ചന്ദ്രേട്ടൻ്റെ ഓർമ്മകൾ

0

ചന്ദ്രേട്ടനും വിട പറഞ്ഞു, നഷ്ടങ്ങളുടെ ഓർമ്മ പുസ്തകത്തിൽ ഒരേടുകൂടി. കണ്ണട എപ്പോഴും തലയിലേക്ക് കയറ്റി വച്ച് നടക്കുന്ന ചന്ദ്രേട്ടന് ഈ ലോകത്തെ തിരിച്ചറിയാൻ ബുദ്ധിക്ക് കൂടുതൽ കാഴ്ചശക്തി വേണമെന്ന് തോന്നിയിരിക്കാം.

പല വേദികളിലും പല സൗഹൃദ ചർച്ചകളിലും വച്ച് ചന്ദ്രേട്ടനെ കണ്ടിട്ടുണ്ട് അടുത്ത് പരിചയപ്പെട്ടിട്ടുണ്ട്. എൻ്റെ കുത്തിക്കുറിക്കലുകൾ അദ്ദേഹത്തിന് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുമായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടും മുന്നെ ഇടക്കൊക്കെ ഫോൺ ചെയ്യുമായിരുന്നു. മുംബൈയുടെ മാറി വരുന്ന സാഹിത്യ സംസ്കാരത്തിൽ അദ്ദേഹം ദുഖിതനായിരുന്നു എന്ന് പലപ്പോഴും സംസാരത്തിൽ തോന്നിയിട്ടുണ്ട് . ചന്ദ്രേട്ടൻ സജീവമായി രംഗത്തുണ്ടായിരുന്ന പഴയ കാല നാടകവേദികളെക്കുറിച്ച് വാചാലമായി സംസാരിക്കും. നാടകത്തെ കുറിച്ചുള്ള എൻ്റെ അറിവ് പരിമിതമായതിനാൽ ഞാൻ എല്ലാം മൂളി കേൾക്കും.

മകൾ സുധാചന്ദ്രനെക്കുറിച്ചുള്ള പുസ്തകത്തിലേക്ക് ഒരു കുറിപ്പ് വേണമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ചന്ദ്രേട്ടൻ പറഞ്ഞു, “രാജൻ, ഒരു പുരുഷനെ സംബന്ധിച്ച് ഭാര്യയുടെ മരണശേഷമുള്ള ജീവിതം വളരെ വേദനാജനകമാണ്. ഭാര്യക്ക് ഒരു പക്ഷെ ഭർത്താവിൻ്റെ മരണശേഷവും പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞെന്നു വരാം. ഭാര്യയുടെ വേർപാടിൽ വാർദ്ധക്യത്തിൽ ആ ഓർമ്മകളിൽ കഴിയുന്ന ഒരാളെക്കുറിച്ച് അയാളുടെ മനസ്സിലേക്കിറങ്ങിച്ചെന്ന് രാജൻ ഒരു കവിത എഴുതണം. രാജനത് കഴിയും. ” .

ഞാൻ എന്നാലാവും വിധം ഒരു കവിത എഴുതി അയച്ചുകൊടുക്കുകയും ചെയ്തു. അന്ന് വാട്സ് ആപ്പ് ഇല്ലാത്തതിനാൽ ഇ മെയിലിലായിരുന്നു കത്തിടപാടുകൾ

അടുത്തു കണ്ടാൽ ഒരച്ഛനെപ്പോലെ പിടിച്ചിരുത്തി പല ഉപദേശങ്ങളും നൽകുമായിരുന്നു. അതിൽ സാഹിത്യ ലോകത്തെ അതിജീവനത്തിൻ്റെ പാoങ്ങളുമുണ്ടായിരുനു.

ദിവസേനയില്ലെങ്കിലും പതിവായി രാവിലെ ചന്ദ്രേട്ടൻ്റെ മെസേജ് (വാട്സ് അപ്പ് അല്ല SMട) വരുമായിരുന്നു. ജീവിതഗന്ധിയായ മഹദ് വചനങ്ങളായിരുന്നു അവയെല്ലാം. 2020 മാർച്ച് 17 നായിരുന്നു എനിക്ക് അവസാനമായി വന്ന മെസേജ് അത് ഇതായിരുന്നു.

Faith is like a small lamp in a dark forest. It doesn’t show everything at once but gives enough light for the next step to be safe. Good Morning and Gud day-KDCHANDRAN

ജീവിതത്തിൽ പലപ്പോഴായി കടന്നുവന്നവർ വഴികാട്ടിയവർ, വഴിതെളിച്ചവർ ,അവിചാരിതമായ ശൂന്യതകൾ സൃഷ്ടിച്ചു കൊണ്ട് ഓർമ്മയിൽ ഓരോരുത്തരായി മറയുന്നു. അശ്രുപ്രണാമം പ്രിയ ചന്ദ്രേട്ടാ..

  • രാജൻ കിണറ്റിങ്കര

മുംബൈ മലയാളികളുടെ ആദ്യ കാല കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പ്രമുഖനാണ് കെ ഡി ചന്ദ്രൻ. പ്രസിദ്ധ നർത്തകിയും നടിയുമായ സുധ ചന്ദ്രന്റെ അച്ഛനാണ്. നാടക കലയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടനാണ് കെ ഡി ചന്ദ്രൻ. സ്ത്രീകൾക്ക് നാടക രംഗത്തേക്ക് കടന്നു വരുവാൻ വിലക്കുള്ള കാലത്ത് പല നാടകങ്ങളിലും സ്ത്രീവേഷം അണിഞ്ഞിട്ടുണ്ട് കെ ഡി ചന്ദ്രൻ. തിക്കുറിശ്ശിയെ പോലുള്ള മുതിർന്ന നടന്മാർക്ക് മുംബൈയിൽ വേദിയൊരുക്കിയിട്ടുണ്ട് ഇരിഞ്ഞാലക്കുട സ്വദേശിയായ കെ ഡി ചന്ദ്രൻ. ആറു പതിറ്റാണ്ടോളം നീണ്ടു കിടക്കുന്നതാണ് ചന്ദ്രനുമായിട്ടുള്ള സൗഹൃദം.

  • പി ആർ കൃഷ്ണൻ

ചന്ദ്രേട്ടന്‍ യാത്രയായി .. മുംബയിലെ സാംസ്കാരിക രംഗത്ത് ഏറെക്കാലം നിറഞ്ഞു നിന്ന സ്നേഹ നിധി. അമേരിക്കന്‍ സെന്‍റര്‍ ലൈബ്രറി, ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ചന്ദ്രേട്ടന് എഴുത്തിനോടെന്ന പോലെ എഴുത്തുകാരോടും വലിയ പ്രതിപത്തിയുണ്ടായിരുന്നു. കലാകാരനായ ചന്ദ്രേട്ടന്‍ , തന്റെ പരിചിത വലയത്തിലുള്ള മലയാളി എഴുത്തുകാരുടെ കുറിപ്പുകളുമായി “ മനസ്സില്‍ തെളിയുന്ന സുധാ ചന്ദ്രന്‍ “ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അനാരോഗ്യം മൂലം നമ്മോടൊപ്പം സംവദിക്കുന്നതിന് പ്രയാസം ഉണ്ടായിരുന്നു . സ്നേഹത്തോടെ ഉള്ള അദ്ദേഹത്തിന്‍റെ ശാസനകളും , തമാശകളും ഇനി കേള്‍ക്കാന്‍ ആവില്ല . ചന്ദ്രേട്ടാ …. വിട !.

  • സി പി കൃഷ്ണകുമാർ

പ്രിയ സുഹൃത്ത് കെ.ഡി ചന്ദ്രന്റെ വിയോഗത്തിൽ അതിയായി ദു:ഖിക്കുന്നു. സപ്തസ്വര അവതരിപ്പിച്ച സ്വാതിതിരുനാൾ എന്ന നാടകത്തിൽ ഞങ്ങൾ ഒന്നിച്ചു അഭിനയച്ചിട്ടുണ്ട്. 1963 മുതൽ സുഹൃത്തുക്കാളായിരുന്നു. അദ്ദേഹം അമേരിക്കൻ ലൈബ്രറിയനായിരിക്കുമ്പോൾ പലതവണ ഓഫീസിൽ പോകുകയും മാഗസിനുകൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ടു അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുന്നു.

  • സി കെ കെ പൊതുവാൾ

മുംബൈ നാടക വേദിയുടെ ഒരു കാലഘട്ടത്തിനാണ് കെ ഡി ചന്ദ്രന്റെ വിയോഗത്തോടെ തിരശീല വീഴുന്നത്. നാടകവേദിയിലെ പരിചയത്തിന് പുറമെ എന്റെ കവിതകളെ നിർലോഭം പ്രോത്സാഹിപ്പിച്ചിരുന്ന ജേഷ്ഠ സഹോദരൻ കൂടിയാണ് കെ ഡി. അദ്ദേഹം നൽകിയ പ്രചോദനമായിരുന്നു എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ സാക്ഷാത്ക്കാരം

  • രാജേന്ദ്രൻ പടിയൂർ

ചലച്ചിത്രനടനും നാടകനടനും ആയ കെ.ഡി. ചന്ദ്രൻ ഇനി നമ്മോടൊപ്പമില്ല. മുംബൈയിൽ മലയാള നാടകങ്ങളിൽ അഭിനയിക്കാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്ത് സ്ത്രീവേഷമെടുത്ത് രംഗത്ത് ശോഭിച്ചവരിൽ കെ.ഡി.ചന്ദ്രനും ഉണ്ടായിരുന്നു. നർത്തകിയും ചലച്ചിത്ര അഭിനേത്രിയുമായ, അദ്ദേഹത്തിന്റെ ഏക മകൾ സുധാചന്ദ്രനെ നമ്മളറിയും. ‘ഓർമ്മകളിൽ തെളിയുന്ന സുധാചന്ദ്രൻ’ എന്ന പുസ്തകം അവരുടെ അതിജീവനത്തിന്റെ കഥയാണ്. സാഹിത്യ–സാംസ്കാരിക രംഗങ്ങളിലെ നിരവധി വ്യക്തികൾ എഴുതിയ ലേഖനങ്ങളാണ് അതിൽ സമാഹരിച്ചിട്ടുള്ളത്. മകളെക്കുറിച്ചുള്ള ആ പുസ്തകം പ്രകാശനം ചെയ്യാൻ കെ.ഡി.ചന്ദ്രൻ എന്നെയാണ് നിയോഗിച്ചത്. ഞാൻ ആ കൃത്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും പിന്മാറാൻ എന്നെ അനുവദിച്ചില്ല. അവസാനമായി കണ്ടത് 2019 ഒക്ടോബർ 13ന് മാട്ടുംഗ മൈസൂർ അസ്സോസിയേഷൻ ഹാളിലാണ്. എഴുതാൻ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ച, നഗരത്തിലെ അപൂർവ്വം വ്യക്തികളിൽ ഒരാൾകൂടി അങ്ങനെ ജീവിതത്തിൽനിന്ന് പടിയിറങ്ങിയിരിക്കുന്നു.

  • മേഘനാഥൻ

ചന്ദ്രേട്ടന്റെ വിയോഗത്തോടെ മുംബൈ സാംസ്കാരിക രംഗത്തിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത് . നഗരത്തിൽ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആരംഭ കാലത്ത് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച മികച്ച സംഘാടകനും നടനുമായിരുന്നു വിട പറഞ്ഞ കെ ഡി ചന്ദ്രൻ. ഒരു ദശാബ്ദത്തിന്റെ മുഴുവൻ സൗരഭ്യവും പേറുന്നതാണ് സരസനും വാഗ്മിയുമായ ചന്ദ്രേട്ടന്റെ ഓർമ്മകൾ.

വൈറ്റ് ലൈൻ വാർത്തയുടെ പത്രാധിപർ ആയിരുന്ന സമയത്താണ് ചന്ദ്രേട്ടനുമായി പരിചയപ്പെടുന്നത്. ഒരു ജേഷ്ഠ സഹോദരനെ പോലെ പിന്നീട് മുടങ്ങാതെ വിളിച്ചു വിശേഷങ്ങൾ പങ്കു വയ്ക്കുമായിരുന്നു. ആംചി മുംബൈയുടെ നിരവധി പരിപാടികളിൽ സജീവമായിരുന്ന ചന്ദ്രേട്ടൻ ഒരു മാർഗ്ഗദർശി കൂടിയായിരുന്നു. അവസാനമായി കണ്ടത് മലാഡിൽ ബോംബെ കേരളീയ സമിതിയുടെ എഴുപതാം വാർഷിക ആഘോഷ വേളയിലായിരുന്നു.

  • പ്രേംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here