എരിയുന്ന വയറുകൾക്ക് സാന്ത്വനമായി സീൽ ആശ്രമം

0

നവി മുംബൈയിലും പരിസരത്തുമുള്ള രോഗബാധിതരും ദുരിതബാധിതരുമായ കുടുംബങ്ങൾക്കാണ് സീൽ ആശ്രമം  മൂന്ന് നേരം  ഭക്ഷണം (പ്രഭാതഭക്ഷണം / ഉച്ചഭക്ഷണം / അത്താഴം) നൽകുന്നത്.  രോഗവും ബലഹീനതയും കാരണം  സ്വയം ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത നൂറുകണക്കിന് ആളുകൾക്ക് ഈ കാര്യണ്യ പ്രവർത്തനം അനുഗ്രഹമാകുന്നു. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും  കഴിയാത്ത  മുതിർന്ന പൗരന്മാർ,  ഒറ്റയ്ക്ക് താമസിക്കുന്നവർ, കൂടാതെ   കുടുംബത്തിലെ  അംഗങ്ങൾക്കെല്ലാം അസുഖം ബാധിച്ചതോടെ   പാചകം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥയിലുള്ളവർ  എന്നിങ്ങനെ കോവിഡ് കാലത്തെ ദുരിതത്തിൽ വലയുന്നവർക്കെല്ലാം കൈത്താങ്ങായാണ്  ഒരു മാസത്തെ ഭക്ഷണം വിവിധ കുടുംബങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്നത്. നവി മുംബൈയിലെ കോപ്പർകർണ, വാഷി, ഖാർഘർ, നെരുൾ, പൻ‌വേൽ, ന്യൂ പൻ‌വേൽ, കരഞ്ചഡേ തുടങ്ങിയ മേഖലകളിൽ ഇതിനകം നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാണ് സീൽ ആശ്രമം

മെഡിക്കൽ കോളേജിലെ രോഗികൾക്ക് ഭക്ഷണപ്പൊതികൾ

കാമോത്തേയിലെ എം‌ജി‌എം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇരുനൂറോളം കോവിഡ് രോഗികൾക്കും  ബന്ധുക്കൾക്കുമായി  ഭക്ഷണപ്പൊതിയും  ശുദ്ധജലവും പഴങ്ങളും നൽകുന്നത് വലിയ അനുഗ്രഹമായെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. ആശുപതിയുടെ  സമീപത്ത് കടകളില്ലാത്തതിനാൽ നിസ്സഹായവസ്ഥയിലായിരുന്നു ഇവരെല്ലാം.  കുടിവെള്ളം പോലും ലഭിച്ചിരുന്നില്ലെന്ന് പലരും പരാതിപ്പെട്ടിരുന്നു.  

ALSO READ | സീൽ ആശ്രമത്തിന് മൂന്നാമത്തെ ആംബുലൻസ്

രാപ്പകൽ വിശ്രമമില്ലാതെ സേവനങ്ങൾ നൽകുന്ന ഡോക്ടർമാർ, നഴ്‌സുമാർ, അടങ്ങുന്ന ആരോഗ്യ പ്രവർത്തകർക്കും സമയത്തിന് എത്തിച്ചേരുന്ന  ഭക്ഷണം ആശ്വാസമേകി. പ്രതിദിനം ഏകദേശം 400 ഓളം ഭക്ഷണപ്പൊതികളാണ് വിതരണത്തിനായി കൊണ്ട് പോകുന്നത്. കൂടാതെ സീൽ ആശ്രമത്തിലെ ജീവനക്കാർക്കും  അന്തേവാസികൾക്കും അടക്കം ഏകദേശം ആയിരം പേർക്കുള്ള ഭക്ഷണമാണ് പ്രതിദിനം സീൽ ആശ്രമത്തിലെ അടുക്കളയിൽ പാചകം ചെയ്യുന്നത്.

വൈദ്യസഹായങ്ങൾ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വളരെ ഗുരുതരമായിരുന്ന നിസ്സഹായ കുടുംബങ്ങളുണ്ടായിരുന്നു, പരിശോധനയ്ക്ക് ആരും എടുക്കുന്നില്ല. സീൽ മുൻകൈ എടുത്താണ് അവരെ പരിശോധനയ്ക്ക് കൊണ്ടുപോകാനും ആശുപത്രികളിൽ പ്രവേശിപ്പിക്കാനും ബില്ലുകൾ അടയ്ക്കാനും ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനുമായി സഹായിച്ചത്.

ALSO READ | കൊറോണക്കാലത്ത് നിരാലംബർക്ക് ആശ്രയമായി സീൽ ആശ്രമം
 
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സന്നദ്ധ പ്രവർത്തകരെ തേടുകയാണ് സീൽ മേലധികാരികൾ.

സീൽ ആശ്രമം – നിരാലംബരുടെ ആശ്രയ കേന്ദ്രം

1999 ൽ സ്ഥാപിതമായ സോഷ്യൽ ആന്റ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) ലാഭേച്ഛയില്ലാത്ത സന്നദ്ധ സംഘടനയാണ് (എൻ‌ജി‌ഒ). ചെറുപ്പക്കാരെയും പ്രായമായവരെയും പുരുഷന്മാരെയും സ്ത്രീകളെയും രോഗികളെയും മാത്രമല്ല നഷ്ടപ്പെട്ടവരെയും ഉപേക്ഷിച്ചവരെയും രക്ഷിച്ചു പുനരധിവസിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണം, പാർപ്പിടം, വസ്ത്രം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ നൽകുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളെ തേടി പിടിച്ചു ജന്മനാട്ടിലേക്ക് തിരിച്ചയക്കാനും നഷ്ടപ്പെട്ടവരെ വീണ്ടും ഒന്നിപ്പിക്കാനും സീൽ ആശ്രമം നിമിത്തമാകുന്നു.

ALSO READ | 28 വർഷം മുൻപ് കാണാതായി; ഓർമ്മയിൽ പോലുമില്ലാത്ത അമ്മയെ തിരികെ ലഭിച്ച സന്തോഷത്തിൽ മകൻ

നിലവിൽ, സീൽ ആശ്രമത്തിൽ 276 പേർ താമസിക്കുന്നു, പ്രധാനമായും എച്ച്ഐവി, ക്ഷയരോഗികൾ, മാനസിക വൈകല്യമുള്ളവർ, കാഴ്ചയില്ലാത്തവർ, പൂർണമായും അനാഥർ, എന്നിങ്ങനെ ജീവിതത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നവരാണ്. ഇവരെയെല്ലാം ലക്ഷ്യബോധമുള്ള ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുകയാണ് സീൽ ആശ്രമത്തിന്റെ ലക്‌ഷ്യം.

ഇതുവരെ, സീൽ 426 അന്തേവാസികളെ ഇന്ത്യയിലുടനീളം ജന്മനാടുകളിൽ തിരിച്ചയക്കാനും അവരുടെ കുടുംബങ്ങളിലേക്ക് വീണ്ടും ഒന്നിപ്പിക്കാനും കഴിഞ്ഞുവെന്ന് സീൽ സ്ഥാപക ഡയറക്ടർ പാസ്റ്റർ.കെ.എം.ഫിലിപ്പ് പറയുന്നു .

ALSO READ | എട്ടു വർഷമായി കാണാതായ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മകൻ

മുംബൈയിലെ തെരുവുകളിൽ നിന്നും റെയിൽ‌വേ പ്ലാറ്റ്ഫോമുകളിൽ നിന്നും നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ചെറുപ്പക്കാരെയും പ്രായമായവരെയും പുരുഷന്മാരെയും സ്ത്രീകളെയും രക്ഷിച്ചു പുനരധിവസിപ്പിക്കുമ്പോൾ അവരുടെ ക്ഷേമവും ഉറപ്പാക്കുന്നു. അവരിൽ ഭൂരിഭാഗവും എച്ച്ഐവി + അല്ലെങ്കിൽ ക്ഷയരോഗം, ഹെപ്പറ്റൈറ്റിസ്, മാനസിക വൈകല്യങ്ങൾ തുടങ്ങിയ മാരക രോഗങ്ങളാൽ വലയുന്നവരാണ്. ഇവർക്കെല്ലാം വൈദ്യസഹായം നൽകുന്നു,

“കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും ലോകത്തെ അഭിമുഖീകരിക്കാൻ അവരെ സജ്ജരാക്കാനും ശ്രമിക്കുന്നു. ഞങ്ങളുടെ മുതിർന്ന പെൺകുട്ടികൾ കോളേജിലും ഇളയ കുട്ടികൾ ഷാരോൺ ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠിക്കുന്നു” അസോ. ഡയറക്ടർ പാസ്റ്റർ ബിജു ശാമുവേൽ പറഞ്ഞു.

സീൽ ആശ്രമത്തിന് ഇന്ത്യയിൽ നിന്നോ വിദേശത്തു നിന്നോ സർക്കാർ സഹായമോ സ്ഥിരമായ പിന്തുണക്കാരോ ഇല്ല, സുമനുസകളുടെ സംഭാവനകളിലൂടെയാണ് ചെലവുകൾക്ക് പണം കണ്ടെത്തുന്നത്.

ഇന്ന്, 20 ലധികം എൻ‌ജി‌ഒകൾ, മുംബൈ, നവി മുംബൈ പോലീസ്, മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ പ്രധാന റഫറൽ പോയിന്റാണ് സീൽ.

LEAVE A REPLY

Please enter your comment!
Please enter your name here