നൂതനാനുഭവമായി അക്ഷരസന്ധ്യയിലെ ലങ്കാലക്ഷ്മി

0

ന്യൂ ബോംബെ കേരളീയ സമാജത്തിൻറെ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ ജൂൺ മാസം 25)o തീയതി അവതരിപ്പിച്ച സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന ഇതിഹാസ നാടകത്തിൻറെ വായനാവതരണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി.

സാധാരണക്കാർക്ക് അധികം സുപരിചിതമല്ലാത്ത ഒരു കലാരൂപമാണ് നാടക വായനയുടെ അവതരണം. നാടക സാഹിത്യത്തിനും വായനയ്ക്കും നാടകാവതരണത്തിനും ഇടയിലൂടുള്ള ശബ്ദക്രമീകരണത്തിലൂന്നിയ വായനയും അംഗവിക്ഷേപങ്ങളും സംഗീതവും സൗണ്ട് എഫക്ട്സും അഭിനയ ശകലങ്ങളും കലർത്തിയുള്ള അവതരണം മുംബൈ നാടക രംഗത്ത് പുതിയ ചില തലങ്ങൾ സൃഷ്ടിക്കുന്ന നാടകാനുഭവമായി.

സീതാപഹരണ ശേഷം ലങ്കാധിപൻ്റെ പതനം വരെ നീളുന്ന നാടകത്തിൻ്റെ പതിവ് സാധാരണ നാടക ശൈലികളിൽ നിന്നും വേറിട്ട രീതിയിൽ ലങ്കാലക്ഷമി അവതരിപ്പിക്കപ്പെട്ടത് മുംബൈ നാടകവേദിയിൽ നിരവധി വര്ഷങ്ങളായി പ്രവർത്തിക്കുന്ന മുതിർന്ന നാടകപ്രവർത്തകരായ സുരേന്ദ്രബാബു, പ്രേംകുമാർ, വിനയൻ കളത്തൂർ, വിനയൻ കെ. പി. രാമകൃഷ്ണൻ എം.വി, പി ആർ സഞ്ജയ്, തുടങ്ങിയവരെ കൂടാതെ ശ്യാംലാൽ മണിയറ, ഗിരീഷ് എം, മനോജ് വാരിയർ, ഷൈനി പ്രേംലാൽ, ശീതൾ ബാലകൃഷ്ണൻ, ശ്രീരാജ് വാര്യർ, അനിൽപ്രകാശ് തുടങ്ങിയവരുടെ നാടകാഭിമുഖ്യത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിരുന്നു.

ലളിതമായ രീതിയിൽ സൗണ്ട് ഇഫെക്റ്റും സംഗീതവും ചലനവും അംഗവിക്ഷേപങ്ങളും പശ്ചാത്തലമാക്കിയുള്ള തികച്ചും വേറിട്ട അവതരണം നാടകസ്നേഹികൾക്ക് പുതിയൊരു നാടകാനുഭവമായി. ഏതു ചെറിയ സദസ്സിലും വളരെ ലളിതമായി ചെലവുകുറഞ്ഞ രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കുന്ന ഈ നാടകത്തിന്റെ അവതരണം പ്രേക്ഷകർ ഒന്നടങ്കം മുക്തകണ്ഠം പ്രശംസിച്ചു. ലങ്കാലക്ഷ്മി നാടക വായനാവതരണത്തിന് നിരവധി സംഘടനകൾ ലങ്കാലക്ഷ്മി നാടക പ്രവർത്തകരെ സമീപിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ നാടക രൂപത്തിന്റെ സ്വീകാര്യതയെ വിളിച്ചോതുന്നു.

നാടക അവതരണ ശേഷം നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എംജി അരുൺ, മനോജ് മുണ്ടയാട്ട്, രുഗ്‌മിണി സാഗർ, കെ.ടി. നായർ, കെ. എ. കുറുപ്പ്, കെ കെ മോഹൻദാസ്, പി ഡി ബാബു, പ്രകാശ് കാട്ടാക്കട, ലീലാമ്മ സുശീൽകുമാർ, പി.ആർ. സഞ്ജയ്, അഡ്വ. രാജ് കുമാര്‍, തങ്കം മാധവൻ തുടങ്ങിയവർ സംസാരിച്ചു. ചർച്ചകൾക്ക് മറുപടി പറഞ്ഞുകൊണ്ട് നാടകാവതരണത്തിന്റെ സംവിധായകനായ ശ്രീ സുരേന്ദ്ര ബാബു സി എൻ ശ്രീകണ്ഠൻ നായരുടെ നാടക ജീവിതത്തെപ്പറ്റിയും അദ്ദേഹത്തിൻറെ നാടകങ്ങളുടെ സമകാലീന ജീവിതത്തിലെ പ്രസക്തിയെ പറ്റിയും വിശദമായി സംസാരിച്ചു. ന്യൂ ബോംബെ കേരളീയ സമാജത്തിനു വേണ്ടി അനിൽപ്രകാശ് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here