മലയാളഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ പതിനൊന്നാം മലയാളോത്സവത്തിന്റെ സമാപന സമ്മേളനവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കൃതികളുടെ നൂറാം വാർഷിക അനുസ്മരണവും നടന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എട്ട് മണിക്ക് ടിമാ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മേഖല പ്രസിഡൻറ് മോഹൻകുമാർ കെ എസ് അധ്യക്ഷതവഹിച്ചു. മുംബൈയിലെ പ്രശസ്ത ഗായകനും കവിയുമായ മധു നമ്പ്യാർ യോഗം ഉത്ഘാടനം ചെയ്തു. താരാപ്പൂർ മലയാളി സമാജം സെക്രട്ടറി ശ്രീനിവാസൻ ടി ആർ, MBPS വൈസ് പ്രസിഡൻറ് ദീപാ ബിബീഷ്, പാൽഘർ കൈരളി സമാജം പ്രസിഡൻറ് ബിബീഷ് നായർ, MBPS കേന്ദ്രകമ്മിറ്റി അംഗമായ ശശി വിശ്വനാഥൻ, കവിയും എഴുത്തുകാരനുമായ മുരളീധരൻ വലിയവീട്ടിൽ എന്നിവർ വേദി പങ്കിട്ടു.
ആശാൻ്റെ കവിതകളെയും ജീവിതത്തെയും ശ്രീനാരായണ ഗുരുദേവൻ സ്വാധീനിച്ചിരുന്നതായി മുരളീധരൻ വലിയവീട്ടിൽ ആമുഖ പ്രസംഗത്തിൽ പരാമർശിച്ചു . ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കവിതകളുടെ ഉള്ളടക്കത്തെ പറ്റിയും ചിന്താവിഷ്ടയായ സീതയുടെ പ്രസക്തിയും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും വലിയവീട്ടിൽ ചൂണ്ടിക്കാട്ടി.
മേഖല ജോയിൻറ് സെക്രട്ടറി മായാ സുനിൽ അതിഥികളെ സ്വാഗതം ചെയ്തു.
കേരളത്തിൽ ആദ്യകാലത്ത് നിലനിന്നിരുന്ന ജാതീയ വ്യവസ്ഥയോട് പ്രതികരിച്ചാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മോഹൻകുമാർ കെ എസ് അനുസ്മരിച്ചു. മാറുമറച്ച് ചമയ വിളക്ക് എടുത്തതിന്റെ പേരിൽ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന ദേവകി നമ്പീശൻ നിര്യാതയായ ദിവസം തന്നെ ഈ അനുസ്മരണം സംഘടിപ്പിച്ചത് യാദൃശ്ചികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യാതിഥി മധു നമ്പ്യാർ ആശാൻ കവിതകൾ ആലപിച്ചു. മലയാളഭാഷയ്ക്ക് ആശാൻ നൽകിയ സംഭാവനകൾ മധുവിന്റെ സ്വരമാധുര്യത്തിൽ ഓരോ കവിതകളിലൂടെയും അവതരിപ്പിച്ചു മാതൃഭാഷയുടെ ഔന്നിത്യത്തെ വള്ളത്തോളിന്റെ വരികളിലൂടെ കോറിയിടാനും മധു മറന്നില്ല.
മധു നമ്പ്യാരെ മലയാള സമാജം സെക്രട്ടറി ശ്രീനിവാസൻ ടി ആർ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. മലയാളി സമാജം സെക്രട്ടറി ശ്രീനിവാസൻ ടി ആർ ആശംസ പ്രസംഗം നടത്തി. സാമൂഹ്യ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയുള്ള മലയാളികളുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ശ്രീനിവാസൻ പ്രഖ്യാപിച്ചു
ദീപാ ബിബീഷ് നായർ ആലപിച്ച ചണ്ഡാലഭിക്ഷുകിയിലെ വരികൾ ഹൃദ്യമായി. മലയാളം മിഷൻ കുട്ടികളായ ദേവി ക എസ് നായർ, ആദിദേവ്, അനഘ എസ് നായർ, അമൃത മുരളീധരൻ എന്നിവർ ആശാൻ കവിതകൾ ആലപിച്ച് കൈയ്യടി നേടി. മലയാളോത്സവത്തിൽ പങ്കെടുത്തവർക്ക് ട്രോഫികൾ വിതരണം ചെയ്തു. കേന്ദ്ര തല മത്സരത്തിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും എംബിബിഎസ് ഭാരവാഹികൾ കൈമാറി.
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ
- സീഗൾ ഇന്റർനാഷണലിന് ഇൻഡോ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ്