ബോംബെ കേരളീയ സമാജം മാൻഖുർദ്ദ് , ചെമ്പുർ, ആർ. സി. എഫ്, സയൺ, മാട്ടുംഗ , ആർ. എ. കിഡ്വായി മാർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന നൂറുകണക്കിന് പോലീസുകാർക്ക് ഭക്ഷണ പൊതികൾ, പഴങ്ങൾ, പായ്ക്ക് ചെയ്ത മോര്, കുടിവെള്ളം എന്നിവ വിതരണം ചെയ്‌തു.
കൊവിഡ് മഹാമാരിമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് പോലീസ് സേന. ഇവർ നിരന്തരം ജനങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് മൂലം കോവിഡ് രോഗത്തിന് നിരവധി ഉദ്യോഗസ്ഥരാണ് ഇരയായത്. ഇതിനോടകം മുംബൈ പോലീസിലെ പലർക്കും ജീവൻ നഷ്ടപ്പെട്ടു. മറ്റു പലരും ഈ മഹാവ്യാധി കാലഘട്ടത്തിൽ സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി പൊതുജന സേവനത്തിൽ വ്യാപൃതരാണ്.
നഗരത്തെ വീണ്ടെടുക്കാൻ രാപ്പകൽ അധ്വാനിക്കുന്ന ഡ്യൂട്ടി പോലീസുകാർക്ക് ഒരു ദിവസം ഭക്ഷണം നൽകണ സമാജത്തിന്റെ പൊതുവായ തീരുമാനമാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി മാട്ടുംഗ, വഡാല, സയൺ കോളിവാഡ , ചെമ്പൂർ എന്നീ സ്ഥലങ്ങളിൽ ഭക്ഷണം ലഭിക്കാതെ വഴിയോരങ്ങളിൽ കഴിയുന്നവർക്കും സമാജം ഭരണസമിതിയംഗങ്ങളുടെ മേൽനോട്ടത്തിൽ സൗജന്യ ഭക്ഷണപ്പൊതികൾ നൽകിയിരുന്നു.
സമാജം പ്രസിഡന്റ് ഡോ. സുരേഷ് കുമാർ മധുസൂദനൻ , സെക്രട്ടറി പ്രേംരാജൻ നമ്പ്യാർ, മറ്റ് സമാജം പ്രതിനിധികൾ മുഴുവൻ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിച്ചു.

നവതിയുടെ നിറവിൽ നഗരത്തിലെ നന്മ മരം
1930 ൽ സ്ഥാപിതമായ ബി.കെ.എസ് 1942 ൽ ആയുർവേദ ഡിസ്പെൻസറി ആരംഭിക്കുകയും 1955 ൽ ദാദർ, 1966 ൽ ഗോരേഗാവ്, 1970 ൽ മുളുണ്ട്, ചെമ്പുർ എന്നിവിടങ്ങളിൽ ശാഖകൾ സ്ഥാപിക്കുകയും ചെയ്തു.
ഈ ക്ലിനിക്കുകളിൽ രോഗികൾക്ക് പരിശോധന സൗജന്യമാണ്.
കേരള പാരമ്പര്യ ശൈലിയിലുള്ള ആയുർവേദ ചികിത്സ മുംബൈയിൽ സജീവമായി ചെയ്യുന്ന സമാജം, കലാ-സാംസ്കാരിക പ്രവർത്തനങ്ങളും സാഹിത്യ പരിപാടികളും നടത്തി വരുന്നു.
ഇത് കൂടാതെ വർഷം മുഴുവൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സമാജത്തിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറുന്നത്.
മാട്ടുംഗയിലുള്ള കേരള ഭവനം കെട്ടിടത്തിൽ ഒരു സൗജന്യ വായനശാലയും ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്.
സമാജം ആരംഭിച്ചിട്ട് 2020 ൽ 90 വർഷം തികഞ്ഞിരുന്നു. സമാജത്തിൻ്റെ നവതി ആഘോഷം വിപുലമായി ആഘോഷിക്കുവാൻ ഒരു വർഷം നീളുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതാണ്.
ഇതിന്റെ തുടക്കമായി 2020 ഫെബ്രുവരിയിൽ ബി. എൻ.വൈദ്യസഭാഗൃഹ ഹാൾ (കിംഗ് ജോർജ് സ്കൂൾ ആഡിറ്റോറിയം) വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ബഹുമാന്യനായ ബി മഹാരാഷ്ട്ര ഗവർണ്ണർ ശ്രീ. ഭഗത് സിംഗ് കോഷ്യാരി ഉത്‌ഘാടനം നിർവഹിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും കോവിഡ് മഹാമാരിമൂലം ഉപേക്ഷിക്കുകയായിരുന്നു.
ഒരു ജീവകാരുണ്യ സംഘടനയെന്ന നിലയിൽ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, മഹാമാരി തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ബി.കെ.എസ് പ്രവത്തനങ്ങൾ എപ്പോഴും മുൻപന്തിയിലാണ്.
2018 ൽ സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ ദുരിതാശ്വാസ സാമഗ്രികൾ നിറച്ച 14 ട്രക്കുകൾ കേരളത്തിലേക്ക് അയച്ചിരുന്നു.കൂടാതെ സമാജം അംഗങ്ങളും, മുംബൈയിലെ സ്വമനസ്കരായ വ്യക്തികളും, സംഘടനകളും നൽകിയ 56 ലക്ഷം രൂപ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു നൽകിയിരുന്നു.
കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗൺ കാലത്ത് അഞ്ഞൂറിലധികം ഭക്ഷ്യധ്യാന്യ കിറ്റുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു, ചേരി നിവാസികൾക്ക് ആയിരക്കണക്കിന് മാസ്കുകളും, സാനിറ്റൈസറും വിതരണം ചെയ്തു.
സമാജം അംഗങ്ങളിൽ നിന്നും മറ്റു സുമനസ്സകളിൽ നിന്നും ലഭിക്കുന്ന സംഭാവനയിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സൗജന്യ ഭക്ഷ്യ വിതരണത്തിന് അംഗങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ പറഞ്ഞു.
രക്ത ദാനം മഹാദാനം
രക്തക്ഷാമം രൂക്ഷമായ ഈ സമയത്ത് മുംബൈക്ക് കൈത്താങ്ങാകാനും ബോംബെ കേരളീയ സമാജം തീരുമാനിച്ചു.
അതി രൂക്ഷമായ കോവിഡ് രോഗവ്യാപനവും, രക്തദാതാക്കളുടെയും രക്തദാന കേന്ദ്രങ്ങളുടെ ദൗർലഭ്യതയും,ആരോഗ്യ പ്രവർത്തകരുടെ കുറവും പല ചികിത്സാ കേന്ദ്രങ്ങളുടെയും രക്ത ശേഖരണത്തിന് വിലങ്ങുതടിയായി.
ഇതുമൂലം പ്രതിസന്ധിയിലായത് രക്തം അത്യാവശ്യമായി വരുന്ന അപകടത്തിൽ പെടുന്നവർ, നിരവധി മാരക രോഗങ്ങൾ ബാധിച്ചു ചികിത്സയും, ശസ്ത്രക്രിയകളുമൊക്കെ വേണ്ടവരുമാണ്.
കാലത്തിന്റെ വിളിക്ക് കരുത്തേകാൻ മെയ് – 23 ഞായർ രാവിലെ 10 മുതൽ 2 മണി വരെ സമാജം നവതി ഹാളിൽ വെച്ച് റ്റാറ്റാ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ശിബിരം നടത്തുന്നു.
സഹജീവികളുടെ ജീവൻ സംരക്ഷിക്കാനുള്ള മഹത്തായ ഈ യജ്ഞത്തിൽ നിങ്ങളും പങ്കാളികളാവുക.
ബന്ധപ്പെടേണ്ട നമ്പർ:9820166328, 9594077528, 9004946857, 9821171008, 9821831303

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു