മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി

0

ചലച്ചിത്ര താരങ്ങളായ സുദേവ് നായർ, നിമിഷ സജയൻ, വീണ നന്ദകുമാർ, ദിനേശ് പ്രഭാകർ എന്നിവർക്ക് പുറകെ മുംബൈയിൽ നിന്ന് മറ്റൊരു അഭിനേതാവ് കൂടി മലയാള സിനിമയിൽ ചേക്കേറുകയാണ്. അധ്യാപകനായും സാമൂഹിക പ്രവർത്തകനായും നാടക നടനായും നഗരത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ സജീവമായ റോയ് കൊട്ടാരമാണ് മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന രണ്ടു ചിത്രങ്ങളിലാണ് റോയ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെ. ഫ്രാൻസിസ് രാജ സംവിധാനം ചെയ്യുന്ന അഴക് മച്ചാൻ, നന്ദകുമാർ സംവിധാനം ചെയ്‌തൊരുക്കുന്ന ദുരാത്മാവ് എന്നീ ചിത്രങ്ങളാണ് തീയേറ്ററുകളിലെത്താൻ തയ്യാറെടുത്തിരിക്കുന്നത്.

മകളുടെ ജീവിത യാത്രയിൽ ഉണ്ടായ ചില അപ്രതീക്ഷിത സംഭവവികാസങ്ങളുടെ തീച്ചൂളയിൽ നീറുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥയാണ് അഴക് മച്ചാനിലൂടെ പകർന്നാടുന്നത്. മാനസികവും ശാരീരികവുമായ അവശതകൾക്കിടയിലും പിടിച്ചു നിൽക്കാനുള്ള കരുത്തുമായി പ്രതിസന്ധികൾക്കെതിരെ നടത്തുന്ന പോരാട്ടം. മകൾക്കായി ജീവിതം സമർപ്പിച്ച അച്ഛനായി കഥയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണെന്ന് റോയ് പറഞ്ഞു. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാനായതും കഥാപാത്രത്തിന് കൂടുതൽ മിഴിവേകാൻ സഹായകമായെന്നും റോയ് കൂട്ടിച്ചേർത്തു.

കേരള തമിഴ് നാട് അതിർത്തിയിലെ ഒരു സാധാരണ ഗ്രാമത്തിൽ നടക്കുന്നതാണ് കഥ. മുൻ മന്ത്രിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ കഥയുടെ രചനയും സംവിധാനവും ജെ. ഫ്രാൻസിസ് രാജയാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം നൽകിയിരിക്കുന്നതും നിരവധി തമിഴ് ഹിറ്റ്‌ ചിത്രങ്ങളുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ശ്രദ്ധ നേടിയ ഫ്രാൻസിസ് തന്നെയാണ്. ജി ശ്രീജയാണ് നിർമ്മാണം.

എസ് ആർ സുസ്മിതനാണ് ഗാനരചന. തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകരണം. മലയാളത്തിലും തമിഴിലും തയ്യാറാകുന്ന ചിത്രം ജൂൺ 9ന് കേരളത്തിലെ തീയറ്റർകളിലെത്തും

നാട്ടിലെ ഏതു കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന പ്രമാണിയയാണ് റോയ് ദുരാത്മാവ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. മാന്യനാണെങ്കിലും മകൾക്കുവേണ്ടി ചില വിട്ടുവീഴ്ചകൾ നടത്തേണ്ടി വരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദിക്കുന്ന ചിത്രം. ഭക്തിയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടു വരുന്നതാണ് പ്രമേയം. ചിത്രം ജൂലൈ ആദ്യം തീയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here