കോവിഡ് ഭീതിയിൽ ആരും തിരിഞ്ഞു നോക്കിയില്ല; അമ്മയുടെ മൃതദേഹത്തിനരികെ കുഞ്ഞിന് കഴിയേണ്ടി വന്നത് രണ്ടു ദിവസം

0

മഹാരാഷ്ട്രയിൽ പുണെ ജില്ലയിലെ പിംപ്രി-ചിഞ്ച്‌വാഡിലാണ് കരളലിയിക്കുന്ന സംഭവം. വാടകവീട്ടിൽ മരിച്ച അമ്മയുടെ അരികെ ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടുദിവസത്തിലധികം കഴിയേണ്ടി വന്ന ഒന്നര വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിക്ക് സംരക്ഷകരായെത്തിയത് വനിതാ പോലീസുകാർ. സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംശയിച്ചാണ് അയൽവാസികൾ അടക്കമുള്ളവർ സഹായിക്കാൻ മടിച്ചുനിന്നത്.

ഉത്തർ പ്രദേശുകാരിയായ സ്ത്രീ ഭർത്താവിനും ഒന്നരവയസ്സുള്ള മകനുമൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭർത്താവ് ജന്മനാടായ യൂ പിയിലേക്ക് പോയിരിക്കുകയായിരുന്നു.

അന്വേഷണത്തിൽ യുവതി വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ‘അമ്മ മരിച്ചതറിയാതെയാണ് മൃതദേഹത്തിനരികിൽ കുട്ടി കരഞ്ഞുകൊണ്ടിരുന്നത്. കോവിഡ് ബാധ ഭയന്ന് ആരും ഇവരെ തിരിഞ്ഞു നോക്കിയില്ല. മൃതദേഹത്തിൽനിന്ന് ദുർഗന്ധം വമിച്ചുതുടങ്ങിയപ്പോൾ വീട്ടുടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി വീട്ടിനകത്തു കയറിയപ്പോൾ അമ്മയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കാണുന്നത്. ഇവർ കുഞ്ഞിനെയെടുത്തു മാറ്റി പാലും ഭക്ഷണവും നൽകി.

യു.പി. സ്വദേശിയായ രാജേഷ് കുമാറിന്റെ ഭാര്യ സരസ്വതി (29 )ആണ് മരിച്ചതെന്ന് ഡിഗി പോലീസ് അറിയിച്ചു.

ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരം കുട്ടിയെ സർക്കാർ ശിശുസംരക്ഷണഹോമിലേക്ക് അയച്ചു.

Delivery @ Navi Mumbai, Chembur, Govandi, Anushakthi Nagar, Dombivli, Kalyan, Ulhasanagar, Ambernath

LEAVE A REPLY

Please enter your comment!
Please enter your name here