അയ്യായിരത്തോളം കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്തു മുംബൈയിലെ മലയാളി സംഘടന

0

മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ വിതരണം ചെയ്തത്. കൊവിഡിൻ്റെ ദുരിതക്കയത്തിൽ അന്നത്തിന് ബുദ്ധിമുട്ടിയവർക്ക് ഭക്ഷണ സാമഗ്രഹികൾ നൽകിയും ചികിത്സക്ക് പണമില്ലാതെ വലഞ്ഞവർക്ക് ധനസഹായമെത്തിച്ചും, ഗുരുതരാവസ്ഥയിൽ മരുന്നുകൾ ലഭിക്കാതെ ആശങ്കയിലായ രോഗികൾക്ക് തക്ക സമയത്ത് മരുന്നുകൾ ലഭ്യമാക്കിയും ഈ മലയാളി സംഘടന ചിലവഴിച്ചത് അര കോടിയിലധികം രൂപയാണ്.

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ആഞ്ഞടിച്ചപ്പോൾ നഗരത്തിലെ നിരവധി ജനങ്ങളുടെ ജീവിതതാളമാണ് തകിടം മറിഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ  സംഘടന മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി പോയ വാരവും റേഷൻ കിറ്റുകൾ വിതരണം ചെയ്തു. സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി റേഷൻ കിറ്റുകൾ നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ 400 ഓളം റേഷൻ കിറ്റുകൾ അർഹിക്കുന്ന കുടുംബങ്ങളിൽ എത്തിക്കാനായ ചാരിതാർഥ്യത്തിലാണ് കെയർ 4 മുംബൈ. ഓരോ പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരുടെ ഏകോപനത്തിലാണ് റേഷൻ കിറ്റുകൾ അർഹിക്കുന്നവർക്ക് നൽകാനായതെന്ന് കെയർ 4 മുംബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു.

ഏറ്റവും പ്രയാസകരമായ സാമ്പത്തിക സാഹചര്യങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന  സാകിനാക്കയിലെ  ഖെരാനി റോഡ് പരിസരത്ത് 185 റേഷൻ കിറ്റുകൾ വിതരണം ചെയ്തു. ഈ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച ആവശ്യങ്ങളുടെയും അഭ്യർത്ഥനകളുടെയും അടിസ്ഥാനത്തിലാണ്  സാമൂഹ്യ പ്രവർത്തകരായ രാമചന്ദ്രൻ, ഇഫ്തികാർ, ഇർഫാൻ തുടങ്ങിയവരുടെ സഹായത്തോടെയാണ് കിറ്റുകൾ നൽകിയത്.

Also Read  | കരുതലിന്റെ കിറ്റുകൾ കൈമാറി കെയർ 4 മുംബൈ

ഡോംബിവിലി, താക്കുർളി മേഖലയിലെ ദുരിതമനുഭവിക്കുന്ന  39 കുടുംബങ്ങൾക്ക്  കിറ്റുകൾ നൽകി. പ്രദേശത്തെ സാമൂഹിക പ്രവർത്തകരായ ഇ പി വാസു, ഡോ. ഉമ്മൻ ഡേവിഡ്, ഹരീന്ദ്രനാഥ് എന്നിവരുടെ സഹായത്തോടെയാണ് പ്രേംലാൽ വിതരണം ഏകോപിപ്പിച്ചത്. ജോലി നഷ്ടപ്പെട്ടവരും കോവിഡിൽ നിന്ന് കരകയറുന്നവരുമായ നിരവധി മലയാളികളാണ് ഈ പ്രദേശത്ത് വലയുന്നത്.

ഉല്ലാസ നഗറിലും പരിസര പ്രദേശത്തും  50 കിറ്റുകൾ വിതരണം ചെയ്തു. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത നിരവധി കുടുംബങ്ങൾക്കാണ് പി കെ ലാലി യുടെ സഹകരണത്തോടെ കെയർ 4 മുംബൈ സഹായങ്ങൾ എത്തിച്ചത്.

അലിയുടെയും രാജേഷിൻ്റെയും ഏകോപനത്തിലാണ് ഉൽ‌വേയിൽ കിറ്റുകളുടെ വിതരണം കൈമാറിയത്. പലരുടെയും അവസ്ഥ കരളലിയിക്കുന്നതാണ്. മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാത്ത കുടുംബങ്ങൾ വരെ കിറ്റുകൾ വാങ്ങുവാൻ എത്തിയിരുന്നുവെന്ന് അലി പറയുന്നു. ജോലി നഷ്ടപ്പെട്ട് ഏക വരുമാനം നിലച്ചതോടെ പട്ടിണിയിലായ കുടുംബത്തിന് സഹായം തേടിയാണ് കൊറിയർ കമ്പനിയിൽ ജോലി ചെയ്തിരുന്നയാൾ റേഷൻ കിറ്റ് വാങ്ങുവാൻ എത്തിയത്.  

Also Read  | മുംബൈയിൽ കുടുങ്ങി കിടക്കുന്ന സർക്കസ് കലാകാരന്മാർക്ക് കൈത്താങ്ങുമായി കെയർ 4 മുംബൈ

ശ്രീജിത്തിന്റെ ഏകോപനത്തിൽ കാമോത്തേയിൽ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ട് ചികിത്സയിലായിരുന്ന നിർധനർക്കും  കെയർ 4 മുംബൈ ഭക്ഷ്യകിറ്റ് നൽകി.  കൂടാതെ സംസ്കാരയുടെ അഭ്യർത്ഥനപ്രകാരം കലംബൊലിയിൽ ഇരുപതോളം കുടുംബങ്ങൾക്ക്  റേഷൻ കിറ്റുകൾ നൽകി.

നെരുൾ / സീവുഡ് പ്രദേശത്തെ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കുന്ന  നിരവധി ആളുകളുടെ ആവശ്യങ്ങൾക്കായി കിറ്റുകൾ വിതരണം ചെയ്യുന്നതിന് സാമൂഹിക പ്രവർത്തക ലൈജി വർഗ്ഗീസാണ് ഏകോപനം നടത്തിയത്.

Also Read  | നന്മയുടെ വറ്റാത്ത ഉറവായി കെയർ 4 മുംബൈ

കൂടാതെ തലോജ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് തലോജ മേഖലയിലെ നിർദ്ധനരായ കുടുംബങ്ങൾക്കും കിറ്റുകൾ കൈമാറി. മാങ്കുർഡ്, മീര റോഡ് എന്നിവിടങ്ങളിലെ താഴെത്തട്ടിലുള്ള ആളുകൾക്കും , വാഷിയിലും പരിസരത്തും, കൊളാബയിലും റേഷൻ കിറ്റുകൾ കൈമാറി നിരവധി നിർധന കുടുംബങ്ങൾക്ക് താൽക്കാലിക ആശ്രയമാകുകയായിരുന്നു ഈ സംഘടന. പ്രിജ കരുണാകരൻ, ആശിഷ് എബ്രഹാം തുടങ്ങിയവരുടെ ഏകോപനത്തിലാണ് ഈ പ്രദേശങ്ങളിൽ വിതരണം നടത്തിയത്.

2020 ഏപ്രിൽ മുതൽ ഇതുവരെ 5000 ഓളം പലചരക്ക് കിറ്റുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അത്യാവശ്യകാർക്ക് വിതരണം ചെയ്യാനായെന്ന് കെയർ 4 മുംബൈ പ്രസിഡന്റ് എം കെ നവാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here