ജനമനസ്സുകളിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനം കോൺഗ്രസ് പോലും മനസിലാക്കുന്നത് വിയോഗത്തിന് ശേഷമെന്ന് മാത്യു കുഴൽനാടൻ

0

ഒരു പുരുഷായുസ്സ് മുഴുവൻ ജനങ്ങളെ സ്നേഹിച്ചതിന്റെ ബാക്കി പത്രമാണ് ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം കാണാനായതെന്നും ജനമനസ്സുകളിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനം കോൺഗ്രസ് പാർട്ടി പോലും മനസിലാക്കുന്നത് അദ്ദേഹം വിട പറഞ്ഞതിന് ശേഷമാണെന്നും കേരള നിയമസഭാ സാമാജികൻ അഡ്വ. മാത്യു കുഴൽനാടൻ പറഞ്ഞു.

നവി മുംബൈയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് ലയൺ കുമാരൻ നായർ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്, നവിമുംബൈ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. കുമാർ, നോർത്ത് ഈസ്റ്റ് ഡി സി സി പ്രസിഡന്റ് എബ്രഹാം റോയ്, കല്യാൺ ജില്ലാ കോൺഗ്രസ് പ്രവർത്തകരായ ബിജു രാജൻ, ആന്റണി ഫിലിപ്പ് , ജോയ് നെല്ലൻ, മാത്യു ആന്റണി (ബാന്ദ്ര ) കൂടാതെ കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ, ഡോംബിവ്‌ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ, ബി ജെ പി റായ്‌ഗഡ് ജില്ല സെക്രട്ടറി രമേശ് കലമ്പൊലി, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ രുഗ്മിണി സാഗർ, മനോജ് കുമാർ തുടങ്ങിയവർ ജനപ്രിയ നേതാവിനെ അനുസ്മരിച്ചു.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും പിന്നിട്ട വഴികളും എസ്. കുമാർ പങ്ക് വച്ചു.

ഉമ്മൻ ചാണ്ടി മുംബൈയിൽ അവസാനമായി പങ്കെടുത്ത പൊതു പരിപാടിയിലെ അനുഭവങ്ങൾ എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് പങ്ക് വച്ചു. കോവിഡ് കാലത്ത് മൂവായിരത്തിലധികം പേർക്കാണ് കൈത്താങ്ങാകാൻ കഴിഞ്ഞതെന്നും ഇതിനായി ഉമ്മൻ‌ചാണ്ടി നൽകിയ സഹായങ്ങൾ വിസ്മരിക്കാനാവില്ലെന്നും ജോജോ പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രവർത്തകനും സാമൂഹിക പ്രവർത്തകനും എങ്ങിനെയായിരിക്കണമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയെന്ന് കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമൊത്തുള്ള ഊഷ്മളമായ അനുഭവങ്ങൾ പങ്ക് വച്ചാണ് ഖാർഘർ കേരള സമാജം സെക്രട്ടറി വത്സൻ മൂർക്കോത്ത് അനുസ്മരിച്ചത്

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻ ചാണ്ടി തുടങ്ങി വച്ച ജനസമ്പർക്ക പരിപാടികളും ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്ന പ്രവർത്തന ശൈലി ആർക്കും അനുകരിക്കാൻ പോലും കഴിയാത്തതാണെന്ന് രമേശ് കലമ്പൊലി പറഞ്ഞു.

കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര ഘടകം സെക്രട്ടറി കെ ടി നായർ, ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റർ എം ജി അരുൺ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here