മലയാളി വ്യവസായിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

0

തലശ്ശേരി സ്വദേശിയായ 82 വയസ്സുകാരനായ മലയാളി വ്യവസായി ടി എ രണേന്ദ്രനാഥ് ബദലാപൂർ ഈസ്റ്റിലെ ത്രിമൂർത്തി സൊസൈറ്റിയിൽ ആയിരുന്നു താമസിച്ചിരുന്നത്. 12 വർഷങ്ങൾക്ക് മുമ്പ് ഭാര്യ മൃദുല മരണപ്പെട്ടിരുന്നു. ജന്മനാ അസുഖമുണ്ടായിരുന്ന മകനും കുറച്ചു ദിവസങ്ങൾക്കു ശേഷം മരണപ്പെട്ടു. ഇതോടെ ഏകാന്ത വാസത്തിലായിരുന്ന രണേന്ദ്രനാഥിന് നഗരത്തിലുണ്ടായിരുന്ന ഏക ബന്ധം രണ്ടു സഹോദരിമാരായിരുന്നു. സഹോദരിമാരായ ശോഭയും സുലഭയും കുടുംബ സമേതം തലോജയിലാണ് താമസം. ശോഭ റിയാൻ ഇന്റർനാഷണൽ സ്കൂൾ അധ്യാപികയും സുലഭ വീട്ടമ്മയുമാണ്. ഇവരെല്ലാം സഹോദരന്റെ വീട്ടിലെ നിത്യ സന്ദർശകരുമായിരുന്നു. എന്നാൽ കോവിഡ് മഹാമാരി പതിവിനെയെല്ലാം തകിടം മറിച്ചത്തോടെ ബന്ധങ്ങൾ ഫോൺ വിളികളിൽ മാത്രമായി ഒതുങ്ങി. സന്ദർശനങ്ങളെല്ലാം വല്ലപ്പോഴുമായി.

മെയ് 12ന് ശേഷം ഫോണിൽ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായെന്ന് ഇവർ പറയുന്നു. പല വട്ടം ഫോൺ വിളിച്ചിട്ടും മറുപടി കാണാതായതിനെ തുടർന്നാണ് കാരണം അന്വേഷിക്കാൻ തുടങ്ങിയത്. ബദലാപൂർ സമാജം സെക്രട്ടറി സുരേഷ് കുമാറും, സമാജം കമ്മിറ്റി മെമ്പർ ശ്രീകുമാർ മേനോൻ, ബന്ധുവായ ജയരാജ് എന്നിവരുടെ സഹായത്തോടെയാണ് അന്വേഷിച്ചത്. അങ്ങിനെയാണ് ബദലാപ്പൂരിലെ ആശിർവാദ് ആശുപത്രിയിൽ കോവിഡ് രോഗം പിടിപ്പെട്ട് രണേന്ദ്രനാഥ് ചികിത്സയിൽ ആണെന്ന വിവരം അറിയാൻ കഴിഞ്ഞത്.

ഉടനെ തന്നെ സഹോദരിമാരായ ശോഭയും സുലഭയും ആശുപത്രിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രണേന്ദ്രനാഥിന്റെ മൊബൈലിൽ നിന്നും നിഖിത പട്ടേൽ എന്നൊരു സ്ത്രീയുടെ ഫോൺ വന്നത്. ആശുപത്രി ചെലവിനായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഫോൺ വിളിച്ചതെന്നും സഹോദരിമാർ പറഞ്ഞു. രണേന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് താനാണെന്നും നിഖിത ഇവരോട് പറഞ്ഞു. തങ്ങൾ അദ്ദേഹത്തിന്റെ സഹോദരിമാരാണെന്നും ആശുപത്രിയിലേക്ക് വരികയാണെന്നും അവിടെ വെച്ച് സംസാരിക്കാമെന്നും പറഞ്ഞായിരുന്നു ഫോൺ വച്ചത്. എന്നാൽ ആശിർവാദ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും രണേന്ദ്രനാഥിന്റെ ഡിസ്ചാർജ് വാങ്ങി മലാഡിലെ വിവാന്ത മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ വിവരമാണ് അറിയാൻ കഴിഞ്ഞത്.

ഉടനെ തന്നെ മലാഡിലേക്ക് പുറപ്പെട്ടു. പ്രദേശത്തെ സാമൂഹിക പ്രവർത്തകയായ അഡ്വ പത്മ ദിവാകരന്റെ സഹായവും തേടി. എന്നാൽ മലാഡിലെ ആശുപത്രിയിൽ എത്തിയപ്പോൾ രോഗിയെ കാണുവാൻ ബന്ധുക്കളെ അനുവദിച്ചില്ല. അഡ്വ പത്മാ ദിവാകരൻ ഇടപെട്ടെങ്കിലും ആശുപത്രി ജീവനക്കാർ നിലപാട് മാറ്റിയില്ലെന്ന് മാത്രമല്ല പോലീസ് സഹായം തേടി ബന്ധുക്കളെ വീട്ടിലേക്ക് മടക്കി അയക്കുകയാണ് ചെയ്തത്.

രാത്രി 11 മണിക്ക് ഒന്നും ചെയ്യാനാകാതെ നിസ്സഹായാവസ്ഥയിൽ സഹോദരികളും മക്കളും തലോജയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തി ഏകദേശം രണ്ടു മണിയോടെ രണേന്ദ്രനാഥ്‌ മരിച്ചു എന്ന വിവരമാണ് മലാഡ് ആശുപത്രിയിൽ നിന്നും ലഭിച്ചത്.

കോവിഡിന്റെ മറവിൽ മറ്റൊരു ചൂഷണമായാണ് ബന്ധുക്കൾ സംഭവത്തെ കാണുന്നത്

അവസാനമായി ഒരു നോക്ക് കാണുവാൻ രാവിലെ ആശുപത്രിയിലേക്ക് പോകുവാൻ തുടങ്ങുമ്പോഴാണ് മൃതദേഹം വെളുപ്പിന് നാലു മണിയോടു കൂടി മലാഡ് പോലീസും നിഖിത പാട്ടേൽ എന്ന സ്ത്രീയും മലാഡിലുള്ള ശ്മശാനത്തിൽ തന്നെ ദഹിപ്പിച്ച വിവരം അറിയുന്നത്. സഹോദരിമാരായ തങ്ങളെ അറിയിക്കുക പോലും ചെയ്യാതെ കൈകൊണ്ട നടപടിയിൽ പരാതി ബോധിപ്പിക്കാൻ ബദ്‌ലാപ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ല. മറിച്ച് മലാഡിലെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ബന്ധുക്കളോടാവശ്യപ്പെടുകയായിരുന്നു.

മലാഡ് പോലീസ് സ്റ്റേഷനും പരാതി സ്വീകരിക്കാൻ തയ്യാറായില്ല. മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് പോലും തരുവാൻ അധികൃതർ വിമുഖത പ്രകടിപ്പിക്കുകയാണെന്നാണ് സാമൂഹിക പ്രവർത്തകനായ എബ്രഹാം തോമസ് പറയുന്നത്. ഇത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും എബ്രഹാം പറഞ്ഞു.

ബന്ധുക്കളെ അവഗണിച്ചു തിടുക്കത്തിൽ മൃതദേഹം സംസ്കരിക്കാൻ ആശുപത്രി അധികൃതർക്കും നിഖിത എന്ന സ്ത്രീക്കും ആരാണ് അനുവാദം കൊടുത്തതെന്നാണ് സഹോദരിമാരും ചോദിക്കുന്നത്. കോവിഡിന്റെ മറവിൽ നഗരത്തിൽ നടക്കുന്ന മറ്റൊരു ചൂഷണമായാണ് ഇതിനെ കാണുന്നതെന്നും ഇവർ പറയുന്നു.

വ്യവസായി രണേന്ദ്രനാഥിന്റെ എ ടി എം കാർഡ്, ആധാർ കാർഡ് തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം കാണാതായിട്ടുണ്ട്. അസുഖവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇത് വരെ കൈമാറിയിട്ടില്ലെന്നും സഹോദരിമാർ പറഞ്ഞു. ആശിർവാദ് ആശുപത്രിയിൽ നിന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നുവെന്നും മരിച്ചയാളുടെ സ്ഥിതി ഗുരുതരമല്ലായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്നാണ് ബദ്‌ലാപ്പൂരിലുള്ള സാമൂഹിക പ്രവർത്തകർ പറയുന്നത്.

നിഖിത പട്ടേൽ എന്ന സ്ത്രീയുടെ പങ്ക് എന്താണെന്ന് അന്വേഷിക്കേണ്ടതാണെന്നും പണം ആവശ്യപ്പെട്ട ഇവർ എന്തു കൊണ്ടാണ് ബന്ധുക്കൾക്കു മുന്നിൽ വരാതിരിക്കുന്നതെന്നുമാണ് സാമൂഹിക പ്രവർത്തകയും മരിച്ച വ്യക്തിയുടെ ബന്ധുവുമായ ഗിരിജ ഉദയൻ ചോദിക്കുന്നത്.

മലയാളികൾക്ക് നഗരത്തിൽ ഉണ്ടാകുന്ന ദുരനുഭവങ്ങളോട് പലപ്പോഴും മലയാളി സമൂഹം പുലർത്തുന്ന നിസ്സംഗതയാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here