മുംബൈയിൽ രോഗികൾ കുറയുന്നു, മഹാമാരിയോട് പൊരുതി മഹാനഗരം

0

വെള്ളിയാഴ്ച മുംബൈയിൽ 1,657 കേസുകളും 62 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ 2572 രോഗികൾ സുഖം പ്രാപിച്ചു. മുംബൈയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,656 ആയി കുറഞ്ഞു. ഒരു മാസം മുമ്പ്, നഗരത്തിൽ 87,443 പേർ ചികത്സയിലുണ്ടായിരുന്നു.

കഴിഞ്ഞ നാല് ആഴ്ചയായി അസുഖം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് നഗരം രേഖപ്പെടുത്തിയതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) കണക്കുകൾ വ്യക്തമാക്കുന്നു. ബി‌എം‌സി ഡാഷ്‌ബോർഡ് അനുസരിച്ച് ഇപ്പോൾ രോഗമുക്തി നിരക്ക് 92% ആണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിനുശേഷം മുംബൈയിലെ കോവിഡ് -19 അവസ്ഥയിൽ ഗണ്യമായ പുരോഗതിയുടെ സൂചകമാണിതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

മുംബൈയുടെ പോസിറ്റീവ് നിരക്ക് 6.5% ആയി കുറഞ്ഞു. കഴിഞ്ഞ മാസം ഏപ്രിൽ പകുതിയോടെ ഇത് 19% ആയിരുന്നു. കേസ് ഇരട്ടിപ്പിക്കൽ നിരക്കും 199 ദിവസത്തിലെത്തി. എന്നിരുന്നാലും, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെ ചില ഭാഗങ്ങൾ ഇപ്പോഴും കോവിഡ് -19 കേസുകൾ കൂടുതലായി കാണുന്നത് ആശങ്കാജനകമാണ്.

ബി‌എം‌സി ഡാറ്റ പ്രകാരം, അന്ധേരി, ജോഗേശ്വരി, ബോറിവാലി, കാന്തിവ്‌ലി, മലാഡ് എന്നിവിടങ്ങളിലെ അഞ്ച് വാർഡുകളിൽ നിന്നാണ് മൊത്തം കേസുകളിൽ 40% റിപ്പോർട്ട് ചെയ്യുന്നത്.

നഗരത്തിൽ രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ഐസിയു സംവിധാനങ്ങൾക്കും ഓക്സിജൻ കിടക്കകൾക്കുമുള്ള ആവശ്യവും കുറഞ്ഞു. രണ്ടാഴ്ച മുൻപ് വരെ നഗരവാസികൾ ഐ സി യു കിടക്കകൾക്കായി പരക്കം പായുകയായിരുന്നു.

നിലവിൽ 285 ഐസിയു, 6,156 ഓക്സിജൻ ബെഡ്ഡുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ബിഎംസി ഡാറ്റ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തോടെ നഗരത്തെ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലും കോവിഡ് -19 ന്റെ മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങൾ കോർപ്പറേഷൻ ആരംഭിച്ചു കഴിഞ്ഞു. 6000 കിടക്കകളും , 1500 ഐസിയു കിടക്കകളും ഉൾപ്പെടുന്ന നാല് ജംബോ കോവിഡ് കെയർ സെന്ററുകൾ കൂടി സ്ഥാപിക്കാൻ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here