ്ണനുമൊക്കെ ഒരു സത്യമുണ്ട് , അവ പല മാമ്പഴങ്ങൾ രുചിച്ച് നോക്കാറില്ല , ഒരെണ്ണം കൊത്തിക്കഴിഞ്ഞാൽ അവ ഞെട്ടറ്റു വീഴും വരെ അല്ലെങ്കിൽ അതിന്റെ കാമ്പ് തീരും വരെ അത് മാത്രമേ തിന്നൂ . അല്ലാതെ മനുഷ്യരെ പ്പോലെ ഒന്നിലും തൃപ്തി വരാതെ ഓടി നടക്കുന്ന സ്വഭാവം അവയ്ക്കില്ല . നിറയെ സീറ്റുള്ള ബസ്സിൽ ആദ്യം കണ്ട സീറ്റിൽ ഇരിക്കാതെ ഇവിടെ ഇരിക്കണോ അവിടെ ഇരിക്കണോ എന്നറിയാതെ ഓടി നടന്നു അവസാനം ഒരു സീറ്റിലും ഇരിക്കാൻ കഴിയാതെ ഇളിഭ്യരായി നിൽക്കുന്ന ചിലരെ നമ്മളൊക്കെ കണ്ടിട്ടില്ലേ .
വെയിൽ ചായുന്ന വൈകുന്നേരങ്ങളിൽ അടുക്കള ചായ്പ്പിൽ അമ്മ കയ്യാലപ്പുറത്തത് പക്ഷികൾ ഉതിർത്തിടുന്ന മാങ്ങയുടെ ശബ്ദം കാതോർത്തിരിക്കും. താഴെ അമ്മയുടെ നിഴൽ കാണുമ്പോൾ വാലിട്ടടിച്ച് അണ്ണാന്മാർ ചില്ലയിൽ നിന്നും ചില്ലയിലേക്കും തൊട്ടപ്പുറത്തെ കവുങ്ങിൻ തോപ്പിലേക്കും ചാടി മറയും . അവയുടെ ആഹ്ലാദത്തിൽ കൊമ്പുകൾ ആടിയുലയും , മാങ്ങകൾ തുരു തുരാ ഉതിരും . മുഷിഞ്ഞ മുണ്ടിന്റെ കോന്തല ഒന്ന് കൂടി താഴേക്ക് വലിച്ച് അമ്മ മാങ്ങകൾ അതിലേക്ക് വാരിക്കൂട്ടും . “ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ടു കയറി വാ ” എന്ന മട്ടിൽ ഗോമാവിന്റെ തുന്നയിൽ ഇരുന്ന് അണ്ണാറക്കണ്ണൻ വാൽ പൊക്കി ചിൽ ചിൽ എന്ന് ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കും .
പകൽ അണ്ണാറക്കണ്ണനും പക്ഷികൾക്കും ഉള്ളതാണെങ്കിലും രാത്രി വവ്വാലുകളുടെ വിഹാര രംഗമാണ് മാവും തൊടികളും . അപസർപ്പക കഥകളിൽ വായിച്ച കറുത്ത വവ്വാലുകൾ . ശരീരത്തെക്കാൾ പതിന്മടങ്ങു വലിപ്പമുള്ള ചിറകുകൾ വിടർത്തി അവ ഇരുൾ വീണ തൊടികളിൽ പറന്നു നടക്കും , ആത്മഹത്യ ചെയ്ത ആത്മാവുപോലെ ഏതെങ്കിലും മരച്ചില്ലയിലോ ഫാനിലോ നിരാശയുടെ ഭാരം തൂങ്ങി ഒരു നിരുപദ്രവിയുടെ ഭാവം നടിച്ച് ഞാന്നു കിടക്കും. ഇടക്കൊക്കെ വഴിതെറ്റി ജനാലക്കിടയിലൂടെ അകത്തെ റൂമിലേക്കും അവ പറന്നെത്തും . റൂമിൽ തലങ്ങും വിലങ്ങും പറന്നു നടന്ന് അവ പേടിപ്പെടുത്തും . പിന്നെ ഒരു ശത്രുവിന്റെ ഉറക്കം കെടുത്തിയ ചാരിതാർഥ്യത്തോടെ എവിടേക്കോ പറന്നകലും .
രാത്രി പേടിപ്പെടുത്തുന്ന ചിറകടിയുമായി പറന്നു നടക്കുമെങ്കിലും പകൽ വവ്വാലുകൾ പ്രിയപ്പെട്ടതായിരുന്നു . അടുത്ത പറമ്പിലെ കശുമാങ്ങയും കശുവണ്ടിയും നമ്മുടെ പറമ്പിലെ തെങ്ങിൻ ചുവട്ടിൽ കൊണ്ടുവന്നിടുന്ന പ്രതിഫലം വാങ്ങാതെ പണിയെടുക്കുന്ന ഈ സാമൂഹ്യസേവകനെ വെറുക്കാൻ കാരണം ഒന്നും ഉണ്ടായിരുന്നില്ല . സ്‌കൂളിൽ പഠിക്കുമ്പോൾ സർക്കാർ ആശുപത്രിയുടെ മുന്നിൽ നിൽക്കുന്ന ആൽമരത്തിൽ പകലുറക്കം നടത്തുന്ന വവ്വാലുകളെ എത്രനേരം കൗതുകത്തോടെ നോക്കി നിന്നിരിക്കുന്നു .
എന്നാൽ എത്രപെട്ടെന്നാണ് വവ്വാലുകൾ ഒരു ഭീകരജീവിയാണ് മാറിയത്. ചികിത്സ ഇല്ലാത്ത “നിപ” എന്ന അസുഖത്തിന്റെ വൈറസ് വാഹകരാണെന്ന് ശാസ്ത്രം വവ്വാലുകൾക്ക് തിട്ടൂരം ചാർത്തിയിരിക്കുന്നു . കിണറുകളിലും കുളങ്ങളിലും ആളൊഴിഞ്ഞ വട വൃക്ഷങ്ങളിലും തലകീഴായി തൂങ്ങി കിടന്നു തല തിരിഞ്ഞ ലോകത്തെ നേരായി കാണാൻ കൊതിച്ച വവ്വാലുകൾ . അവയുടെ ചിറകടിയിൽ ഇളകുന്ന വായുപോലും ശ്വസിക്കുന്നത് അപകടമാണെന്ന് ഭയപ്പെടുന്നവർ . ഇന്ന് വരെ കേൾക്കാത്ത ഈ അസുഖം എങ്ങനെ നമ്മുടെ കേരളത്തിൽ എത്തിയെന്നറിയാതെ ചിലർ . ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങൾ .
കയ്യാലപ്പുറത്ത് ഉതിർന്നു വീഴാൻ ഇന്ന് ഗോമാവില്ല . ഉച്ചവെയിലിൽ മാവിൻ ചുവട്ടിൽ കളിച്ചിരുന്ന കുട്ടികളൊക്കെ മൊബൈൽ ചുവട്ടിൽ അന്തിമയങ്ങുന്നു . മാവ് പോയതും കാലം മാറിയതും അറിയാതെ അടുക്കള കോലായിൽ അപ്പോഴും കാലും നീട്ടി അമ്മ . അറിയാതെ പൊടിയുന്ന കണ്ണുനീർ ഇടയ്ക്കിടെ മുണ്ടിൻ കോന്തല കൊണ്ട് ഒപ്പി ആരോടെന്നില്ലാതെ ചോദിക്കുന്നു “ഈ കുട്ട്യോളൊക്കെ എവിടെ ” ? മറുപടിയെന്നോണം തെക്കേ പറമ്പിലെ തെങ്ങിൻ മണ്ടയിലിരുന്ന് ഒരു അണ്ണാൻ മാത്രം അപ്പോഴും ചിലച്ചു “ചിൽ ചിൽ .”
- രാജൻ കിണറ്റിങ്കര
പ്രേമം – കേരള ഹൗസിനോട് !
‘ആംചി മുംബൈ’ ഇനി ബുധനാഴ്ച രാത്രിയിലും
വിദ്യാഭ്യാസ മേഖലയിൽ വികസന പദ്ധതികളുമായി ശ്രീനാരായണ മന്ദിര സമിതി