മഹാമാരിയിൽ വലഞ്ഞ ഇരുനൂറോളം കുട്ടികൾക്ക് ഫീസ് കണ്ടെത്തിയാണ് മുംബൈയിലെ ഒരു സ്വകാര്യ അൺഎയ്ഡഡ് സ്കൂളിന്റെ പ്രിൻസിപ്പൽ ഷേർളി ഉദയകുമാർ മാതൃകയായത്.
മൂന്നര പതിറ്റാണ്ടായി അദ്ധ്യാപന മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ഷേർളി കഴിഞ്ഞ 4 വർഷമായി പവായ് ഇംഗ്ലീഷ് സ്കൂളിലെ പ്രിൻസിപ്പലാണ്. മലയാളി മാനേജ്‌മന്റ് സ്കൂളിൽ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരുമായ ആയിരത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ ഏറെ ദുരിതത്തിലായവരിൽ വലിയൊരു വിഭാഗമാണ് സാധാരണക്കാരായ വിദ്യാർഥികൾ. വിദ്യാഭ്യാസം ഓൺലൈനിലേക്ക് ചുവട് മാറിയതും പലർക്കും വിനയായി. സാങ്കേതിക സംവിധാനങ്ങൾ ഇല്ലാതെയും ഫീസിനുള്ള തുക കണ്ടെത്താനാകാതെയും നിരവധി കുട്ടികൾക്ക് ഗതികേട് കൊണ്ട് പഠിപ്പ് നിർത്തേണ്ടി വന്നു.
ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള സ്‌കൂളിൽ നിരാലംബരായ നിരവധി നിരവധി കുട്ടികളാണ് പഠിക്കുന്നത് .പല വിദ്യാർത്ഥികളുടെ മാതാപിതാക്കളും ദിവസക്കൂലിക്കാരാണ്. ലോക്ക് ഡൌൺ പ്രാബല്യത്തിൽ വന്നതോടെ പലരുടെയും ജീവിത സാഹചര്യങ്ങൾ തകിടം മറിഞ്ഞു. സ്‌കൂൾ മാനേജ്‌മെന്റ് നിരവധി വിദ്യാർത്ഥികൾക്കുള്ള ഫീസിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മൂന്ന് നേരത്തെ ഭക്ഷണത്തിനായുള്ള പരക്കം പാച്ചിലിൽ കുട്ടികളുടെ വിദ്യാഭ്യാസം പലരുടെയും പരിഗണനയിൽ നിന്നെല്ലാം മാറി നിന്നു .
സ്കൂൾ ആരംഭിക്കുമ്പോൾ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. ഫീസ് അടക്കാത്തവരുടെ ലിസ്റ്റ് വന്നതോടെ വീണ്ടും കുട്ടികൾ കുറഞ്ഞു. കൂടുതലും പെൺകുട്ടികളാണ് പഠിപ്പ് നിർത്തിയതായി കണ്ടെത്തിയത് . ഇതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് പലർക്കും ഇന്റർനെറ്റ് സൗകര്യമില്ലെന്നും പല കുട്ടികളുടെ മാതാപിതാക്കൾക്കും ജോലി നഷ്‌ടപ്പെട്ടുവെന്നും മനസ്സിലാക്കിയതെന്ന് പ്രിൻസിപ്പൽ ഷേർളി ഉദയകുമാർ പറയുന്നു. ക്ലാസുകളിൽ പങ്കെടുത്താൽ ഫീസിനെക്കുറിച്ച് ചോദിക്കുമെന്ന ചിന്തയിലാണ് പലരും പഠനം തന്നെ വേണ്ടെന്ന് വച്ചത്. തന്റെ സ്കൂളിലെ ഇരുനൂറിലധികം കുട്ടികളുടെ ഭാവി അനശ്ചിതത്തിലായത് ഷേർളിയെ വല്ലാതെ ആശങ്കയിലാക്കി.
അങ്ങിനെയാണ് പഠനം നിർത്തിയ കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കണ്ട് കാരണങ്ങൾ അന്വേഷിക്കുന്നത്. അവർക്ക് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് മനസ്സിലായതോടെ പൈസ ഇല്ലാത്തത് കൊണ്ട് തന്റെ സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് മനസ്സിലുറപ്പിക്കുകയായിരുന്നു. പിന്നെ ഉറക്കമില്ലാത്ത രാത്രികളിൽ നിർധനരായ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നൽകുവാനുള്ള വഴികൾ തേടുകയായിരുന്നു മലയാളിയായ ഷേർളി ഉദയകുമാർ.
വിദ്യാർത്ഥികളുടെ അവസ്ഥ വിശദീകരിച്ചു സമൂഹ മാധ്യമങ്ങളിലും പ്രാദേശിക പത്രങ്ങളിലും അഭ്യർത്ഥന നടത്തി. കമ്മ്യൂണിറ്റി ജേർണലായ പ്ലാനറ്റ് പവായ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്കെത്താൻ സ്കൂളിനെ സഹായിച്ചു. തുടർന്ന് നഗരത്തിലെ ബിസിനസ്സ് രംഗത്തുള്ളവരിലേക്കും കോർപ്പറേറ്റുകളിലേക്കും എൻജിഒകളിലേക്കും എത്തി ചേരുകയായിരുന്നു.

രഹെജ വിസ്ത എന്ന സീനിയർ സിറ്റിസൺ ഗ്രൂപ്പും ഉദ്യമത്തിന് ചുക്കാൻ പിടിച്ചതോടെ സംഭാവനകൾ ഒഴുകിയെത്താൻ തുടങ്ങി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനകീയ മാതൃകയിൽ വീടുകളിൽ നിന്നും പഴയ പത്രങ്ങളും മാസികകളും ശേഖരിച്ച് വരെ വിറ്റു കിട്ടുന്ന പണം സ്വരൂപിച്ചു ആവശ്യക്കാരായ കുട്ടികളുടെ ഫീസിനായി നീക്കി വച്ചു അതൊരു വലിയ തുടക്കമായി. അഞ്ച് മാസ കാലയളവിൽ 40 ലക്ഷം രൂപയോളമാണ് സ്കൂൾ സമാഹരിച്ചത്. 200 വിദ്യാർത്ഥികളുടെ വാർഷിക ഫീസ് അടക്കാൻ ഈ തുക സഹായകമായെന്ന് ഷേർളി ഉദയകുമാർ പ്രത്യാശ പങ്കു വച്ചു.
കുട്ടികളുടെ ഒരു വർഷം സംരക്ഷിക്കാനായതിലുള്ള സന്തോഷത്തിലാണ് രക്ഷകർത്താക്കളും. ഇത്തരമൊരു സംരംഭത്തിന് മുൻകൈ എടുത്ത സ്കൂൾ പ്രിൻസിപ്പലിനോട് വളരെ നന്ദിയുണ്ടെന്ന് രക്ഷിതാക്കളുടെ അസോസിയേഷനും പറയുന്നു.
- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
- മഹാരാഷ്ട്രയിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത് ‘കേരള സ്റ്റോറി’
- ഇന്സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
- തുടർച്ചയായ 19 -ാം വർഷവും നൂറു മേനി വിജയവുമായി ഹോളി ഏഞ്ചൽസ്
- കല്യാൺ രൂപത പിതൃവേദിക്ക് പുതിയ ഭാരവാഹികൾ