ബാർജ് ദുരന്തത്തിൽ 8 മലയാളികൾ അടക്കം മരണസംഖ്യ 86 ആയി

0

ബാർജ് ദുരന്തത്തിൽ പെട്ട മലയാളികളിൽ അടൂർ പഴക്കുളം സ്വദേശി വിവേക് സുരേന്ദ്രനെ മാത്രമാണ് കണ്ടെത്താനുണ്ടായിരുന്നത് കാണാതായവരുടെ പട്ടികയിൽ ഉണ്ടായിരുന്ന പത്തനംതിട്ടയിൽ നിന്നുള്ള പ്രലീജ് സഖറിയ വീട്ടിൽ തിരിച്ചെത്തി. മുംബൈ ജെ ജെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായതിനാൽ ഡി എൻ എ പരിശോധനയിലാണ് വിവേകിന്റെ മരണം സ്ഥിരീകരിച്ചത്. വിവേകിന്റെ സഹോദരൻ വിശാൽ മുംബൈയിലെത്തി സാമ്പിൾ പരിശോധിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

അർജുൻ (38, തൃശ്ശൂർ), ആന്റണി എഡ്വിൻ (27, കൊല്ലം), സുമേഷ് (31), ജോമിഷ് ജോസഫ് (35, വയനാട്), സുരേഷ് കൃഷ്ണൻ (പാലക്കാട്), സസിൻ ഇസ്മായിൽ (29, കോട്ടയം) എന്നിവരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ട മറ്റ് മലയാളികൾ . മരണപ്പെട്ട നവി മുംബൈ നിവാസി  സുരേഷ് കൃഷ്ണയുടെ ( 42)  മൃതദേഹം  കലംബൊലിയിൽ സംസ്ക്കരിച്ചു.

ടൗട്ടെ  ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജ് പി 305 ൽ മരിച്ചവരുടെ എണ്ണം 86 ആയി ഉയർന്നു. ബാർജിലും, ടഗ് ബോട്ടിലുമായി (പി -305 ൽ നിന്ന് 261, ടഗ്‌ബോട്ടിൽ നിന്ന് 13) 274 പേരാണ് ഉണ്ടായിരുന്നത്. 24 മലയാളികൾ അടക്കം  188 പേരാണ് രക്ഷപ്പെട്ടത്. കാണാതായ എല്ലാ ക്രൂ അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി നാവികസേനാ അറിയിച്ചു. കണ്ടെടുത്ത എല്ലാ മൃതദേഹങ്ങളും തിരിച്ചറിയുന്നതുവരെ അന്തിമ സ്ഥിരീകരണം ശേഷിക്കുമെന്നും ചീഫ് നേവൽ വക്താവ് കമാൻഡർ മെഹുൽ കാർണിക് പറഞ്ഞു.തിരിച്ചറിയാൻ കഴിയാത്ത 33 മൃതദേഹങ്ങളാണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.

ബാർജിൽ നിന്നും  കാണാതായ 16 പേർക്കായിരുന്നു ഏഴാം ദിവസവും തിരച്ചിൽ നടന്നിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ നിന്ന് കണ്ടെടുത്തതോടെ തിരച്ചിൽ നിർത്തി വയ്ക്കും. നേവിയിലെ മുങ്ങൽ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം  പി 305 ന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here