തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല; ഒരു മലയാളി കൂടി ആംബുലൻസിൽ കിടന്നു മരിച്ചു.

0

താരാപ്പൂരിൽ താമസിക്കുന്ന മല്ലപ്പള്ളി, കീഴ്വായ്പ്പൂരിൽ മുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ ഫിലിപ്പിന്റെ ഭാര്യ ശാന്തമ്മ എന്ന കൊച്ചുമോളാണ് സമയത്തിന് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. 42 വയസ്സായിരുന്നു. ഒരു നഴ്‌സ്‌ ആയിരുന്ന ശാന്തമ്മ ക്കാണ് ഈ ദുർഗതി നേരിട്ടെന്നതാണ് ഇവരുടെ കുടുംബത്തെയും ദുഖത്തിലാഴ്ത്തുന്നത്. ഭർത്താവും മകനും അടങ്ങുന്നതാണ് കുടുംബം

ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ നെഗറ്റീവ് ഫലമായിരുന്നു. അത് കൊണ്ടാണ് ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും ആശുപത്രിയിൽ പോകാതിരുന്നത്. പാൽഘർ മേഖലയിൽ ആശുപത്രികളിൽ കിടക്കകളുടെ അഭാവവും വലിയ വെല്ലുവിളിയായിരുന്നു.

ആശുപത്രികളിലെ നിലവിലെ പ്രതിസന്ധി കൊണ്ടാണ് ഒരാഴ്ചയായി ചെറിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും വീട്ടിൽ തന്നെ കഴിയുവാൻ നിര്ബന്ധിതയായത്. എന്നാൽ അസുഖം കുറയാതെ വന്നപ്പോഴാണ് അടുത്തുള്ള ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. പരിശോധിച്ച ശേഷം അവർ മരുന്ന് നൽകി വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. വീട്ടിലിരുന്ന് സമ്പർക്ക വിലക്കിൽ പരിചാരിച്ചാൽ മതിയെനന്നായിരുന്നു ആശുപത്രി ജീവനക്കാർ പറഞ്ഞത്.

എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും ചികിത്സക്കായി ആശുപത്രികളിൽ തേടി അലയുകയുമായിരുന്നു. ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയതിന്റെ ഫലം ഇനിയും ലഭിച്ചിട്ടില്ല. ആശുപത്രി പ്രവേശനത്തിനായി നെട്ടോട്ടമോടുമ്പോഴായിരുന്നു ആംബുലൻസിൽ തന്നെ മരണം സംഭവിച്ചതെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകർ പറയുന്നു. നഗരത്തിലെ ഒരു ആരോഗ്യ പ്രവർത്തകക്കാണ് ഇത്തരമൊരു ദുർഗതി സംഭവിച്ചതെന്നതാണ് ആരോഗ്യമേഖലയിലെ നിസ്സഹായാവസ്ഥയിൽ ജനങ്ങളും പരിഭ്രാന്തരാകുന്നത്.

കോവിഡ് രണ്ടാം തരംഗത്തിൽ മലയാളികൾ അടക്കം നഗരത്തിലെ നിരവധി ജീവനുകളാണ് പൊലിഞ്ഞു വീഴുന്നത്. ഇന്നലെ സംസ്ഥാനത്ത് മരണപ്പെട്ടത് എണ്ണൂറിലധികം പേരാണ്. മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം മലയാളികളും ഭീതിയോടെയാണ് കഴിയുന്നത്. പ്രധാന കാരണം അസുഖം വന്നു കഴിഞ്ഞാൽ എവിടെ പോകുമെന്ന ആശങ്കയും ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചിലവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here