മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ

0

രജനികാന്ത് നായകനായെത്തിയ ജയിലർ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണവുമായി ആരാധകർ ആഘോഷമാക്കുമ്പോൾ മുംബൈയിലും ചിത്രം തരംഗമാവുകയാണ്. രജനിയെ കൂടാതെ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാലും ജാക്കി ഷ്‌റോഫും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്ന അഭിപ്രായങ്ങളാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പങ്ക് വയ്ക്കുന്നത്.

മൂന്ന് വർഷത്തിന് ശേഷമുള്ള സൂപ്പർസ്റ്റാറിന്റെ ​തകർപ്പൻ തിരിച്ചുവരവിനാണ് ജയിലർ നിമിത്തമായിരിക്കുന്നത്.

കോവിഡിന് ശേഷം വിജയിച്ച ചിത്രങ്ങളുടെ കണക്കെടുക്കുമ്പോൾ സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ സ്വീകാര്യത ബോളിവുഡ് താരങ്ങളെയും അണിയറ പ്രവർത്തകരെയും വിസ്മയിപ്പിച്ചിരിക്കയാണ്. ബോളിവുഡ് ബിഗ് ബജറ്റ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നിരന്തരം തകർന്നടിയുമ്പോഴാണ് ബാഹുബലിയും, പുഷ്പയും ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങൾക്ക് പുറകെ ജയിലറും മികച്ച പ്രതികരണവുമായി മുംബൈയിലെ തീയേറ്ററുകളും ഇളക്കി മറിക്കുന്നത് . ഷാരൂഖ് ഖാൻ അടക്കമുള്ള സൂപ്പർ താരങ്ങളാണ് ചിത്രം കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

രജനികാന്തിന്റെ മാത്രമല്ല, സംവിധായകൻ നെൽസന്റെയും തിരിച്ചുവരവായി ചിത്രത്തെ കണക്കാക്കാം. വിജയ് നായകനായ ബീസ്റ്റിന് വന്ന നെ​ഗറ്റീവ് പ്രതികരണങ്ങൾ ഏറെ ബാധിച്ച സംവിധായകനാണ് നെൽസൺ. തന്റെ സിനിമ കരിയർതന്നെ ഭീഷണിയിലായിരുന്ന നെൽസൺ വളരെ കരുതലോടെയാണ് ജയിലറിനെ സമീപിച്ചിരിക്കുന്നത്. മലയാളികൾക്കിടയിൽ രജനി ചിത്രത്തിന് ധാരാളം ആരാധകരുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ സാന്നിധ്യം ചിത്രത്തിന് ആഗോള തലത്തിൽ ഗുണം ചെയ്തിട്ടുണ്ട്. ട്രെയിലറിൽ പോലും ഉൾപ്പെടുത്താതെ സസ്പെൻസ് നിറച്ചാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് അമിതമായ പ്രതീക്ഷയോ തള്ളലുകളോ ഇല്ലാതെ ചിത്രത്തിൽ മോഹൻലാലിൻറെ സാന്നിധ്യം ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

അനിരുദ്ധിന്റെ സം​ഗീതത്തിൽ പുറത്തിറങ്ങിയ പാട്ടുകളും വെെറലായിരുന്നു. കാവാല എന്ന ഗാനത്തിന് തമന്നയാണ് ചുവടുകൾ വച്ചിരിക്കുന്നത്. യൂട്യൂബിൽ ഇതിനകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. ചിത്രത്തിൽ വിനായകനാണ് വില്ലനായെത്തുന്നത്. മമ്മൂട്ടിക്കായി കരുതി വച്ചിരുന്ന റോൾ പിന്നീട് വിനായകനിലേക്ക് എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here