അവിചാരിതമായി പെയ്ത ഒരു മഴയുടെ ആലസ്യത്തിലായിരുന്നു നഗരം ഇന്നലെ. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടുകൂടി തുടങ്ങിയ പൊടിക്കാറ്റ് എന്തിൻ്റെ ആരംഭമാണെന്ന് ആരും അറിഞ്ഞില്ല. മരച്ചില്ലകൾ പൊട്ടി വീണു, തെങ്ങിൻ തലപ്പുകൾ മുടിയഴിച്ചാടി. പെട്ടെന്ന് ആകാശം മേഘാവൃതമായി, നനഞ്ഞ കാറ്റിൽ 40 ഡിഗ്രി ചൂടിൽ ഉരുകിയ നഗരം തണുപ്പിൻ്റെ പുതപ്പണിഞ്ഞു. പെട്ടെന്ന് ഭാവപ്പകർച്ച വന്ന നഗരത്തിൻ്റെ മുഖം പകർത്താൻ ഓഫീസുകളിലുള്ളവർ ടെറസ്സിലേക്കും ബാൽക്കണിയിലേക്കും ഓടി. സന്ധ്യയാകും മുന്നെ ഇരുണ്ട നഗര വഴികളിൽ ആദ്യ മഴ തുള്ളികൾ ഇറ്റിറ്റു വീണു, പതിയെ മഴക്ക് ശക്തി കൂടി. റോഡരികുകളിൽ നീർച്ചാലുകൾ തീർത്ത് പെരുമഴ തുള്ളികൾ നഗരത്തിന് ഈറൻ മേലങ്കിയണിയിച്ചു. ഓർമ്മകളുടെ കടലാസ് തോണികൾ മഴച്ചാലിൽ ഒഴുകി നടന്നു.
ആറു മണിയോട് കൂടി മഴ ശമിച്ചു. വെള്ളം കെട്ടി നിന്ന കുഴികളിൽ ബാല്യത്തിൻ്റെ പ്രതിബിംബങ്ങൾ തെളിഞ്ഞു, തിരിഞ്ഞു നോക്കാത്ത നഗരയാത്രകൾ സംഗമിക്കുന്ന പ്ലാറ്റ്ഫോമിൽ മഴയാത്രകൾ അവസാനിച്ചു. പ്ലാറ്റുഫോമിലെ ഇൻഡിഗേറ്ററുകൾ അണഞ്ഞു കിടന്നു, ആൾ തിരക്കിൽ അവ്യക്തമായ റെയിൽവേയുടെ അറിയിപ്പുകൾ, ഒന്നും വ്യക്തമാകാത്ത യാത്രികർ പരസ്പരം നോക്കി. ഒടുവിൽ സ്ലോ ട്രാക്കിൽ വണ്ടികൾ ഓടുന്നില്ല എന്ന വസ്തുത ആളുകൾ ഊഹിച്ചെടുത്തു. ഒരൊറ്റ മഴയിൽ താറുമാറായ സംവിധാനങ്ങൾ.
ഫാസ്റ്റ് ട്രാക്കിലെ പ്ളാറ്റ്ഫോമിൽ മണിക്കൂറുകൾ വൈകിയോടുന്ന വണ്ടിയുടെ സമീപത്ത് പോലും എത്താനാവാതെ യാത്രക്കാർ. സ്ത്രീകളുടേയും വൃദ്ധരുടെയും നിസ്സഹായതയുടെ നിലവിളികൾ. അന്തർ ചലോ എന്ന നഗരത്തിൻ്റെ പതിവു ശകാരത്തിന് പ്രസക്തിയില്ലായിരുന്നു. എല്ലാവരും വാതിൽപ്പടിയിൽ ഒറ്റക്കാലിൽ ഒറ്റ കൈയിൽ അതിജീവനത്തിൻ്റെ സഹന യാത്രയിലായിരുന്നു.
പലരും പ്ലാറ്റ് ഫോമിന് വെളിയിൽ വന്ന് ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു, ലൊക്കേഷൻ പോലും ഐഡൻ്റിഫൈ ചെയ്യാനാകാതെ മോബൈൽ ആപ്പുകൾ . ജാമായ നെറ്റുവർക്കുകൾ, രണ്ടു കിലോമീറ്റർ ദൂരത്തേക്ക് നൂറും ഇരുനൂറും രൂപ വാങ്ങി നഗരജീവികളുടെ നിസ്സഹായതയെ മുതലെടുക്കുന്ന ചില റിക്ഷക്കാർ,വണ്ടികൾ മാത്രമേ നിശ്ചലമായുള്ളു, സമയം ഓടിക്കൊണ്ടിരിക്കുകയായിരുന്നു. രാത്രി 8, 9, 10 സമയം രാത്രിയുടെ ഇരുട്ടിനൊപ്പം കട്ടപിടിച്ചു കൊണ്ടിരുന്നു. പ്ലാറ്റ്ഫോമുകളും ഫ്ലൈ ഓവറുകളും സ്റ്റെയർകേസുകളും പരിഭ്രാന്തിയുടെ മുഖാവരണമണിഞ്ഞ് അസ്വസ്ഥമായി.
സമയം രാത്രി, 11 കഴിഞ്ഞ് 12 ലേക്ക് കടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ അൽപ്പം തിരക്ക് കുറഞ്ഞു, ആളുകൾ എങ്ങനെയൊക്കെയോ വീടുകളിൽ എത്തിപ്പെടാൻ ശ്രമിച്ചിരിക്കുന്നു. റോഡ് മാർഗ്ഗവും ചില ഭാഗ്യവാൻമാർ ജീവന്മരണ പോരാട്ടത്തിലൂടെ ട്രെയിനിന് ഉള്ളിലും കടന്നു കൂടിയിരിക്കുന്നു. നഗരത്തിൻ്റെ ഈ ദുരിതയാത്രകൾ വീടെത്തി വിശ്രമിക്കാനല്ല, നാളെ പുലരും മുന്നെ പതിവു യാത്രകൾ തുടരുവാൻ. മറ്റൊരു മഴക്കോളിലേക്ക് നനഞ്ഞിറങ്ങാൻ .
രാജൻ കിണറ്റിങ്കര