മുംബൈയിൽ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി; അടിയന്തിര ഇടപെടൽ വേണമെന്ന് കോൺഗ്രസ്

0

മുംബൈയിൽ ഇരുപത്തിയൊന്നുകാരിയായ കോളജ് വിദ്യാർഥിനിയുടെ നഗ്ന മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി. ബാന്ദ്രയിലെ ഒരു പ്രമുഖ കോളജിലെ വിദ്യാർഥിനിയാണു മരിച്ചത്. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പ്രകാശ് കനോജിയയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫൂലെ ഗേൾസ് ഹോസ്റ്റലിലെ നാലാമത്തെ നിലയിലാണു പെൺകുട്ടി താമസിച്ചിരുന്നത്.

കൊലപാതകമാണോ, ആത്മഹത്യയാണോ, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കു ഇരയാക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

അതെ സമയം നഗരത്തിലെ ഹോസ്റ്റൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മുൻസിപ്പൽ കമ്മിഷണർക്കും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
ജോജോ തോമസ് കത്തയച്ചു.

മുംബെയിലെസാവിത്രിഭായ് ഫൂലെ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്നും നഗരത്തിലുടനീളമുള്ള രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്ക പ്പെടുത്തിയിട്ടുണ്ടന്നും ജോജോ ചൂണ്ടിക്കാട്ടി. ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അന്യ സംസ്ഥാനക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും ആശങ്ക അകറ്റുവാനുള്ള ഉചിതമായ നടപടി സ്വീകരിക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.

ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പതിവ് പരിശോധനകളും കൗൺസിലിംഗ് സഹായവും ജീവനക്കാർക്ക് പരിശീലനവും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിനോട് തുടർ നടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജോജോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here