മുംബൈയിൽ റെംഡെസിവിർ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റിരുന്ന സംഘം പിടിയിൽ

0

കരിഞ്ചന്തയിൽ റെംഡെസിവിർ വിൽപ്പന നടത്തിയിരുന്ന രണ്ടു പേരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിർ .

പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീൽ ഒരു കുപ്പി റിംഡെസിവിർ 25,000 രൂപയ്ക്ക് വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതനുസരിച്ച് പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു. ഒരു പോലീസുകാരൻ ഉപഭോക്താവ്‌ ചമഞ്ഞു സമീപിച്ചപ്പോഴാണ് പാട്ടീൽ മരുന്ന് നൽകാൻ സമ്മതിക്കുന്നത്. തുടർന്ന് മാനേജരായ സുരേഷ് ബൈക്കർ അഞ്ച് കുപ്പികളുമായി എത്തിയതോടെ തെളിവ് സഹിതം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനിടെ, ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സിൽ നിന്നാണ് റിമെഡെസിവർ ലഭ്യമാക്കുന്നതെന്ന് ഇവർ മൊഴി നൽകി.

ഒരു കുപ്പിക്ക് 16,000 രൂപയ്ക്ക് നഴ്‌സിൽ നിന്ന് വാങ്ങുന്ന മരുന്ന് കരിഞ്ചന്തയിൽ 25,000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്. കഴിഞ്ഞ മാസം 1100 മുതൽ 1400 രൂപ വരെയാണ് റിംഡെസിവിറിന്റെ വില സംസ്ഥാനം നിശ്ചയിച്ചിരുന്നത്.

ചൊവ്വാഴ്ച അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നഴ്‌സിനെ തിരയുകയാണ്. ആശുപത്രിയിൽ നിന്ന് റെംഡെസിവിർ കുപ്പികൾ മോഷ്ടിച്ച് ഉയർന്ന നിരക്കിൽ പുറത്ത് വിൽക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായ ഇരുവരും മൊഴി നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here