ശ്രീകുമാരൻ തമ്പിയുടെ ഹൃദയഗീതങ്ങൾ പാടി അക്ഷരസന്ധ്യ

0

കഴിഞ്ഞ അറുപതു വർഷങ്ങളിൽ മലയാളിയുടെ പ്രണയചിന്തകൾക്ക് ചായംചാലിച്ച  പാട്ടെഴുത്തുകാരനായ ശ്രീകുമാരൻ തമ്പിയുടെ കൃതികൾ നെരൂൾ ബോംബ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ സംവാദസദസ്സായ അക്ഷരസന്ധ്യ ചർച്ച ചെയ്തു.

സ്വതന്ത്രഗാനകല ഇല്ലാതിരുന്ന മലയാളി പൊതുസമൂഹം അതിന്റെ കവിതയും സംഗീതവുമെല്ലാമായി സ്വയം വരിച്ചത് ചലച്ചിത്രഗാനങ്ങളെയായിരുന്നു എന്ന ബോദ്ധ്യത്തോടെ ശ്രീകുമാരൻ തമ്പിയുടെ ചലചിത്ര ഗാനങ്ങളാണ് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

അനന്യനായ ഗാന ശില്പിയാണ് ശ്രീകുമാരൻ തമ്പിയെന്നും ഒ എൻ വിയുടെ ലിറിസിസവും പി.ഭാസ്കരന്റെ ഗ്രാമീണ ഭാവനയും വയലാറിന്റെ ക്ലാസിക്കൽ ഭാവനയുമല്ലാത്ത വേറൊരു വിതാനത്തെയാണ് തമ്പി തൻ്റെ ഗാനങ്ങളിൽ സാക്ഷാൽക്കരിച്ചത് എന്നും സദസ്സ് വിലയിരുത്തി. ഏവർക്കും അഭിഗമ്യമായ ഒരു തരം തത്ത്വചിന്താപരതയും പ്രണയത്തെ ഗാനവൽക്കരിക്കുന്നതിലുള്ള മൗലികഭാവനാസമ്പത്തുമാണ് ഈ ഗാന രചയിതാവിന്റെ മികവുകളെന്നും മറ്റുള്ളവർ ഗാനത്തെ കവിതയോടടുപ്പിച്ചപ്പോൾ കവിത്വനിക്ഷേപമുള്ള ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പി എഴുതിയതെന്നും അഭിപ്രായപ്പെട്ടു.

തന്നെത്തന്നെയും നിശിതമായ വിചാരണയ്ക്കു വയ്ക്കുന്ന ലളിതമായ ആഖ്യാനത്തിലൂടെ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ, മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥയായി മാറുന്നുവെന്നും സദസ്സ് ചൂണ്ടിക്കാട്ടി.

ഗാനരചനയ്കക്കും സംവിധാനത്തിനും പുറമേ, തിരക്കഥാ രചനയിലും സജീവമായിരുന്നു അദ്ദേഹത്തിൻ്റെ.  തിരക്കഥകളും ടെലിവിഷൻ ശ്രമങ്ങളും നോവലുകളും കവിതകളുമൊക്കെ സദസ്സ് ചർച്ച ചെയ്തു.

സ്ത്രീവിമോചനം വിഷയമാക്കി “മോഹിനിയാട്ടം ” എന്ന എന്ന നായകനില്ലാത്ത  ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമായ തമ്പിയുടെ വ്യത്യസ്ത തലങ്ങും സ്പർശിച്ച അക്ഷരസന്ധ്യയിൽ അദ്ദേഹത്തിൻ്റെ ഗാനങ്ങളുടേയും കവിതകളുടേയും നിരവധി ആലാപനങ്ങളും നടന്നു.
സമാജം പ്രസിഡണ്ട് കെ ടി നായർ സ്വാഗതം പറഞ്ഞ തുടങ്ങിയ ചർച്ചയിൽ കെ വി സജയ്, ഉഴവൂർ ശശി, സുരേഷ് വർമ്മ, ജി വിശ്വനാഥൻ, പി എസ് സുമേഷ്, അനിൽപ്രകാശ്, ഗിരിജ ഉദയൻ,രേഖ ഷാജി, ജയൻ തനിമ, സി കെ കെ പൊതുവാൾ,മിനി മോഹൻ, ശ്രീകുമാർ ,ശോഭ മേനോൻ, നിരണം കരുണാകരൻ, പ്രശാന്ത് ആലയ്ക്കാട് , ഋചീക് നായർ,പ്രഭാ രാജൻ ,രമേശ് നായർ, ക്രിസ്റ്റീന വർഗീസ്,അജി ശങ്കരൻ, പ്രിയംവദ,
ഗൗരീശങ്കർ, ഇടശ്ശേരി രാമചന്ദ്രൻ, രുഗ്മിണി സാഗർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ടും കവിതകൾ അവതരിപ്പിച്ചു കൊണ്ടും അക്ഷരസന്ധ്യാ സായാഹ്ന ത്തിന് മാറ്റുകൂട്ടി.  കൺവീനർ രഞ്ജിത്ത് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here