മഹാരാഷ്ട്രയിൽ കണ്ടെടുത്ത സ്വാബ് സ്റ്റിക്കുകൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

0

മുംബൈ ഉപനഗരമായ ഉല്ലാസ നഗറിൽ നിന്ന് പിടിച്ചെടുത്ത ആർടി-പിസിആർ സ്വാബ് സ്റ്റിക്കുകളിൽ ഉപയോഗിച്ചവയും ഉണ്ടെന്ന് കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത് വരുന്നു. ബയോ-സ്വാബ് എന്ന പേരിൽ പായ്ക്ക് ചെയ്യുന്ന സ്റ്റിക്കുകൾ ഫുഡ് ആൻഡ് ഡ്രഗ്സിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നത് . അത് കൊണ്ട് വ്യാജ ഉല്പന്നമാകുവാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. ഉൽപ്പന്നത്തിന്റെ കരാറുകാരനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ദിവസമാണ് ഉല്ലാസ് നഗറിലെ ചേരികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കരാറുകൾ സ്ത്രീകൾക്കും കുട്ടികൾക്കും തുച്ഛമായ കൂലി കൊടുത്ത് സ്വാബ് സ്റ്റിക്കുകളുടെ പായ്ക്കിങ് ജോലികൾ ചെയ്യിച്ചിരുന്ന വിവരം പുറം ലോകം അറിയുന്നത്.

ഉല്ലാസ നഗറിലെ ഡസൻ കണക്കിന് ചേരികളിലാണ് കഴിഞ്ഞ ആഴ്ച മുതൽ ലോക്കൽ ഡിസ്ട്രിബൂട്ടർ വഴി ആർടി-പിസിആർ സ്വാബ് ടെസ്റ്റ് കിറ്റുകളുടെ പായ്ക്കിങ് ജോലികൾ നടന്നിരുന്നത്. മുംബൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ ഉപനഗരം.

ബുധനാഴ്ച ലോക്കൽ പോലീസും ഉല്ലാസനഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് അഞ്ച് വീടുകളിൽ നടത്തിയ പരിശോധനയിലാണ് അവശേഷിക്കുന്ന സ്വാബ് സ്റ്റിക്ക് സ്റ്റോക്കുകൾ പിടിച്ചെടുത്തത് . ഇന്ത്യൻ പീനൽ കോഡ്, എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 പ്രകാരം വിതരണക്കാരനെതിരെ കേസെടുത്തു.

പായ്ക്ക് ചെയ്ത കിറ്റുകളിൽ ‘ബയോ-സ്വാബ്’ എന്നെഴുതുയിട്ടുണ്ട്. ബയോ-സ്വാബ് എന്ന പേരിൽ ഒരു കമ്പനിയും ഫുഡ് ആൻഡ് ഡ്രഗ്സിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അത് കൊണ്ട് തന്നെ വ്യാജ ഉൽപ്പാദനമാണോയെന്നും സംശയിക്കുന്നു.

സ്വാബ് സ്റ്റിക്കുകളിൽ ഭൂരിഭാഗവും ഉപയോഗിച്ചവയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ സംഭവം സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് കൊണ്ട് വന്ന സാമൂഹിക പ്രവർത്തകന്റെ വാക്കുകൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് . കോവിഡിനെ അവസരമാക്കി കൊള്ള ലാഭമുണ്ടാക്കുന്ന കരാറുകാരാണ് ഉപയോഗിച്ച സ്വാബ് സ്റ്റിക്കുകൾ വീണ്ടും വിപണിയിൽ ഇറക്കാൻ ശ്രമിച്ചതെന്നാണ് ഇവർ പരാതിപ്പെടുന്നത്.

ഇതിന്റെ കൂടുതൽ വിവരങ്ങൾ വിതരണക്കാരനെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെമെന്നാണ് പോലീസ് കരുതുന്നത്.

ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾക്ക് പേര് കേട്ട നഗരമാണ് ഉല്ലാസനഗർ . ലോകത്തെ പ്രമുഖ ബ്രാന്ഡുകളുടെയെല്ലാം വ്യാജ നിർമ്മാണം ഒരു കാലത്ത് ഇവിടുത്തെ കുടിൽ വ്യവസായമായിരുന്നു. വിദേശ മദ്യം മുതൽ മരുന്നുകൾ വരെ വ്യാജമായി നിർമ്മിക്കുകയും പല വട്ടം പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡിന്റെ സ്പെല്ലിങ്ങിൽ ചെറിയ മാറ്റം വരുത്തിയാണ് ഇവർ സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. പലപ്പോഴും കണ്ടാൽ ഒരു പോലെ തോന്നുന്ന ഉൽപ്പന്നത്തിന്റെ സ്പെല്ലിങ്ങിൽ വരുത്തുന്ന മാറ്റം സാധാരണക്കാരായ ഉപഭോക്താക്കൾ ശ്രദ്ധിക്കില്ലെന്ന വിശ്വാസമായിരുന്നു ഇവരുടെയെല്ലാം ബിസിനസ് തന്ത്രം. ഇന്നും കുടിൽ വ്യവസായങ്ങൾ സജീവമാണെങ്കിലും ഡ്യൂപ്ലിക്കേറ്റുകൾക്ക് പുറകെ പോകാതെ സ്വന്തം ബ്രാൻഡുകൾ വിപണിയിൽ ഇറക്കിയാണ് ഭൂരിഭാഗം പേരും കച്ചവടം തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here